പ്രായം വെറും സംഖ്യമാത്രമാണെന്ന് പറയുന്നത് ചിലരെ സംബന്ധിച്ചിടത്തോളം അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. ബിഗ് സ്‌ക്രീനില്‍ അതിനു ഉദാഹരണം മെഗാസ്റ്റാര്‍ മമ്മൂട്ടിയാണെങ്കില്‍ മിനിസ്‌ക്രീനില്‍ അതിന്റെ സാക്ഷ്യം നടന്‍ കൃഷ്ണകുമാറാണ്. ഇന്ന് 51 വയസ് തികയുന്ന കൃഷ്ണ കുമാറിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് മകള്‍ അഹാന കൃഷ്ണകുമാര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രം കണ്ടിട്ട് താഴെ വന്ന കമന്റുകളും പറയുന്നത് ഇത് തന്നെയാണ്. മിനിസ്‌ക്രീനിലെ മമ്മൂട്ടി എന്ന്.

വാര്‍ത്താ അവതാരകനും ടെലിവിഷന്‍ സീരിയലുകളിലെ സ്ഥിരം സാന്നിദ്ധ്യവുമായിരുന്ന കൃഷ്ണ കുമാര്‍ 1994ല്‍ സുരേഷ്‌ഗോപി നായകനായ ‘കാശ്മീരം’ എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് നായകനായും വില്ലനായും സ്വഭാവനടനായുമെല്ലാം അദ്ദേഹത്തെ നമ്മള്‍ കണ്ടു.

ടി.വി ചന്ദ്രന്‍ സംവിധാനം ചെയ്ത ‘കാറ്റുവന്ന് വിളിച്ചപ്പോള്‍’ എന്ന ചിത്രത്തിലെ കഥാപാത്രം ‘സമ്മര്‍ പാലസി’ലെ വെള്ള ഷര്‍ട്ടും പാന്റുമണിഞ്ഞ പ്രേതം, ‘ആലഞ്ചേരി തമ്പ്രാക്കളി’ലെ കഥാപാത്രം തുടങ്ങി നിരവധി വേഷങ്ങള്‍ അദ്ദേഹത്തെ പ്രേക്ഷകരുടെ പ്രിയ താരമാക്കി.

ഭാര്യ സിന്ധുവും നാല് പെണ്‍മക്കളും അടങ്ങുന്നതാണ് കൃഷ്ണ കുമാറിന്റെ കുടുംബം. അദ്ദേഹത്തിന്റെ മൂത്ത മകളാണ് അഹാന. ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന സിനിമയില്‍ എത്തിയത്. ടൊവിനോ തോമസ് നായകനായി എത്തുന്ന ‘ലൂക്ക’ എന്ന ചിത്രത്തിലും അഹാന നായികയായി എത്തുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook