സോഷ്യൽ മീഡിയയിലെ താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. ടിക്ടോക് വീഡിയോകളും യൂട്യൂബ് വീഡിയോകളും ഇൻസ്റ്റഗ്രാം ഫോട്ടോകളുമൊക്കെയായി സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ് കൃഷ്ണകുമാറും മക്കളായ അഹാനയും ദിയയും ഇഷാനിയും ഹൻസികയുമൊക്കെ. വീട്ടിലെ റംബൂട്ടാൻ വിശേഷങ്ങൾ പങ്കുവച്ച് കൊണ്ട് കുറച്ചുദിവസങ്ങൾക്കു മുൻപ് അഹാന ഒരു തന്റെ യൂട്യൂബ് ചാനലിൽ ഒരു വീഡിയോ പങ്കുവച്ചിരുന്നു.
അഹാനയുടെ വീഡിയോയുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുന്നത്. “ഇവർക്ക് ഒരു കർഷക ശ്രീ അവാർഡ് കൊടുക്കേണ്ടി വരും,” എന്നാണ് ട്രോളുകളുടെ ഉള്ളടക്കം.
വീട്ടിലെ റംബൂട്ടാൻ മരങ്ങൾക്കും മറ്റു ഫലവൃക്ഷങ്ങൾക്കുമെല്ലാം പിറകിൽ അച്ഛൻ കൃഷ്ണകുമാറിന്റെ അധ്വാനമാണെന്നും തങ്ങളെ നോക്കുന്ന അത്രയും ശ്രദ്ധയോടെയും ഉത്തരവാദിത്വത്തോടെയുമാണ് കൃഷ്ണകുമാർ ചെടികളെയും പരിചരിക്കുന്നത് എന്നും അഹാന വീഡിയോയിൽ പറഞ്ഞിരുന്നു. വീട്ടിലെ അംഗങ്ങളുടെ എണ്ണം നോക്കിയാൽ റംബൂട്ടാൻ കടയിൽ നിന്നും വാങ്ങിക്കുന്നത് മുതലാവില്ല, അതു മുൻകൂട്ടികണ്ടാവും അച്ഛൻ റംബൂട്ടാൻ മരങ്ങൾ ധാരാളമായി വെച്ചുപിടിപ്പിച്ചതെന്നും അഹാന പറയുന്നു.
എന്നാൽ മരങ്ങൾ വെച്ചുപിടിപ്പിക്കുകയും കൃഷി ചെയ്യുകയും ചെയ്യുന്ന കൃഷ്ണകുമാറിനെയും കുടുംബത്തെയും അനുമോദിച്ചുള്ള കമന്റുകളും ട്രോളുകൾക്ക് താഴെ കുന്നുകൂടുകയാണ്. ‘ട്രോളുകയല്ല മാതൃകയാക്കണം ഈ കുടുംബത്തെ,” എന്നാണ് നല്ലൊരുശതമാനം ആളുകളും കമന്റ് ചെയ്യുന്നത്.
റംബൂട്ടാന് ആദ്യമായി വീട്ടില് കൃഷി ചെയ്യാന് തുടങ്ങിയ സാഹചര്യത്തെ കുറിച്ചും റംബൂട്ടാനുമായി ബന്ധപ്പെട്ട ഓർമകളുമൊക്കെ അഹാന വീഡിയോയിൽ പങ്കുവയ്ക്കുന്നുണ്ട്. ഓരോ റംബൂട്ടാൻ കാലത്തിനുമൊപ്പമുള്ള തന്റെയും സഹോദരിമാരുടെയും വളർച്ചയുടെ ഘട്ടങ്ങളും ചിത്രങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Read more: അഹാനയ്ക്ക് പൃഥ്വിരാജ് നൽകിയ സർപ്രൈസ്
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook