നടി, യൂട്യൂബർ എന്നീ നിലകളിലെല്ലാം സുപരിചിതയായ താരമാണ് അഹാന കൃഷ്ണ. പ്രിയപ്പെട്ടവർക്കായി സർപ്രൈസ് ഒരുക്കാനും എന്നെന്നും ഓർക്കാവുന്ന മനോഹരമായ നിമിഷങ്ങൾ സമ്മാനിക്കാനുമൊക്കെ എപ്പോഴും അഹാന സമയം കണ്ടെത്താറുണ്ട്. അമ്മ സിന്ധുകൃഷ്ണയ്ക്കായി നടി അഹാന കൃഷ്ണയൊരുക്കിയ ജന്മദിനസമ്മാനമാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.
മഞ്ഞുപെയ്ത്ത് കാണാൻ കൊതിച്ച അമ്മയ്ക്കായി മഞ്ഞിന്റെ തണുപ്പുള്ളൊരു ജന്മദിനാഘോഷമാണ് അഹാന ഒരുക്കിയത്. അമ്മയുടെ 51-ാം ജന്മദിനത്തോട് അനുബന്ധിച്ച് ഒരു കശ്മീർ യാത്ര സംഘടിപ്പിച്ചിരിക്കുകയാണ് അഹാന. ഒപ്പം സഹോദരിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവരും അമ്മയുടെ കുട്ടിക്കാലം മുതൽ കൂടെയുള്ള രണ്ട് ആത്മാർത്ഥ സുഹൃത്തുക്കളുമുണ്ട്. കാശ്മീരിൽ നിന്നുള്ള ചിത്രങ്ങളും അഹാന ഷെയർ ചെയ്തിട്ടുണ്ട്.
-
Photo: Ahaana Krishna/Instagram
-
Photo: Ahaana Krishna/Instagram
-
Photo: Ahaana Krishna/Instagram
നടൻ കൃഷ്ണകുമാറും പിറന്നാൾ ദിനത്തിൽ ഭാര്യയ്ക്ക് ആശംസകളുമായി കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. “സിന്ധുവിന്റെ ആഗ്രഹമാണ് യാത്രകൾ.. അതും മക്കളോടൊപ്പം മഞ്ഞുള്ള സ്ഥലങ്ങളിൽ. കൂടെ ജീവിതത്തിലെ ഏറ്റവും ഇഷ്ടമുള്ള, സ്കൂൾത്തലം മുതൽ ഊട്ടിയിൽ കൂടെ പഠിച്ച ഏറ്റവും പ്രിയപ്പെട്ട ഹസീനക്കും സുലുവിനോടും ഒപ്പം. കശ്മീരിൽ 51-ാം പിറന്നാൾ സിന്ധുവിന്റെ ഇഷ്ടം പോലെ, ആഗ്രഹം പോലെ നടത്തികൊടുത്ത ദൈവത്തിനു നന്ദി,” കൃഷ്ണകുമാർ കുറിക്കുന്നു.
മലയാളസിനിമയിലെ തന്നെ അപൂർവ്വമായൊരു താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. തമ്മിൽ അധിക പ്രായവ്യത്യാസമില്ലാത്ത നാലു പെൺകുട്ടികൾ, അവരിൽ മൂന്നുപേർ അച്ഛനു പിന്നാലെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. മക്കളെ സുഹൃത്തുക്കളായി കാണുന്ന അച്ഛനും അമ്മയുമാണ് കൃഷ്ണകുമാറും സിന്ധുവും. പാട്ടും ചിരിയും ഡാൻസും കളിയുമൊക്കെയായി എപ്പോഴും ലൈവാണ് ഈ പെൺപട വീട്. മക്കളുടെ വിശേഷങ്ങളും കുടുംബചിത്രങ്ങളുമെല്ലാം കൃഷ്ണകുമാറും ഭാര്യ സിന്ധുവും ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.