ചുവന്ന തെരുവിൽ പടപൊരുതി കാമാത്തിപുരയുടെ റാണിയായ ഗംഗുഭായ് കൊത്തേവാലി എന്ന സ്ത്രീയുടെ ജീവിതത്തെ ആസ്പദമാക്കി സഞ്ജയ് ലീല ബൻസാലി ഒരുക്കുന്ന ചിത്രമാണ് ‘ഗംഗുഭായി കത്തിയവാഡി’. ആലിയ ഭട്ടാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ആലിയയുടെ കരിയർ ബെസ്റ്റ് പ്രകടനമാണ് ചിത്രത്തിലേത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ചിത്രത്തിലെ ‘ധോലിഡ’ എന്ന ഗാനം ഇതിനകം തന്നെ സംഗീതപ്രേമികളുടെയും സോഷ്യൽ മീഡിയയുടെയും ശ്രദ്ധ നേടി കഴിഞ്ഞു.
ലോലിദാ ഗാനത്തിന് ചുവടുവെയ്ക്കുന്ന നടി അഹാന കൃഷ്ണയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇൻസ്റ്റഗ്രാമിലാണ് അഹാന ഈ ഡാൻസ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. “മനോഹരം. ഭാവങ്ങൾ ഏറെ ഇഷ്ടപ്പെട്ടു,” എന്നാണ് വീഡിയോയ്ക്ക് മാമാങ്കം നായിക പ്രാചി തെഹ്‌ലാൻ കമന്റ് നൽകിയിരിക്കുന്നത്.
ജാന്‍വി ശ്രീമങ്കറും ഷൈല്‍ ഹദയും ചേര്‍ന്നാണ് ഗംഗുഭായിയിലെ ‘ധോലിഡ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. കുമാറിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് സഞ്ജയ് ലീല ബന്‍സാലി തന്നെയാണ്.
‘പദ്മാവതി’നു ശേഷം എത്തുന്ന സഞ്ജയ് ലീല ബൻസാലി ചിത്രമാണ് ‘ഗംഗുഭായി കത്തിയവാഡി’. ഹുസൈൻ സെയ്ദിയുടെ ‘മാഫിയ ക്വീൻസ് ഓഫ് മുംബൈ’ എന്ന പുസ്തകത്തിലെ ഗംഗുഭായ് കൊത്തേവാലി എന്ന സ്ത്രീയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ളതാണ് ചിത്രം. ബന്‍സാലി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സഞ്ജയ് ലീല ബന്‍സാലിയും പെന്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ ഡോ. ജയന്തിലാല്‍ ഗാഡയും ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഫെബ്രുവരി 25നാണ് ‘ഗംഗുഭായി കത്തിയവാഡി’ റിലീസിനെത്തുന്നത്.