ആദ്യമായി സംവിധാനം ചെയ്ത ‘തോന്നൽ’ മ്യൂസിക് വീഡിയോ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് അഹാന കൃഷ്ണ. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ആരാധകരോട് അഹാന നന്ദിയും പറഞ്ഞിരുന്നു. ഇപ്പോഴിതാ ‘തോന്നൽ’ വീഡിയോയ്ക്ക് അഹാനയും സഹോദരിമാരും ചേർന്ന് ഡാൻസ് കവർ ഒരുക്കിയിരിക്കുകയാണ്.
”ഞാനും എന്റെ ഗ്യാങ്ങും ചേർന്ന് തയ്യാറാക്കിയ ഡാൻസ് കവർ. നിങ്ങൾക്കായ് ഞങ്ങളുടെ ചെറിയൊരു സർപ്രൈസ്,” എന്നാണ് അഹാന ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. സഹോദരിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവർക്കൊപ്പമുള്ള ഫൊട്ടോയും അഹാന ഷെയർ ചെയ്തിട്ടുണ്ട്.
അഹാന കൃഷ്ണ ആദ്യമായി സംവിധാനം ചെയ്ത മ്യൂസിക് ആൽബമാണ് ‘തോന്നൽ’. തന്റെ 26-ാം ജന്മദിനത്തിലായിരുന്നു അഹാന താൻ സംവിധായികയാവുന്നുവെന്ന വിവരം അറിയിച്ചത്. ഒക്ടോബർ 30 നാണ് വീഡിയോ പുറത്തിറക്കിയത്. തോന്നൽ വീഡിയോയുടെ സംഗീതം ഗോവിന്ദ് വസന്തയും വരികൾ ഷറഫുവിന്റേതാണ്. ‘ലൂക്ക’യുടെ ഛായാഗ്രഹണം നിർവ്വഹിച്ച നിമിഷ് രവിയാണ് അഹാനയുടെ ആദ്യ സംവിധാനസംരംഭത്തിന്റെയും ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ അടക്കമുള്ള താരങ്ങൾ അഹാനയെ പ്രശംസിച്ചിരുന്നു ”വളരെ മനോഹരമായി ചിത്രീകരിക്കുകയും അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു. എഡിറ്റിങ്ങിലും മികവ് പുലർത്തിയിട്ടുണ്ട്. വളരെ നന്നായിട്ടുണ്ട് അഹാന. ഇനിയും സംവിധായിക എന്ന നിലയിൽ കൂടുതൽ വർക്കുകൾ പ്രതീക്ഷിക്കുന്നു,” തോന്നൽ മ്യൂസിക് വീഡിയോ ഷെയർ ചെയ്തുകൊണ്ട് പൃഥ്വിരാജ് കുറിച്ചതാണിത്.
Read More: ‘തോന്നൽ’ വീഡിയോയുമായി അഹാന; അഭിനന്ദിച്ച് പൃഥ്വിരാജ്