നടി അഹാന കൃഷ്ണയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് യാത്രകളെ ഏറെ ഇഷ്ടപ്പെടുന്നവർക്കു കണ്ണെടുക്കാൻ തോന്നില്ല. കാരണം പോയ സ്ഥലങ്ങളുടെയും, കണ്ട കാഴ്ച്ചകളുടെയും, പ്രിയപ്പെട്ടവർക്കൊപ്പമുളള സന്തോഷ നിമിഷങ്ങളുടെയും മനോഹര ചിത്രങ്ങളടങ്ങിയതാണ് ആ ഫീഡ്. കഴിഞ്ഞ ദിവസമാണ് അഹാനയും സഹോദരങ്ങളായ ദിയ, ഇഷാനി, ഹൻസിക അമ്മ സിന്ധു എന്നിവർ ചേർന്ന് കാശ്മീർ യാത്ര പോയത്. യാത്രയിൽ കൂടുതൽ രസം ചേർക്കാനെന്നോണം സിന്ധു കൃഷ്ണയുടെ സുഹൃത്തുക്കളും ഇവർക്കൊപ്പം ഉണ്ടായിരുന്നു. യാത്രയുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെയാണ് കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടുന്നത്.
സിന്ധു കൃഷ്ണയും സുഹൃത്തുക്കളും ഒന്നിച്ചു ചെയ്ത് ഡാൻസ് വീഡിയോയ്ക്കു താഴെ നടൻ ദുൽഖർ കുറിച്ചത് “സോഷ്യൽ മീഡിയയിൽ ഇന്നു കണ്ടതിൽ വച്ച് ഏറ്റവും അഡോറബിളായിട്ടുളള വീഡിയോ”യെന്നാണ്.താരങ്ങളായ മീര ജാസ്മിൻ, ഇഷാനി കൃഷ്ണ, ദീപ്തി സതി, ശിവദ, നിമിഷ സജയൻ എന്നിവരും വീഡിയോയ്കക്കു താഴെ കമൻറു ചെയ്തിരുന്നു.
അമ്മയ്ക്കു പിറന്നാൾ സമ്മാനമായി അഹാന നൽകിയതായിരുന്നു കാശ്മീരിലേയ്ക്കുളള യാത്ര. മഞ്ഞു കാണാനും, സിനിമയിലെ നായികമാരെ പോലെ മഞ്ഞു വീഴുമ്പോൾ അവിടെ നൃത്തം ചെയ്യാനുമുളള അമ്മയുടെ ആഗ്രഹം അഹാന സാധിച്ചു കൊടുത്തു. അഹാന ഒറ്റയ്ക്കായിരുന്നില്ല സഹോദരിമാരും ഇതിനൊപ്പമുണ്ടായിരുന്നു.
ആറു ദിവസം നീണ്ടു നിന്ന യാത്രയുടെ ഒരു ചെറിയ വീഡിയോ അഹാന ഇപ്പോൾ ഷെയർ ചെയ്തിട്ടുണ്ട്. നിങ്ങൾ എത്ര ഭാഗ്യം ചെയ്തവരാണെന്നാണ് വീഡിയോയ്ക്കു താഴെയുളള ആരാധകരുടെ കമൻറുകൾ. അമ്മയും മക്കളും ഇതിനു മുൻപ് നടത്തിയ സിംഗപൂർ യാത്രയുടെ ചിത്രങ്ങളും വൈറലായിരുന്നു.
മലയാളസിനിമയിലെ തന്നെ അപൂർവ്വമായൊരു താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. തമ്മിൽ അധിക പ്രായവ്യത്യാസമില്ലാത്ത നാലു പെൺകുട്ടികൾ, അവരിൽ മൂന്നുപേർ അച്ഛനു പിന്നാലെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. മക്കളെ സുഹൃത്തുക്കളായി കാണുന്ന അച്ഛനും അമ്മയുമാണ് കൃഷ്ണകുമാറും സിന്ധുവും. പാട്ടും ചിരിയും ഡാൻസും കളിയുമൊക്കെയായി എപ്പോഴും ലൈവാണ് ഈ പെൺപട വീട്. മക്കളുടെ വിശേഷങ്ങളും കുടുംബചിത്രങ്ങളുമെല്ലാം കൃഷ്ണകുമാറും ഭാര്യ സിന്ധുവും ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.