സുശാന്ത് സിങ്ങ് രജ്‌പുത്തിന്റെ മരണത്തോടെ ബോളിവുഡിൽ സ്വജനപക്ഷപാതത്തെ കുറിച്ചും സിനിമാപാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും വരുന്ന അഭിനേതാക്കൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെ കുറിച്ചുമൊക്കെയുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. ബോളിവുഡിലെ ഗ്രൂപ്പിസത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടി കങ്കണ റണാവത്ത് മുന്നോട്ടുവച്ച ആരോപണങ്ങളും വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. മലയാളസിനിമയിലും ഇത്തരം ചില പ്രവണതകളുണ്ടെന്ന് നടൻ നീരജ് മാധവും രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ, തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു മെമിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി അഹാനകൃഷ്ണ. ‘ബോളിവുഡിലെ നെപ്പോട്ടിസത്തെക്കുറിച്ച് യുട്യൂബില്‍ വിഡിയോ ചെയ്യാന്‍ ആഗ്രഹിക്കുന്ന നിങ്ങള്‍. പക്ഷേ, സിനിമയില്‍ അവസരം കിട്ടിയത് എങ്ങനെയാണെന്ന് ഓര്‍ക്കുമ്പോള്‍’, എന്ന അടിക്കുറിപ്പോടെ പ്രചരിച്ച മീമിൽ താരത്തിന്റെ ചിത്രവും നൽകിയിരുന്നു.
“താരപുത്രിയെന്ന പ്രിവിലേജ് തനിക്ക് ഉണ്ടായിരുന്നെങ്കിൽ, അല്ലെങ്കിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന ഒരച്ഛന്റെയോ അമ്മയുടെയോ മകളായിരുന്നു ഞാനെങ്കിൽ ഇതിനകം ഒരു പത്തു സിനിമകളെങ്കിലും ഞാൻ ചെയ്തേനെ, കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഒരു അവാർഡ് എങ്കിലും ലഭിച്ചേനെ. അതുകൊണ്ട് എന്നെ ആ പ്രിവിലേജ് ഗ്യാങ്ങിലേക്ക് ഉൾപ്പെടുത്തരുത്,” എന്നാണ് മീമിന് മറുപടിയായി അഹാന കുറിക്കുന്നത്.
നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാന 2014 ൽ രാജീവ് രവിയുടെ ‘ഞാൻ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. മൂന്നു വർഷത്തിനു ശേഷം ‘ഞണ്ടുകളുടെ നാട്ടിൽ’ ഒരിടവേള എന്ന ചിത്രത്തിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘ലൂക്ക’യാണ് അഹാനയെന്ന അഭിനേത്രിയെ ജനപ്രിയമാക്കിയ ചിത്രം. ‘ലൂക്ക’യിലെ നിഹാരിക എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.
Read more: തകർപ്പൻ നൃത്തചുവടുകളുമായി അഹാനയും ഇഷാനിയും; വീഡിയോ