ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിതമായി വിയോഗത്തിന്റെ നടുക്കത്തിൽ നിന്നും ഇനിയും മോചിതയായിട്ടില്ല ഭാര്യയും നടിയുമായ മേഘ്നരാജും കുടുംബാംഗങ്ങളും. കഴിഞ്ഞ ജൂൺ ഏഴിനായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് മുപ്പത്തിയൊമ്പതുകാരനായ ചിരഞ്ജീവി അന്തരിച്ചത്. ആദ്യകൺമണിയെ കാത്തിരിക്കുന്നതിനിടയിലാണ് മേഘ്നയെ തനിച്ചാക്കി ചിരഞ്ജീവി വിടപറയുന്നത്, ചിരഞ്ജീവി മരിക്കുമ്പോൾ മൂന്നുമാസം ഗർഭിണിയായിരുന്നു മേഘ്ന.
ചിരഞ്ജീവിയുടെ മരണാന്തരചടങ്ങുകളിലും കുഴിമാടത്തിനു അരികിലുമെല്ലാം കണ്ണീരുണങ്ങാത്ത കവിളുകളോടെ ഇരിക്കുന്ന മേഘ്നയുടെ ചിത്രങ്ങൾ വേദനിപ്പിക്കുന്ന കാഴ്ചയായിരുന്നു. ചിരഞ്ജീവി യാത്രയായിട്ട് ഒരു മാസം പിന്നിടുമ്പോൾ താരത്തിന്റെ ആത്മശാന്തിയ്ക്കായി വീട്ടിൽ പ്രത്യേക പ്രാർത്ഥനായോഗം സംഘടിപ്പിച്ചിരിക്കുകയാണ് കുടുംബം. പ്രാർത്ഥനായോഗത്തിൽ നിന്നുള്ള ചിത്രങ്ങളും പ്രിയപ്പെട്ടവനെ കുറിച്ചുള്ള ഹൃദയസ്പർശിയായൊരു കുറിപ്പും മേഘ്ന പങ്കുവച്ചിരുന്നു. അതിന് നടി അഹാന കൃഷ്ണ നൽകി. മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
“നിന്റെയീ ചിരി കാണുമ്പോൾ മനസ്സു നിറയുന്നു,” എന്നാണ് അഹാന കുറിക്കുന്നത്. കരച്ചിലിനും സങ്കടങ്ങൾക്കും വേദനകൾക്കുമൊടുവിൽ സാധാരണജീവിതത്തിലേക്ക് മേഘ്ന തിരിച്ചുവരുന്ന സന്തോഷമാണ് അഹാനയുടെ കമന്റിൽ നിറയുന്നത്.
ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണ് മേഘ്ന ഇപ്പോൾ. മേഘ്ന മൂന്ന് മാസം ഗർഭിണിയായപ്പോഴാണ് ചിരഞ്ജീവിയുടെ മരണം. “ചിരു, ഞാൻ ഒരുപാട് തവണ ശ്രമിച്ചു. പക്ഷെ, നിന്നോട് പറയാനുള്ള കാര്യങ്ങൾക്ക് വാക്കുകൾ കണ്ടെത്താനെനിക്ക് ആകുന്നില്ല. നീയെനിക്ക് ആരായിരുന്നുവെന്നത് നിർവചിക്കാൻ ഈ ലോകത്തിലെ ഒരു വാക്കിനും സാധിക്കില്ല. എന്റെ സുഹൃത്ത്, എന്റെ കാമുകൻ, എന്റെ ജീവിതപങ്കാളി, എന്റെ കുഞ്ഞ്, എന്റെ വിശ്വസ്തൻ, എന്റെ ഭർത്താവ്, ഇതിനൊക്കെ അപ്പുറമാണ് നീയെനിക്ക്. നീ എന്റെ ആത്മാവിന്റെ ഒരു ഭാഗമാണ് ചിരു.”
“ഓരോ തവണയും വാതിലിലേക്ക് നോക്കുമ്പോൾ, ‘ഞാൻ വീട്ടിലെത്തി’ എന്നു പറഞ്ഞുകൊണ്ട് നീ കടന്നുവരാത്തത് എന്റെയുള്ളിൽ അഗാധമായ വേദന സൃഷ്ടിക്കുന്നു. ഓരോ ദിവസവും ഓരോ നിമിഷവും നിന്നെ തൊടാനാകാതെ എന്റെ ഹൃദയം വിങ്ങുന്നു. പതിയെ പതിയെ വേദനിച്ച് ഒരായിരം തവണ ഞാൻ മരിക്കുന്നു. പക്ഷേ, പിന്നെ ഒരു മാന്ത്രിക ശക്തിപോലെ നിന്റെ സാന്നിദ്ധ്യം ചുറ്റുമുള്ളതായി അനുഭവപ്പെടുന്നു. ഓരോ തവണ ഞാൻ തളരുമ്പോഴും, ഒരു കാവൽ മാലാഖയെ പോലെ നീ എനിക്ക് ചുറ്റുമുണ്ട്.”
“നീയെന്നെ ഒരുപാട് സ്നേഹിക്കുന്നു. അതുകൊണ്ട് തന്നെ നിനക്കെന്നെ തനിച്ചാക്കാൻ കഴിയില്ല, അല്ലേ?. നീ എനിക്കു നൽകിയ ഏറ്റവും വിലപ്പെട്ട സമ്മാനമാണ് നമ്മുടെ കുഞ്ഞ് – നമ്മുടെ സ്നേഹത്തിന്റെ പ്രതീകം – അതിന് ഞാൻ എക്കാലവും നിന്നോട് കടപ്പെട്ടവളാണ്. നമ്മുടെ കുഞ്ഞിലൂടെ, നിന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ കാത്തിരിക്കുകയാണ് ഞാൻ. നിന്നെ വീണ്ടും കെട്ടിപ്പിടിക്കാൻ, വീണ്ടും ചിരിക്കുന്ന നിന്നെ കാണാൻ, മുറി മുഴുവൻ പ്രകാശം പരത്തുന്ന ചിരി കേൾക്കാൻ ഞാൻ അക്ഷമയോടെ കാത്തിരിക്കുകയാണ്. ഞാൻ നിനക്കായി കാത്തിരിക്കുന്നു. മറ്റൊരു ലോകത്ത് നീ എനിക്കായും കാത്തിരിക്കുന്നു. എന്റെ അവസാന ശ്വാസം വരെ നീ എനിക്കൊപ്പം ജീവിക്കും. നീ എന്നിൽ തന്നെയുണ്ട്. ഞാൻ നിന്നെ സ്നേഹിക്കുന്നു,” ചിരുവിന്റെ ഓർമകളിൽ മേഘ്ന കുറിച്ചതിങ്ങനെ.
Read more: നമ്മുടെ കുഞ്ഞിലൂടെ നിന്നെ തിരികെ കൊണ്ടുവരാൻ കാത്തിരിക്കുകയാണ് ഞാൻ; ചിരുവിന്റെ ഓർമകളിൽ മേഘ്ന