ലോക്ക്ഡൗൺ ആയതോടെ സിനിമാ താരങ്ങളിൽ ഒട്ടുമിക്കപേരും കുടുംബത്തോടൊപ്പം വീട്ടിൽ ചെലവിടുകയാണ്. ലോക്ക്ഡൗൺ ബോറടി മാറ്റാൻ കൃഷിയും പാചകവും ഒക്കെ ചെയ്യുന്ന താരങ്ങളുമുണ്ട്. ലോക്ക്ഡൗൺ ദിനത്തിൽ താൻ ചെയ്യുന്ന 10 കാര്യങ്ങൾ എന്തൊക്കെയെന്ന് വിശദീകരിക്കുകയാണ് നടി അഹാന കൃഷ്ണ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് തന്റെ ഒരു ലോക്ക്ഡൗൺ ദിനം എങ്ങനെയെന്ന് ആരാധകർക്ക് അഹാന കാണിച്ചു കൊടുത്തത്.
ലോക്ക്ഡൗണിൽ തന്റെ ഒരു ദിവസം തുടങ്ങുന്നത് സൂര്യനമസ്കാരത്തോടെയാണെന്ന് അഹാന പറയുന്നു. സൂര്യനമസ്കാരം ചെയ്യുന്നതും അഹാന വീഡിയോയിൽ പകർത്തിയിട്ടുണ്ട്. രണ്ടാമതായി തന്റെ ഭക്ഷണ രീതിയെക്കുറിച്ചാണ് അഹാന പറഞ്ഞത്. തന്റെ ഡയറ്റ് പ്ലാനിലെ ചില കാര്യങ്ങളെക്കുറിച്ചും അഹാന വിശദീകരിച്ചു. മൂന്നാമതായി താൻ ചെയ്യുന്ന കാര്യം വീട്ടിലെ പറമ്പിൽ കൂടി നടക്കുന്നതാണെന്ന് അഹാന പറയുന്നു. തന്റെ വീട്ടിലെ പലതരം പഴവർഗങ്ങളും അഹാന ആരാധകർക്ക് വീഡിയോയിൽ പരിചയപ്പെടുത്തുന്നുണ്ട്.
Read More: കരയുമ്പോൾ എന്നെ കാണാൻ എങ്ങനെയുണ്ട്? അറിയാൻ സെൽഫിയെടുത്ത് അഹാന
നാലാമതായി ചർമ്മ സംരക്ഷണത്തെക്കുറിച്ചാണ് അഹാന വിശദീകരിച്ചത്. അഞ്ചാമത്തെ കാര്യമായി സിനിമ കാണുന്നതിനെക്കുറിച്ചാണ് അഹാന പറഞ്ഞത്. മിക്ക ദിവസവും സിനിമയോ വെബ് സീരീസോ കാണാറുണ്ടെന്ന് അഹാന പറയുന്നു. ആറാമതായി തന്റെ വീട്ടിലെ ചെടികളെ പരിചരിക്കുന്നതിനെക്കുറിച്ചാണ് അഹാന പറഞ്ഞത്. താനേറെ ഇഷ്ടപ്പെടുന്ന ഒന്നാണിതെന്നും അഹാന പറയുന്നു.
യൂട്യൂബിനോ ഇൻസ്റ്റഗ്രാമിനോ വേണ്ടി എന്തെങ്കിലും ഷൂട്ട് ചെയ്യുകയാണ് ഏഴാമതായി താൻ ചെയ്യുന്നതെന്ന് അഹാന. എട്ടാമത്തെ കാര്യം വർക്ക്ഔട്ടാണ്. മടി കാരണം എല്ലാ ദിവസവും താൻ വർക്ക്ഔട്ട് ചെയ്യാറില്ലെന്നും പറ്റുന്ന ദിവസങ്ങളിലൊക്കെ ചെയ്യുമെന്നും അഹാന വ്യക്തമാക്കി. രാത്രിയിലെ ഭക്ഷണമൊക്കെ കഴിഞ്ഞ് ബാൽക്കണിയിൽ കുറച്ചുനേരം ഫ്രീയായിട്ടിരിക്കുന്നതാണ് ഒൻപതാമതായി താൻ ചെയ്യാറുളളതെന്ന് അഹാന പറഞ്ഞു. ഈ സമയത്ത് താൻ പുസ്തകം വായിക്കാറുണ്ടെന്നും അഹാന പറയുന്നു.
പത്താമതായി ഉറങ്ങാൻ പോകുന്നതിനു മുൻപ് താൻ കുടിക്കാറുള്ളൊരു യെല്ലോ കളർ ചായയെ കുറിച്ചാണ് അഹാന വിശദീകരിച്ചത്. മഞ്ഞളും കുരുമുളകും ചേർത്ത ഈ ചായ നല്ല ഉറക്കം കിട്ടാൻ സഹായിക്കുമെന്ന് അഹാന വ്യക്തമാക്കി.