താരനിബിഡമായ ഓണം കഴിഞ്ഞ് മലയാള സിനിമ ഇനി വഴി തുറക്കുന്നത് യുവ നടന്മാരുടെ ചിത്രങ്ങള്‍ക്ക് വേണ്ടി. ഇതില്‍ ചിലത് സെപ്റ്റംബര്‍ രണ്ടാം പകുതിയില്‍ റിലീസ് ചെയ്യുമ്പോള്‍ മാറ്റ് ചിലത് പൂജ അവധിയുമായി ബന്ധപ്പെട്ടാവും എന്ന് കരുതുന്നു.

ദിലീപ് നായകനായ രാമലീലയുടെ റിലീസ് തീരുമാനമാകാതെ തുടരുമ്പോള്‍
ദുല്‍ഖര്‍ സല്‍മാന്‍, ടോവിനോ തോമസ്‌, ഷെയിന്‍ നിഗം, അജു വര്‍ഗീസ്‌, നീരജ് മാധവ്, ബിജു മേനോന്‍ എന്നിവരുടെ ചിത്രങ്ങള്‍ റിലീസിന് തയ്യാറാകുന്നു. അവയിലൂടെ ഒരു കണ്ണോട്ടം.

ദുല്‍ഖര്‍ സല്‍മാന്‍റെ ‘പറവ’

നടന്‍ സൗബിന്‍ ഷാഹിറിന്റെ കന്നി ചിത്രം. ബാംഗ്ലൂര്‍ ഡേയ്സ്, പ്രേമം എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അന്‍വര്‍ റഷീദ് നിര്‍മ്മിക്കുന്ന ‘പറവ’യില്‍ ഷെയിന്‍ നിഗം, ജേക്കബ്‌ ഗ്രിഗറി, ഇന്ദ്രന്‍സ്, സ്രിന്ദ എന്നിവര്‍ക്കൊപ്പം ദുല്‍ഖര്‍ സല്‍മാനും പ്രധാന വേഷത്തില്‍ എത്തുന്നു. റെക്സ് വിജയനാണ് സംഗീതം. സെപ്റ്റംബര്‍ 21ന് റിലീസ് ചെയ്യും എന്ന് കരുതുന്നു.

ദുല്‍ഖര്‍ സല്‍മാന്‍റെ ‘സോളോ’

ബിജോയ്‌ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ദ്വിഭാഷാ (തമിഴ് – മലയാളം) ചിത്രം. ദുല്‍ഖര്‍ സല്‍മാനോടൊപ്പം നേഹ ശര്‍മ, ദിനോ മോറിയ, പാര്‍തിപന്‍, മനോജ്‌ കെ ജയന്‍, സായി ധന്സിക, ദീപ്തി സതി എന്നിവരും അഭിനയിക്കുന്നു. ബിജോയ്‌ നമ്പ്യാര്‍, അനില്‍ ജെയിന്‍, അബ്രഹാം മാത്യു എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് പ്രശാന്ത്‌ പിള്ളൈ, ഗോവിന്ദ് മേനോന്‍, മസാല കോഫി, അഗം, സൂരജ് കുറുപ്പ്, ഗൗരവ്, അഭിനവ്, രാഗിണി എന്നിവരാണ്. സെപ്റ്റംബര്‍ അവസാനം റിലീസ് ചെയ്യും എന്ന് കരുതുന്നു.

ടോവിനോയുടെ ‘അഭിയുടെ കഥ, അനുവിന്റെയും’

ഛായാഗ്രാഹക ബി ആര്‍ വിജയലക്ഷ്മി സംവിധാനം ചെയ്യുന്ന ദ്വിഭാഷാ (തമിഴ് – മലയാളം) ചിത്രം. ടോവിനോ തോമസ്‌, പ്രഭു, പിയ ബാജ്പേയ്, രോഹിണി, സുഹാസിനി എന്നിവര്‍ മുഖ്യ വേഷത്തിലെത്തുന്നു. ബി ആര്‍ വിജയലക്ഷ്മിയും വിക്രം മെഹറയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം ധരന്‍ കുമാര്‍. സെപ്റ്റംബര്‍ 22നാണ് റിലീസ് പ്ലാന്‍ ചെയ്യുന്നത്.

ടോവിനോയുടെ ‘തരംഗം’

നവാഗതനായ ഡോമിനിക് അരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടോവിനോയെ കൂടാതെ ബാലു വര്‍ഗീസും അഭിനയിക്കുന്നു. നടന്‍ ധനുഷ് മലയാള സിനിമാ നിര്‍മ്മാണ രംഗത്തേക്ക് എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സംഗീതം അശ്വിന്‍ രന്‍ജു. പൂജ അവധിയുമായി ബന്ധപെട്ട് റിലീസ് ചെയ്യും എന്ന് കരുതുന്നു.

ബിജു മേനോന്‍റെ ‘ഷെര്‍ലക്ക് ടോംസ്’

ഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മിയാ ജോര്‍ജ് ആണ് നായിക. സ്രിന്ദ, അജു വര്‍ഗീസ്‌, സലിം കുമാര്‍, വിജയരാഘവന്‍, സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍ എന്നിവരും അഭിനയിക്കുന്നു. പ്രേം മേനോന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സംഗീതം ബിജിബാല്‍. പൂജ അവധിയുമായി ബന്ധപെട്ട് റിലീസ് ചെയ്യും എന്ന് കരുതുന്നു.

നീരജ് മാധവ് – അജു വര്‍ഗീസ്‌ ടീമിന്‍റെ ‘ലവകുശ’

ഗിരീഷ്‌ മനോ സംവിധാനം ചെയ്യുന്ന കോമഡി ചിത്രത്തില്‍ അജു വര്‍ഗീസ്‌, നീരജ് മാധവ് എന്നിവരോടൊപ്പം ബിജു മേനോനും മുഖ്യ വേഷത്തിലെത്തുന്നു. ജൈസണ്‍ ഇളംകുളം, ഗിരീഷ്‌ വൈക്കം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സംഗീതം ഗോപി സുന്ദര്‍. ഒക്ടോബര്‍ 5ന് റിലീസ് ചെയ്യും എന്നറിയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ