ആറു വർഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം ശോഭന വീണ്ടും മലയാള സിനിമയിൽ അഭിനയിക്കുന്നു. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ് ശോഭനയുടെ തിരിച്ചുവരവ്. 2016 ൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിര സിനിമയിലാണ് ശോഭന അവസാനമായി അഭിനയിച്ചത്.

“ശോഭനയും കല്യാണിയും അമ്മയും മകളുമായാണ് സിനിമയിൽ അഭിനയിക്കുന്നത്. അവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന രണ്ടു കഥാപാത്രങ്ങളാണ് ദുൽഖറും സുരേഷ് ഗോപിയും അവതരിപ്പിക്കുന്നത്,” അനൂപ് സത്യൻ പറഞ്ഞു.

ദുൽഖർ സൽമാൻ, സുരേഷ് ഗോപി, കല്യാണി പ്രിയദർശൻ തുടങ്ങി വൻതാരനിര ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം ഇന്നലെ കഴിഞ്ഞു. ഇതിന്റെ ചിത്രങ്ങൾ ദുൽഖർ ഫെയ്സ്ബുക്ക് പേജിൽ ഷെയർ ചെയ്തിട്ടുണ്ട്.

സുരേഷ് ഗോപിയും ശോഭനയും ഏറെ വർഷങ്ങൾക്കുശേഷം ഒന്നിക്കുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 2005 ൽ പുറത്തിറങ്ങിയ മകൾക്ക് എന്ന സിനിമയിലാണ് ഇരുവരും ഒരുമിച്ചെത്തിയത്. മണിച്ചിത്രത്താഴ്, സിന്ദൂരരേഖ, ഇന്നലെ, കമ്മീഷണർ തുടങ്ങി നിരവധി സിനിമകളിൽ ഇരുവരും ഒന്നിച്ചിട്ടുണ്ട്.

അനൂപ് സത്യൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. വേഫെയറര്‍ ഫിലിംസും എം സ്റ്റാര്‍ കമ്മ്യൂണിക്കേഷന്‍സുമായി ചേര്‍ന്ന് ദുല്‍ഖര്‍ സല്‍മാനാണ് ചിത്രം നിര്‍മിക്കുന്നത്. വസ്ത്രാലങ്കാരം: ഉത്തര മേനോന്‍, ചമയം: റോണെക്‌സ്, ലൈന്‍ പ്രോഡ്യൂസര്‍: ഹാരിസ് ദേശം. ഒക്ടോബറിൽ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങും. കുറുപ്പ് എന്ന സിനിമയിലാണ് ദുൽഖർ ഇപ്പോൾ അഭിനയിക്കുന്നത്. ഇതിന്റെ ചിത്രീകരണം പൂർത്തിയായാലുടൻ അനൂപ് സത്യന്റെ സിനിമയിലേക്കെത്തും.

Read Also: കേരളം തിരയുന്ന ‘പിടികിട്ടാപുളളി’ ആവാന്‍ ദുല്‍ഖര്‍; ‘കുറുപ്പ്’ പോസ്റ്റര്‍ പുറത്ത് വിട്ടു

ദുൽഖറിന്റെ ആദ്യ ചിത്രമായ സെക്കൻഡ് ഷോ സംവിധാനം ചെയ്ത ശ്രീനാഥ്‌ രാജേന്ദ്രനാണ് കുറുപ്പിന്റെ സംവിധായകൻ. വേഫെയറർ ഫിലിംസിന്റെയും എം സ്റ്റാർ ഫിലിംസിന്റെയും ബാനറിൽ ദുൽഖറാണ് ചിത്രം നിർമിക്കുന്നത്‌. ദുൽഖറിന് പുറമെ ഇന്ദ്രജിത്‌ സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്‌. നിമിഷ്‌ രവി ഛായാഗ്രഹണം ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്‌ സുഷിൻ ശ്യാം ആണ്. ദേശീയ പുരസ്കാര ജേതാവ് വിനേഷ് ബംഗ്ലാനാണ് കലാസംവിധാനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook