ഒന്നിനു പുറകെ ഒന്നെന്ന മട്ടില്‍ സൂര്യയ്ക്കിത് സിനിമാ കാലമാണ്. തന്റെ 35-ാമത്തെ ചിത്രമായ ‘താനാ സേര്‍ന്ത കൂട്ടം’ പൊങ്കല്‍ റിലീസിനൊരുങ്ങുന്നതിന്റെ ആകാംക്ഷയിലാണ് താരം. അതിനൊപ്പം തന്നെ 36-ാമത്തെ സിനിമ ചെയ്യുന്നത് സെല്‍വരാഘവന് വേണ്ടിയാണെന്നും ഉറപ്പിച്ചു. ഇപ്പോള്‍ അറിയുന്നത് അതിനു ശേഷം കെ.വി.ആനന്ദിന്റെ ചിത്രത്തില്‍ നായകനാകുന്നതും സൂര്യ തന്നെയായിരിക്കും എന്നാണ്.

മുമ്പ് അയന്‍, മാട്രാന്‍ എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചിരുന്നു. സൂര്യയുടെ കരിയറിലെ മികച്ച വിജയങ്ങളിലൊന്നായിരുന്നു അയന്‍. മാട്രാനില്‍ വളരെ വ്യത്യസ്തമായൊരു വേഷമാണ് സൂര്യയ്ക്ക് ആനന്ദ് നല്‍കിയത്. അയന്‍ എന്ന ചിത്രത്തിന്റെ തുടര്‍ച്ചയായിരിക്കും പുതിയ സിനിമ എന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അങ്ങനെയായിരിക്കില്ല എന്നാണ് പുതിയ വാര്‍ത്തകള്‍. ചിത്രത്തിലെ മറ്റു താരങ്ങളെക്കുറിച്ചൊന്നും തീരുമാനമായിട്ടില്ല.

വിഗ്നേഷ് ശിവന്‍ സംവിധാനം ചെയ്ത താനാ സേര്‍ന്ത കൂട്ടം പൊങ്കലിനാണ് തിയേറ്ററുകളില്‍ എത്തുന്നത്. കീര്‍ത്തി സുരേഷ്, രമ്യാ കൃഷ്ണന്‍, കാര്‍ത്തിക്, സെന്തില്‍, തമ്പി രായന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കുറേ വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഫെസ്റ്റിവല്‍ കാലത്ത് സൂര്യയുടെ ഒരു ചിത്രം എത്തുന്നത്.

സെല്‍വരാഘവനൊപ്പമുള്ള സൂര്യയുടെ ചിത്രം ഈ മാസം ഒടുവില്‍ ഷൂട്ടിങ് ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. രാകുല്‍ പ്രീത്, സായ് പല്ലവി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അടുത്ത ദീപാവലിക്ക് ചിത്രം തിയേറ്ററുകളില്‍ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ