കിടക്കയിൽ സ്ത്രീകൾ ഉപകാരപ്പെടുമെന്ന തെലുങ്ക് നടന്റെ പരാമർശം വിവാദമാകുന്നു. നാഗ ചൈതന്യ നായകനായ ‘റണ്ടോയ് വെഡുക്ക’ എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസ് ചടങ്ങിൽവച്ചാണ് മുതിർന്ന തെലുങ്ക് നടൻ ചലാപതി റാവു വിവാദ പരാമർശം നടത്തിയത്.

നായകനായ നാഗ ചൈതന്യ ചിത്രത്തിൽ ഒരു ഡയലോഗ് പറയുന്നുണ്ട്. ‘പെൺകുട്ടികൾ മനസമാധാനത്തിന് മുറിവേൽപ്പിക്കുന്നവരാണ്’. ഇതേക്കുറിച്ച് ചടങ്ങിനിടയിൽ ഒരു അഭിനേത്രി ചലാപതിയോട് ചോദിച്ചു. ഇതിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു ‘സ്ത്രീകൾ ഉപദ്രവകാരികളല്ല, കിടക്കയിൽ ഉപകാരികളാണ്’. സ്ത്രീകളെ അപമാനിക്കുന്ന പരാമർശം നടത്തിയ നടനെതിരെ പല കോണിൽനിന്നും വിമർശനം ഉയർന്നു. സംഭവം വിവാദമായതോടെ നടന്റെ പരാമർശത്തിൽ അപലപിച്ച് റണ്ടോയ് വെടുക്ക ചിത്രത്തിന്റെ താരങ്ങളും നിർമാതാക്കളും രംഗത്തെത്തി.

”സ്ത്രീകളെ എപ്പോഴും ബഹുമാനിക്കുന്ന വ്യക്തിയാണ് ഞാൻ. ചലാപതിയുടെ പരാമർശത്തോട് താൻ ഒരിക്കലും യോജിക്കുന്നില്ലെന്ന്” നാഗാർജുന ട്വീറ്റ് ചെയ്തു. ചലാപതിയുടെ പരാമർശത്തോട് താനൊരിക്കലും യോജിക്കില്ലെന്ന് നാഗ ചൈതന്യയും ട്വീറ്റ് ചെയ്തു.

റെണ്ടോയ് വെഡുക്കയുടെ നിർമാതാണ് നാഗാർജുന. നാഗ ചൈതന്യ, രാഹുൽ പ്രീത് സിങ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. വെളളിയാഴ്ചയാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook