കായിക താരങ്ങളുടെ ജീവിതത്തെ ആസ്പദമാക്കി ബോളിവുഡില്‍ വന്ന ചിത്രങ്ങള്‍ എക്കാലത്തും വന്‍ ഹിറ്റുകളായിരുന്നു. ഭാഗ് മില്‍ക്കാ ഭാഗ്, മേരി കോം, എം.എസ്.ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി, ദംഗല്‍, സച്ചില്‍ എ ബില്യണ്‍ ഡ്രീംസ് എന്നിവയൊക്കെ അവയില്‍ ചിലതാണ്. ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ മുന്‍ നായകന്‍ ബൈച്ചുങ് ബുട്ടിയയുടെ ജീവിതകഥ സിനിമയാകുന്നുവെന്നാണ് ഇപ്പോള്‍ ബോളിവുഡില്‍ നിന്നുളള വാര്‍ത്ത. ‘സില ഗാസിയാബാദ്’ എന്ന ചിത്രം സംവിധാനം ചെയ്ത് ശ്രദ്ധേയനായ ആനന്ദ് കുമാറാണ് ചിത്രമൊരുക്കുന്നത്.

ചിത്രത്തില്‍ ആരെ നായകനാക്കണം എന്ന ചര്‍ച്ച പുരോഗമിക്കുകയാണ്. തന്റെ ജീവിതം സിനിമയാക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ബൂട്ടിയ പറഞ്ഞു. വെളളിത്തിരയിലേക്ക് പകര്‍ത്താന്‍ മാത്രം പോന്ന ജീവിതകഥ തനിക്കുണ്ടെന്ന് അറിയുന്നതില്‍ ആദരിക്കപ്പെട്ടതായി തോന്നുന്നെന്ന് അദ്ദേഹം വ്യക്തമാക്കി.

‘സിക്കിമിലെ ഒരു ചെറിയ നഗരത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. ഇന്ത്യന്‍ ടീമില്‍ കളിക്കുക എന്നത് മാത്രമായിരുന്നില്ല എന്റെ സ്വപ്നം. സ്വന്തമായൊരു ഫുട്ബോള്‍ ക്ലബ്ബ് തുടങ്ങണമെന്ന ആഗ്രഹവും ഉണ്ടായിരുന്നു. യുണൈറ്റഡ് സിക്കിം ഉണ്ടാക്കിയതോടെ ആ സ്വപ്നവും നിറവേറി,’ ബൂട്ടിയ പറഞ്ഞു. സര്‍ക്കാര്‍, റൈഡ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ പ്രശാന്ത് പാണ്ഡെ ആണ് തിരക്കഥ രചിക്കുന്നത്. തിരക്കഥ രചനയില്‍ തന്റെ സാന്നിധ്യം വേണമെന്ന് പറഞ്ഞത് സന്തോഷമുളള കാര്യമാണെന്ന് ബൂട്ടിയ പറഞ്ഞു.

ഇന്ത്യൻ കായികരംഗത്ത് 16 വർഷത്തോളം തിളങ്ങി നിന്ന ബൂട്ടിയ 2011 ഓഗസ്റ്റിൽ ദേശീയ ടീമിൽ നിന്നും വിരമിച്ചു. ഇപ്പോൾ കൂട്ടുടമസ്ഥതയിലുള്ള യുണൈറ്റഡ് സിക്കിം ക്ലബ്ബിന്റെ കളിക്കാരനും സാങ്കേതിക ഉപദേശകനുമായി തുടരുന്നു. സിക്കിമിലെ നമാച്ചി ഗ്രാമത്തിൽ കർഷകകുടുംബത്തിൽ ജനിച്ച ബൂട്ടിയ ചെറുപ്രായത്തിൽതന്നെ കാൽപന്ത് കളിക്കാൻ തുടങ്ങി. ഒരു പതിറ്റാണ്ടുകാലം ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനം അലങ്കരിച്ച ബൂട്ടിയ 107 രാജ്യാന്തര മത്സരങ്ങളിൽ നിന്ന് 42 ഗോളുകൾ നേടിയിട്ടുണ്ട്. മൂന്നു തവണ മികച്ച കളികാരനുള്ള പുരസ്കാരം ലഭിച്ച ഐ.എം.വിജയൻ ഇന്ത്യൻ ഫുട്ബോളിന് ലഭിച്ച ദൈവത്തിന്റെ സമ്മാനമായാണ് ബൈച്ചുങ് ബൂട്ടിയയെ വിശേഷിപ്പിച്ചത്. 1999-ൽ ഇംഗ്ലണ്ടിലെ ബറി ക്ലബ്ബിന് വേണ്ടി കളിച്ച ബൂട്ടിയ, യൂറോപ്പിൽ പ്രൊഫഷണൽ ഫുട്‌ബോൾ കളിക്കുന്ന ആദ്യത്തെ ഇന്ത്യൻ താരമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook