ഇന്നലെ ദുല്‍ഖര്‍ സല്‍മാന്‍ പങ്കെടുത്ത പരിപാടിയിലെ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിച്ച സംഭവത്തെത്തുടര്‍ന്ന് ട്വിറ്റെറില്‍ പരിപാടിയുടെ ചിത്രം പങ്ക് വച്ച ആരാധകനോട് ദുല്‍ഖറിന്റെ അഭ്യര്‍ത്ഥന. ഈ സെല്‍ഫി തന്റെ ഫോണിലാണ് ദുല്‍ഖര്‍ പകര്‍ത്തിയത് എന്ന സന്തോഷം പങ്കിടുകയായിരുന്നു ആരാധകന്‍.

“നിങ്ങള്‍ പരിക്ക് പറ്റാതെ സൂക്ഷിക്കണം എന്ന് ഞാന്‍ ആത്മാര്‍ഥമായി ആവശ്യപ്പെടുകയാണ്”, എന്നാണ് ഇതിനു മറുപടിയായി ദുല്‍ഖര്‍ കുറിച്ചത്.

DQ Tweet

കൊട്ടാരക്കരയിലെ ഒരു മാളിന്റെ ഉദ്ഘാടനത്തിനാണ് ദുല്‍ഖര്‍ എത്തിയത്. പരിപാടിക്കിടെ പ്രാവച്ചമ്പലം സ്വദേശി ഹരിയാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. ദുല്‍ഖര്‍ എത്തുന്നതിനും മണിക്കൂറുകള്‍ക്ക് മുമ്പേ സ്ഥലത്ത് നടനെ കാണാന്‍ ആളുകള്‍ തടിച്ചു കൂടിയിരുന്നു. ദുല്‍ഖര്‍ എത്തിയതോടെ തിരക്ക് കൂടുകയായിരുന്നു. പൊലീസ് സ്ഥലത്തുണ്ടായിട്ടും തിരക്ക് നിയന്ത്രിക്കാനായില്ല. വാഹനങ്ങളും ബ്ലോക്കില്‍ കുടുങ്ങി ഗതാഗതം തടസ്സപ്പെട്ടു. ദുല്‍ഖര്‍ എത്തിയതോടെ തിക്കിലും തിരക്കിലും പെട്ട് ഹരി കുഴഞ്ഞു വീഴുകയായിരുന്നു.

ഇയാളെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഹരിക്ക് നേരത്തെ ഹൃദയാഘാതം ഉണ്ടായിരുന്നതായാണ് വിവരം. സംഭവത്തില്‍ ഗതാഗത തടസം സൃഷ്ടിച്ചതിന് മാള്‍ ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

 

ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ച ആദ്യ ഹിന്ദി ചിത്രമായ ‘കാര്‍വാ’ ഇപ്പോള്‍ തിയേറ്ററുകളില്‍ ഉണ്ട്. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍, ഇര്‍ഫാന്‍ ഖാന്‍ എന്നിവരുടെ പ്രകടനങ്ങള്‍ ഏറെ പ്രശംസ നേടുമ്പോഴും ചിത്രതിനാകമാനം സമ്മിശ്ര പ്രതികരണങ്ങളാണ്.

Read More : Karwaan Review: സ്വാഭാവികത്വത്തിന്റെ കൈപിടിച്ച് ദുല്‍ഖര്‍ സല്‍മാന്‍ താണ്ടുന്ന മികവിന്റെ വഴികള്‍

മലയാളത്തില്‍ ബി സി നൗഫല്‍ സംവിധാനം ചെയ്യുന്ന ‘ഒരു യമണ്ടന്‍ പ്രേമകഥ എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. തെലുങ്ക്‌, തമിഴ്, ഹിന്ദി ഭാഷാ ചിത്രങ്ങളില്‍ തിരക്കേറിയ ദുല്‍ഖര്‍ സല്‍മാന്‍ ഈ വര്‍ഷം അഭിനയിക്കുന്ന ആദ്യ മലയാള ചിത്രമാണിത്. അമേരിക്കയില്‍ അവധിക്കാലം, നാഫാ പുരസ്കാരങ്ങള്‍, എന്നിവ കഴിഞ്ഞാണ് ദുല്‍ഖര്‍ ഇതിന്റെ ലൊക്കേഷനില്‍ എത്തിയത്. വിഷ്ണു ഉണ്ണികൃഷ്ണന്‍-ബിബിന്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ആന്റോ ജോസഫ്‌ ആണ് നിര്‍മ്മാതാവ്. നടന്മാര്‍ കൂടിയായ തിരക്കഥാകൃത്തുക്കള്‍ക്ക് പുറമേ സൗബിന്‍ ശാഹിര്‍, രമേശ്‌ പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, സലിം കുമാര്‍ എന്നിവരും ‘ഒരു യമണ്ടന്‍ പ്രേമകഥ’യില്‍ അഭിനയിക്കുന്നു. സംഗീതം. നാദിര്‍ഷാ, ക്യാമറ. സുജിത് വാസുദേവ്, എഡിറ്റര്‍ ജോണ്‍ കുട്ടി, വിതരണം. ആന്റോ ജോസഫ്‌ ഫിലിം കമ്പനി

Read More : ദുല്‍ഖര്‍ സല്‍മാന്‍റെ ‘ഒരു യമണ്ടന്‍ പ്രേമകഥ’

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ