ദുൽഖർ സൽമാന്റെ ‘സല്യൂട്ടി’ന് പിന്നാലെ മമ്മൂട്ടി നായകനാകുന്ന ‘പുഴു’ എന്ന ചിത്രവും ഒടിടി റിലീസിനൊരുങ്ങുന്നു. സോണി ലിവിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുക. ‘പുഴു’ ഒടിടി റിലീസ് ആയിരിക്കുമെന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. സോണി ലിവ് അധികൃതർ തന്നെയാണ് റിലീസ് വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.
ഡയറക്ട് ഒടിടി റിലീസ് ആകുന്ന ആദ്യ മമ്മൂട്ടി ചിത്രമാണ് ‘പുഴു’. ദുൽഖറിന്റെ നിർമ്മാണകമ്പനിയായ വേഫെറെർ ഫിലിംസും സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോർജും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സല്യൂട്ടും വേഫറെർ തന്നെയാണ് നിർമ്മാണം. നവാഗതയായ റത്തീനയാണ് ‘പുഴു’ സംവിധാനം ചെയ്തിരിക്കുന്നത്. പാർവതി തിരുവോത്താണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി സോണി ലിവ് പ്രഖ്യാപിച്ചിട്ടില്ല.
ഉണ്ടയുടെ കഥാകൃത്തായ ഹർഷാദ് ആണ് പുഴുവിന്റെ കഥയൊരുക്കുന്നത്. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേർന്ന് തിരക്കഥയൊരുക്കുന്ന ചിത്രമാണിത്.
മമ്മൂട്ടി, പാർവതി എന്നിവരെ കൂടാതെ, നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പേരൻപ്, ധനുഷ് ചിത്രം കർണ്ണൻ, അച്ചം യെൻപത് മടമയാടാ, പാവൈ കഥൈകൾ തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായ തേനി ഈശ്വറാണ് ചിത്രത്തിന്റെ ക്യാമറമാൻ. മനു ജഗദ് ആണ് കലാസംവിധാനം.
അതേസമയം, ദുൽഖർ സൽമാനും അദ്ദേഹത്തിന്റെ നിർമ്മാണ കമ്പനിയായ വെഫററിനും തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് (FEUOK) വിലക്കേർപ്പെടുത്തിയിരുന്നു. സല്യൂട്ട്’ ഒടിടിക്ക് നൽകിയതിനെ തുടർന്നാണ് നടപടി. ദുൽഖറുമായി സഹകരിക്കില്ലെന്ന് തിയേറ്റർ ഉടമകൾ അറിയിച്ചു. കൊച്ചിയിൽ നടന്ന ഫിയോക് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ധാരണയും വ്യവസ്ഥകളും ലംഘിച്ചാണ് ചിത്രം ഒടിടിക്ക് നൽകിയതെന്നാണ് ഫിയോക്കിന്റെ ആരോപണം. ദുൽഖറിന്റെ ഇതരഭാഷ സിനിമകളുമായും സഹകരിക്കില്ലെന്ന് ഫിയോക് അറിയിച്ചതായാണ് റിപ്പോർട്ടുകൾ.
Also Read: ഈ ആഴ്ച ഒടിടി റിലീസിനെത്തുന്ന ചിത്രങ്ങൾ