നടി ആക്രമിക്കപ്പെട്ട കേസിൽ അകപ്പെട്ടിരിക്കുകയാണ് മലയാളത്തിലെ സൂപ്പർ താര പദവിയുള്ള ദിലീപ്. കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കുറ്റവുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തെ റിമാന്റ് ചെയ്തതോടെ താര സംഘടന അമ്മ ഇദ്ദേഹത്തെ പ്രാഥമിക അംഗത്വത്തിൽ നിന്ന് തന്നെ പുറത്താക്കിയിരുന്നു.

ഇതിന് പുറമേ, ഫെഫ്കയും പ്രാഡ്യൂസേർസ് അസോസിയേഷനും ഈയിടെ ദിലീപ് രൂപീകരിച്ച വിതരണക്കാരുടെ സംഘടനയും ദിലീപിനെ പുറത്താക്കി. ഈ സാഹചര്യത്തിൽ മലയാള സിനിമ രംഗത്ത് വലിയ പ്രതിസന്ധിയാണ് ദിലീപുമായി ബന്ധപ്പെട്ട പ്രൊജക്ടുകളിലൂടെ ഉടലെടുത്തിരിക്കുന്നത്.

രാമലീല അടക്കം ദിലീപ് ഉൾപ്പെട്ട 60 കോടിയിലേറെ രൂപയുടെ പ്രൊജക്ടുകളാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. പ്രൊമോ വീഡിയോയിലൂടെ തരംഗമായി മാറിയ രാമലീല, മലയാള സിനിമ ലോകത്ത് വലിയ വിജയം നേടുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

മോഹൻലാലിനെ നായകനാക്കി 150 കോടിയുടെ വിജയം നേടിയ പുലിമുരുകന് ശേഷം ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന ചിത്രമാണ് രാമലീല. 11 കോടിയാണ് ചിത്രത്തിന് ടോമിച്ചൻ മുതൽമുടക്കിയത്. ശക്തമായ രാഷ്ട്രീയ കഥയാണ് ചിത്രത്തിന്റെ ഉള്ളടക്കം. നായകവേഷത്തിൽ എത്തുന്ന ദിലീപ് എംഎൽഎ ആയാണ് അഭിനയിച്ചിരുന്നത്.

ദിലീപ് തന്നെ മൂന്ന് വ്യത്യസ്ഥ ഗെറ്റപ്പുകളിൽ എത്തുന്ന കമ്മാര സംഭവം എന്ന ചിത്രവും ദിലീപിന്റെ അറസ്റ്റോടെ പെട്ടിയിലായിരിക്കുകയാണ്. ഏതാണ്ട് 20 കോടിയോളം മുടക്കിയാണ് സിനിമ നിർമ്മിച്ചത്. പരസ്യ ചിത്ര സംവിധാന രംഗത്ത് തിളങ്ങിയ രതീഷ് അമ്പാട്ടിന്റെ ആദ്യ മുഴുനീള ഫീച്ചർ സിനിമയായിരുന്നു കമ്മാര സംഭവം.സിനിമയുടെ അവസാന ഘട്ട ചിത്രീകരണങ്ങൾ തേനിയിൽ നടന്നുവരികയായിരുന്നു.

ത്രീഡി ചിത്രമായ പ്രൊഫസർ ഡിങ്കന്റെ ചിത്രീകരണവും പുരോഗമിക്കുന്നതിനിടയിലാണ് ദിലീപിന്റെ അറസ്റ്റ് വന്നത്. ഇതോടെ ഈ ചിത്രത്തിന്റെ കാര്യത്തിലും പ്രതിസന്ധി ഉടലെടുത്തു. മാസങ്ങൾക്ക് മുൻപ് തന്നെ ഡിങ്കന്റെ പ്രചാരണ പ്രവർത്തനങ്ങൾ സോഷ്യൽ മീഡിയയിലും പുറത്തും സജീവമായിരുന്നു. പ്രശസ്ത ഛായഗ്രാഹകൻ രാമചന്ദ്രബാബുവിന്റെ ആദ്യ സംവിധാന സംരംഭമാണ് ഡിങ്കൻ.

ഈ ചിത്രങ്ങൾക്ക് പുറമേ സദ്ദാം ശിവൻ, ഞാനാരാ മോൻ, ഈ പറക്കും തളിക രണ്ടാം ഭാഗം, വാളയാർ പരമശിവം, പിക് പോക്കറ്റ് തുടങ്ങിയ സിനികളും ഉപേക്ഷിക്കേണ്ട നിലയിലാണ്. ദിലീപ് കേസിൽ നിരപരാധിയാണെന്ന് തെളിയാതെ ഈ ചിത്രങ്ങൾ പുറത്തിറങ്ങുന്ന കാര്യം ആലോചിക്കാൻ പോലും സാധിക്കില്ലെന്നാണ് റിപ്പോർട്ടുകൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ