കൊച്ചിയില്‍ മമ്മൂട്ടിയെ കണ്ടതിനു പിന്നാലെ മോഹന്‍ലാലിനെ പാലക്കാട് തേന്‍കുറിശ്ശിയിലെത്തി കണ്ടു നിക്ക് ഉട്ട്. ‘ഒടിയന്‍’ ചിത്രീകരണത്തിനിടെയിലാണ് നിക്ക് മോഹനലാലിനെ കണ്ടു സമയം ചിലവിട്ടത്. നടന്‍ പ്രകാശ് രാജ്, സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ എന്നിവരും നിക്കിന്‍റെ സന്ദര്‍ശന വേളയില്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നു. ലോക പ്രശസ്ത ഫോട്ടോഗ്രാഫാര്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളായി കേരളത്തിലുണ്ട്.

മമ്മൂട്ടിയുടെ ചിത്രങ്ങള്‍ എടുത്ത നിക്ക് ഉട്ട് മോഹന്‍ലാലിന്‍റെ ലൊക്കേഷനില്‍ എത്തി അദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരം നേടുന്നത്.

വായിക്കാം: ഫോട്ടോഗ്രാഫറുടെ ഫോട്ടോ എടുത്ത് മമ്മൂക്ക

‘ഒടിയന്‍’ ലൊക്കേഷനില്‍ എത്തിയ നിക്കിന്‍റെ ചിത്രങ്ങള്‍ കാണാം.

വിയറ്റ്‌നാമിലെ ഭീകര അവസ്ഥ ലോകത്തെ അറിയിച്ച പ്രശസ്തമായ, നഗ്നയായി റോഡിലൂടെ ഓടി വരുന്ന പെണ്‍കുട്ടിയെ ഫോട്ടോ എടുത്തത് നിക്ക് ആയിരുന്നു. വിയറ്റ്‌നാം യുദ്ധകാലത്ത് യുദ്ധത്തിന്റെ ഭീകരത ഒറ്റ ക്ലിക്കില്‍ ലോകത്തിനു മുമ്പില്‍ തുറന്ന് കാട്ടിയതോടെയാണ് നിക്ക് ഉട്ട് ലോകത്തിനു മുമ്പില്‍ സമാധാനത്തിന്റെ പ്രചാരകനായത്. അസോസിയേറ്റഡ് പ്രസിനു വേണ്ടിയെടുത്ത ‘ടെറര്‍ ഓഫ് വാര്‍’ എന്ന ചിത്രമാണ് അദ്ദേഹത്തിന് 1973 ല്‍ പുലിറ്റ്‌സ്യര്‍ പ്രൈസ് നേടിക്കൊടുത്തത്.

പല കാലങ്ങളിലായി മാണിക്യന്‍റെ കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ പല പ്രായക്കാരനായും എത്തുന്നു എന്നതാണ് ഒടിയന്‍റെ പ്രത്യേകത. ‘ഇരുവര്‍’ എന്ന തമിഴ് ചിത്രത്തിന് ശേഷം പ്രകാശ്‌ രാജും മോഹന്‍ലാലും ഒന്നിക്കുന്നു എന്നത് പ്രേക്ഷകരെ ത്രസിപ്പിക്കുന്ന മറ്റൊരു കാര്യം.

പാലക്കാട്, വാരണാസി എന്നിവിടങ്ങളില്‍ ചിത്രീകരിക്കുന്ന ‘ഒടിയ’ന്‍റെ തിരക്കഥ ഹരികൃഷ്ണന്‍, ക്യാമറ ഷാജി, സംഗീതം എം.ജയചന്ദ്രന്‍, കലാസംവിധാനം പ്രശാന്ത് മാധവ്. മൂന്ന് കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ‘ഒടിയ’ന്‍റെ കഥയ്ക്ക് അതിനനുസൃതമായ കഥാ പരിസരങ്ങള്‍ പാലക്കാട് തേന്‍കുറിശ്ശിയില്‍ പ്രശാന്ത് സൃഷ്ടിക്കുന്നുണ്ട്.

ചിത്രങ്ങള്‍ക്ക് കടപ്പാട്: ട്വിറ്റെര്‍/പ്ലൂമേറിയ മൂവീസ്

 

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ