അടുത്ത കാലത്ത് മലയാള സിനിമക കണ്ട മികച്ച വിജയങ്ങളിലൊന്നും, ട്രെന്‍ഡ് സെറ്ററുമായിരുന്നു ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രം ചാര്‍ളി. ദുല്‍ഖറിന്റെ കരിയറിലെ തന്നെ സൂപ്പര്‍ഹിറ്റുകളിലൊന്നായിരുന്നു ഈ ചിത്രം. ചാര്‍ളിക്കു ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ടും ദുല്‍ഖര്‍ സല്‍മാനും വീണ്ടും ഒന്നിക്കുന്നതായി സൂചന.

ക്യാമറാമാന്‍ ജോമോണ്‍ ടി.ജോണ്‍ തന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ പോസ്റ്റു ചെയ്ത ഫോട്ടോയാണ് പ്രേക്ഷകരില്‍ ആകാംക്ഷ നിറച്ചിരിക്കുന്നത്. ചാര്‍ളിയുടെ ക്യാമറ കൈകാര്യം ചെയ്തത് ജോമോനായിരുന്നു. ചിത്രത്തിനൊപ്പം ഡിക്യുവും മാര്‍ട്ടിന്‍ പ്രക്കാട്ടും വീണ്ടും ഒന്നിക്കുന്നുവെന്നും എഴുതിയിട്ടുണ്ട്. എന്നാല്‍ സിനിമയാണോ പരസ്യ ചിത്രമാണോ എന്നു വ്യക്തമല്ല.

A post shared by JomonTjohn (@jomontjohn) on

ദുല്‍ഖര്‍ ചാര്‍ളിയായി എത്തിയ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് പ്രശസ്ത എഴുത്തുകാരന്‍ ഉണ്ണി ആര്‍ ആയിരുന്നു. പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ നേടിയ ചിത്രമായിരുന്നു ചാര്‍ളി. പാര്‍വതിയും അപര്‍ണ ഗോപിനാഥുമായിരുന്നു ഈ ചിത്രത്തിലെ നായികമാര്‍. കല്‍പന അവസാനമായി അഭിനയിച്ച ചിത്രം കൂടിയായിരുന്നു ഇത്.

മികച്ച നടന്‍, മികച്ച നടി, മികച്ച സംവിധായകന്‍, മികച്ച ഛായാഗ്രാഹകന്‍ എന്നിവയുള്‍പ്പടെ എട്ടു സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ചാര്‍ളി സ്വന്തമാക്കി. കൊച്ചി, മൂന്നാര്‍, ഗുജറാത്ത് എന്നിവയായിരുന്നു പ്രധാന ലൊക്കേഷനുകള്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ