കൊച്ചി: പേരിനൊപ്പമുള്ള മേനോന്‍ എന്ന ജാതിവാല്‍ മുറിച്ച് സംവിധായകന്‍ വി.എ ശ്രീകുമാര്‍. പാലക്കാട് മെഡിക്കല്‍ കോളേജില്‍ നടന്‍ ബീനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോന്‍ അപമാനിച്ച സംഭവത്തിന് പിന്നാലെയാണ് സംവിധായകന്‍ പേരിനൊപ്പമുള്ള ജാതിവാല്‍ ഉപേക്ഷിച്ചത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.

ബിനീഷ് ബാസ്റ്റിനെ പിന്തുണച്ച് ശ്രീകുമാര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ബിനീഷ് ബാസ്റ്റിന്റെ പ്രതിഷേധം കണ്ട് കണ്ണ് നിറഞ്ഞെന്നും ജീവിതത്തില്‍ അപമാനിതരാകുക എന്നത് എത്രമാത്രം വേദനാജനകമാണെന്ന് അതേറ്റുവാങ്ങുന്നവര്‍ക്കേ അറിയൂവെന്നുമായിരുന്നു അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Read More: ബിനീഷ് ബാസ്റ്റിൻ തൊണ്ടയിടറി പറഞ്ഞു; “ഞാൻ നാഷണൽ അവാർഡ് നേടിയിട്ടില്ല, ഇങ്ങനെയൊന്നും ആരോടും ചെയ്യരുത്”

”എസ്എസ്എല്‍സി ബുക്കിലോ, കോളജ് പഠനകാലത്തോ എന്റെ പേരിനൊപ്പം ജാതിവാല്‍ ഉണ്ടായിരുന്നില്ല. അരവിന്ദാക്ഷ മേനോന്‍ എന്നാണ് അച്ഛന്റെ പേര്. സിനിമയില്‍ ഒരുപാട് ശ്രീകുമാര്‍മാര്‍ ഉള്ളതിനാല്‍ അച്ഛന്റെ പേരിലുള്ള മേനോന്‍ ചേര്‍ക്കാന്‍ ചിലര്‍ ഉപദേശിച്ചത് അന്ന് അംഗീകരിച്ചതില്‍ ഖേദിക്കുന്നു” ശ്രീകുമാര്‍ പറയുന്നു.

”ഇന്നലെ പാലക്കാട് മെഡിക്കല്‍ കോളജില്‍ നടന്‍ ബിനീഷ് ബാസ്റ്റ്യനു നേരെ നടന്ന അതിക്രമവും അദ്ദേഹത്തിന്റെ പ്രതികരണവും എന്നെ ശക്തമായ ഒരു തീരുമാനത്തിലേയ്ക്ക് ഇപ്പോള്‍ എത്തിച്ചിരിക്കുന്ന വിവരം ഞാന്‍ എല്ലാവരേയും അറിയിക്കുകയാണ്- ‘മേനോന്‍ എന്ന ജാതിവാല് ഞാന്‍ എന്റെ പേരില്‍ നിന്നും ഇതിനാല്‍ ഉപേക്ഷിക്കുന്നു. ഇനി വി.എ ശ്രീകുമാര്‍ മേനോന്‍ എന്നു വേണ്ട. ‘വി.എ ശ്രീകുമാര്‍’ എന്ന് അറിയപ്പെട്ടാല്‍ മതി” അദ്ദേഹം വ്യക്തമാക്കി.

Also Read: മേസ്‌തിരിപ്പണിക്കു പോകാനും തയ്യാര്‍, അനില്‍ രാധാകൃഷ്ണമേനോന്‍ ഉത്തരം നല്‍കണം: ബിനീഷ്

ശ്രീകുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പ്രിയമുള്ളവരേ,

കുട്ടിക്കാലം മുതല്‍ ജാതി ചിന്തകള്‍ക്ക് അതീതമായി വളര്‍ന്ന വ്യക്തിയാണ് ഞാന്‍. എന്റെ ആത്മമിത്രങ്ങളും സുഹൃത്തുക്കളുമായി അടുത്തുണ്ടായിരുന്നത് വീടിനോട് ചേര്‍ന്നുള്ള അമ്പലക്കാട് ദളിത് കോളനിയിലെ സഹോദരങ്ങളാണ്. ഇന്നും എന്റെ ജീവിതത്തിന്റെ ഭാഗമാണ് ആ കോളനിയിലെ ഓരോ വീടും ജീവിതവും. അതേസമയം, എന്റെ പേരിന് ഒപ്പമുള്ള ജാതിവാല്‍ എന്നെക്കുറിച്ചും ഞാന്‍ വിശ്വസിക്കുന്ന മൂല്യങ്ങളെ കുറിച്ചും തെറ്റായ ധാരണ പരത്തുന്നുവെന്ന് കുറച്ചു നാളുകളായി ബോധ്യപ്പെടുന്നുണ്ട്.

അടുത്ത കാലത്തായി സമൂഹത്തില്‍ നടക്കുന്നതും ഇന്നലെ നടന്നതുമായ സംഗതികള്‍ എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു. പേരിനൊപ്പമുള്ള ജാതിവാല്‍ എന്നെ വല്ലാതെ പൊള്ളിക്കുന്നു. ആ ജാതിവാല്‍ തിരിഞ്ഞു നിന്ന് എന്നെത്തന്നെ ചോദ്യം ചെയ്യുന്നു.

Read More: ബിനീഷ് ബാസ്റ്റിനെന്നല്ല, ആരുമായും വേദി പങ്കിടാന്‍ താല്‍പ്പര്യമില്ല: അനില്‍ രാധാകൃഷ്ണ മേനോന്‍

എസ്എസ്എല്‍സി ബുക്കിലോ, കോളജ് പഠനകാലത്തോ എന്റെ പേരിനൊപ്പം ജാതിവാല്‍ ഉണ്ടായിരുന്നില്ല. അരവിന്ദാക്ഷ മേനോന്‍ എന്നാണ് അച്ഛന്റെ പേര്. സിനിമയില്‍ ഒരുപാട് ശ്രീകുമാര്‍മാര്‍ ഉള്ളതിനാല്‍ അച്ഛന്റെ പേരിലുള്ള മേനോന്‍ ചേര്‍ക്കാന്‍ ചിലര്‍ ഉപദേശിച്ചത് അന്ന് അംഗീകരിച്ചതില്‍ ഖേദിക്കുന്നു.

ഇന്നലെ പാലക്കാട് മെഡിക്കല്‍ കോളജില്‍ നടന്‍ ബിനീഷ് ബാസ്റ്റ്യനു നേരെ നടന്ന അതിക്രമവും അദ്ദേഹത്തിന്റെ പ്രതികരണവും എന്നെ ശക്തമായ ഒരു തീരുമാനത്തിലേയ്ക്ക് ഇപ്പോള്‍ എത്തിച്ചിരിക്കുന്ന വിവരം ഞാന്‍ എല്ലാവരേയും അറിയിക്കുകയാണ്- ‘മേനോന്‍ എന്ന ജാതിവാല് ഞാന്‍ എന്റെ പേരില്‍ നിന്നും ഇതിനാല്‍ ഉപേക്ഷിക്കുന്നു. ഇനി വി.എ ശ്രീകുമാര്‍ മേനോന്‍ എന്നു വേണ്ട. ‘വി.എ ശ്രീകുമാര്‍’ എന്ന് അറിയപ്പെട്ടാല്‍ മതി”

സ്‌നേഹപൂര്‍വ്വം,
വി.എ ശ്രീകുമാര്‍

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook