scorecardresearch
Latest News

ബാഹുബലിക്ക് പിന്നാലെ കട്ടപ്പയും ലണ്ടനിലേക്ക്; മാഡം തുസാഡ്സില്‍ മെഴുക് പ്രതിമ ഒരുങ്ങുന്നു

ഇത്തരത്തില്‍ ലണ്ടനില്‍ ആദരിക്കപ്പെടുന്ന ആദ്യ തമിഴ് താരമായി സത്യരാജ് മാറും

ബാഹുബലിക്ക് പിന്നാലെ കട്ടപ്പയും ലണ്ടനിലേക്ക്; മാഡം തുസാഡ്സില്‍ മെഴുക് പ്രതിമ ഒരുങ്ങുന്നു

ലണ്ടന്‍: ആഗോളതലത്തില്‍ തന്നെ ശ്രദ്ധ നേടിയ ചിത്രമാണ് എസ്എസ് രാജമൗലിയുടെ ബാഹുബലി. 2015ല്‍ ആദ്യംഭാഗം പുറത്തിറങ്ങി മികച്ച ഹിറ്റാവുകയും രണ്ടാം ഭാഗത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയും ചെയ്തു. രണ്ടാം ഭാഗം നിരവധി ബോക്സ്ഓഫീസ് റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചാണ് പണം വാരിയത്. കൂടാതെ ആദ്യമായി 1000 കോടി നേടുന്ന ഒരു ഇന്ത്യന്‍ ചിത്രമെന്ന് റെക്കോര്‍ഡും ബാഹുബലി 2 നേടി.

ചിത്രം ഇത്രയും വിജയം ആവാന്‍ കാരണം മികച്ച കഥയും അവതരിപ്പിച്ച രീതിയും ആണെങ്കിലും ചിത്രത്തിലെ താരങ്ങളുടെ പ്രകടനം ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. ബാഹുബലിയായി ചിത്രത്തില്‍ നിറഞ്ഞ പ്രഭാസ് കഴിഞ്ഞാല്‍ കട്ടപ്പയായി വേഷമിട്ട സത്യരാജ് ആണ് പ്രേക്ഷകരുടെ മനസ് കീഴടക്കിയ പ്രകടനം കാഴ്ച്ച വെച്ചത്. മഹിഷ്മതി സാമ്രാജ്യത്തിലെ കൂറുള്ളൊരു സേനാധിപനായാണ് സത്യരാജ് അഭിനയിച്ചത്. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ലണ്ടനിലെ പ്രശസ്ത മ്യൂസിയമായ മാഡം തുസാഡ്സില്‍ കട്ടപ്പയും നെഞ്ച് വിരിച്ച് നില്‍ക്കും. പ്രഭാസിന് പിന്നാലെ സത്യരാജിന്റെ മെഴുക് പ്രതിമയും മ്യൂസിയത്തില്‍ നിര്‍മ്മിക്കുമെന്നാണ് വിവരം.

അങ്ങനെയാണെങ്കില്‍ ഇത്തരത്തില്‍ ലണ്ടനില്‍ ആദരിക്കപ്പെടുന്ന ആദ്യ തമിഴ് താരമായി സത്യരാജ് മാറും. മ്യൂസിയത്തില്‍ ഇടംനേടിയ ആദ്യ ദക്ഷിണേന്ത്യന്‍ താരം പ്രഭാസ് ആയിരുന്നു. ബാഹുബലി റിലീസിന് പിന്നാലെയായിരുന്നു മാഡം തുസാഡ്സില്‍ പ്രഭാസിന്റെ മെഴുക് പ്രതിമ പണിതിരുന്നത്. ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ ഏറെ ജനപ്രീതി നേടിയ ഇരുതാരങ്ങളേയും മാഡം തുസാഡ്സില്‍ എത്തിക്കുന്നത് കൂടുതല്‍ ആരാധകരെ മ്യൂസിയത്തിലെത്തിക്കും.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: After baahubali kattappa to get wax statue in london