തമിഴകത്ത് ഒരു കാലത്തെ താരസുന്ദരിയായിരുന്നു സ്നേഹ. വിവാഹത്തോടെ സിനിമയിൽനിന്നും വിട്ടുനിന്ന സ്നേഹ മടങ്ങി വരവിന് ഒരുങ്ങുകയാണ്. ശിവകാർത്തികേയൻ നായകനായ വേലെക്കാരൻ ആണ് സ്നേഹയുടെ ഏറ്റവും പുതിയ ചിത്രം. മൂന്നു വർഷങ്ങൾക്കുശേഷമാണ് സ്നേഹ വീണ്ടുമൊരു തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നത്. പക്ഷേ വേലെക്കാരൻ സ്നേഹയ്ക്ക് നിരാശയാണ് നൽകിയത്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സ്നേഹ തന്റെ നിരാശ പങ്കുവച്ചത്.

”വേലൈക്കാരനിൽ നല്ലൊരു സോഷ്യൽ മെസേജ് ഉണ്ട്. അതിനാലാണ് ആ ചിത്രത്തിൽ അഭിനയിച്ചത്. ചിത്രത്തിലെ കഥാപാത്രമായി മാറുക അത്ര എളുപ്പമായിരുന്നില്ല. കഥാപാത്രത്തിനായി ഭാരം കുറയ്ക്കാൻ സംവിധായകൻ ആവശ്യപ്പെട്ടു. മൂന്നു മാസം കടുത്ത ഡയറ്റിങ്ങിലൂടെയും വ്യായാമത്തിലൂടെയും 7 കിലോയോളം കുറച്ചു. പ്രസവശേഷം ഭാരം കുറയ്ക്കുന്നത് പ്രയാസമുളള കാര്യമാണ്. എന്നിട്ടും ആ സിനിമയ്ക്കുവേണ്ടി ഞാൻ അത് ചെയ്തു”.

”ഇത്രയൊക്കെ കഠിനമായി അധ്വാനിച്ചിട്ടും ചിത്രത്തിൽ എന്റെ കഥാപാത്രത്തെ വേണ്ടത്ര രീതിയിൽ കാണിച്ചില്ല. 18 ദിവസത്തോളം ഷൂട്ടിങ് ഉണ്ടായിരുന്നു. സിനിമയിൽ 15 മിനിറ്റെങ്കിലും എന്റെ കഥാപാത്രം ഉണ്ടാവുമെന്ന് കരുതി. എന്നാൽ തിയേറ്ററിലെത്തിയപ്പോൾ സ്ക്രീനിൽ ഞാനുണ്ടായിരുന്നത് വെറും 5 മിനിറ്റ് മാത്രം. ഞാൻ തടി കുറച്ചുവെന്നു ആരാധകർക്ക് മനസ്സിലാക്കാൻ പോലും സാധിച്ചില്ല. ഈ സിനിമയ്ക്കുവേണ്ടി ഒരുപാട് വേദനകൾ സഹിച്ചിട്ടുണ്ട്, ഞാൻ തീർത്തും നിരാശയാണ്”.

മൂന്നു ദിവസത്തെ എന്റെ ഷൂട്ടിലെ രംഗങ്ങൾ മാത്രമാണ് സിനിമയിൽ ഉണ്ടായിരുന്നത്. മറ്റുളള ഭാഗങ്ങളെല്ലാം അവസാനം കട്ട് ചെയ്ത് മാറ്റുകയായിരുന്നു. ഇടവേള ഇല്ലാതെ തുടർച്ചയായാണ് ഷൂട്ട് ഉണ്ടായിരുന്നത്. ഇടയ്ക്കിടയ്ക്ക് എന്റെ കോസ്റ്റ്യൂംസ് മാറ്റിക്കൊണ്ടിരുന്നു. തുടർച്ചയായുളള ഷൂട്ടിൽ ഞാൻ ക്ഷിണിച്ചിരുന്നു. സിനിമയിൽ ഒരു വീട്ടിൽ എന്നെ പൂട്ടിയിടുന്ന രംഗമുണ്ട്. ഒരാഴ്ചയോളം എടുത്താണ് അത് ചിത്രീകരിച്ചത്. സിനിമയിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് എന്റേതെന്നാണ് പറഞ്ഞത്. പക്ഷേ എന്നെ സഹതാരമാക്കി മാറ്റി. സിനിമയിൽനിന്നും എല്ലാ കാലത്തും ഇത്തരത്തിലുളള കഥാപാത്രങ്ങളുടെ ഓഫർ വന്നിട്ടുണ്ട്. ആർക്കു വേണമെങ്കിലും ചെയ്യാവുന്ന ഒരു റോൾ ചെയ്യാൻ ആഗ്രഹമില്ല. സ്നേഹ ചെയ്താൽ അത് നന്നായിരിക്കും എന്നു സംവിധായകർ ചിന്തിക്കുന്ന റോളുകൾ ചെയ്യാനാണ് താൽപര്യം. സിനിമയിലേക്കുളള മടങ്ങിവരവ് സിനിമയിൽ ഒന്നും ചെയ്യാനില്ലാത്ത കഥാപാത്രമാക്കി മാറ്റുന്നത് ഒരു നടിയും സഹിക്കുമെന്ന് തോന്നുന്നില്ല. മനസ്സിനെ വേദനിപ്പിക്കുന്നതാണത്”- സ്നേഹ പറഞ്ഞു.

ശിവകാര്‍ത്തികേയനൊപ്പം ഫഹദ് ഫാസിൽ എത്തുന്ന തമിഴ് ചിത്രമാണ് ‘വേലൈക്കാരൻ’. നയൻതാരയാണ് നായിക. മോഹന്‍ രാജാണ് ചിത്രത്തിന്റെ സംവിധായകൻ. ‘തനി ഒരുവന്‍’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍രാജ സംവിധാനം ചെയ്ത ചിത്രമാണിത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook