മലയാള സിനിമയില്‍ നെടുമുടി വേണു എന്ന നടന് മലയാള സിനിമാ ചരിത്രത്തോളം തന്നെ പ്രാധാന്യമുണ്ട്. ഏതു വേഷവും അഭിനയിച്ചു ഫലിപ്പിക്കാന്‍ കഴിവുള്ള നടന്‍. നായകനായും സഹനടനായും വില്ലനായും കഴിഞ്ഞ നാല്പതു വര്‍ഷത്തിനിടെ നെടുമുടി വേണു അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ ചില്ലറയല്ല. അഞ്ഞൂറു സിനിമകള്‍! അതൊരു ചെറിയ കാര്യവുമല്ല.

നെടുമുടി വേണുവും ശോഭനയും (തേന്മാവിൻ കൊമ്പത്ത്)

പ്രതിഭകളായ സംവിധായകര്‍ക്കൊപ്പവും, സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പവും, ന്യൂജന്‍ പിള്ളേര്‍ക്കൊപ്പവും മത്സരിച്ചഭിനയിക്കുന്ന നടന്‍. ഒടുവില്‍ ഈ അതുല്യപ്രതിഭയെ ആദരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് മലയാള സിനിമ ലോകം. നവംബര്‍ 26ന് തിരുവനന്തപുരത്ത് വച്ചാണ് സാംസ്‌കാരിക പരിപാടികളുടെ അകമ്പടിയോടെ വേണുവിനെ മലയാളം ആദരിക്കുന്നത്.

നെടുമുടി വേണുവിനെ ആദരിക്കുന്ന പൊതുപരിപാടിക്കു പുറമെ, വേണു അഭിനയിച്ച കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള സാംസ്‌കാരിക പരിപാടികളും, സംഗീത നിശയുമുണ്ടാകുമെന്ന് പ്രശസ്ത നിര്‍മ്മാതാവ് സുരേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Nedumudi Venu

കേരള സര്‍ക്കാരും, തിരുവനന്തപുരം ഫിലിം ഫ്രറ്റേണിറ്റിയും വയലാര്‍ രാമവര്‍മ്മ സാംസ്‌കാരിക സംഘടനയും ചേര്‍ന്നാണ് പരിപാടിക്കു ചുക്കാന്‍ പിടിക്കുന്നത്.

ആലപ്പുഴയിലെ നെടുമുടിക്കാരനായ വേണു നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് തലസ്ഥാനനഗരിയില്‍ എത്തുന്നത്. മാധ്യമപ്രവര്‍ത്തകനായാണ് ജീവിതം ആരംഭിക്കുന്നത്. പിന്നീട് പ്രശസ്ത കവിയും നാടകകൃത്തുമായ കാവാലം നാരായണപ്പണിക്കരുമായുള്ള അടുപ്പം വേണുവിനെ മലയാള സിനിമയിലേക്കെത്തിച്ചു.

 Nedumudi Venu, Kavalam

കാവാലത്തിനൊപ്പം നെടുമുടി വേണു

1978ല്‍ അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. ഭരതന്റെ ആരവം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായി. പത്മരാജന്റെ ഒരിടത്തൊരു ഫയല്‍വാന്‍ കാരണവര്‍ വേഷങ്ങളിലേക്കുള്ള ചുവടു മാറ്റത്തിനു നാന്ദിയായി. വൈകാതെ മലയാളത്തിലെ തിരക്കേറിയ സഹനടന്‍മാരില്‍ ഒരാളായി മാറി. അഭിനയ വൈദഗ്ദ്ധ്യവും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും നെടുമുടിയുടെ കഥാപാത്രങ്ങള്‍ക്ക് കരുത്തേകി. രണ്ടു തവണ ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡും നേടിയിട്ടുണ്ട്.

ചിത്രങ്ങൾക്ക് കടപ്പാട്: നെടുമുടി വേണു ഫെയ്സ്ബുക്ക് പ്രൊഫൈൽ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook