തമിഴ് സിനിമാ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സമരം അവസാനിച്ചു. 48 ദിവസം നീണ്ടു നിന്ന തമിഴ് സിനിമാസമരമാണ് ചര്‍ച്ചകള്‍ക്കൊടുവില്‍ അവസാനിപ്പിച്ചത്. തീയേറ്റര്‍ എക്സിബിറ്റേഴ്സ് അസോസിയേഷന്‍, ഡിസ്ട്രിബ്യൂട്ടേഴ്സ്, എഫ് ഇഎഫ് എസ്ഐ എന്നിവര്‍ മന്ത്രി കടമ്പൂര്‍ രാജുവിന്റെ നേതൃത്വത്തില്‍ തമിഴ്നാട് സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ വിജയിച്ചതോടെയാണ് സമരം പിന്‍വലിക്കാന്‍ ധാരണയായത്. പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ നേതാവായ വിശാല്‍ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചു.

ഓണ്‍ലൈന്‍ ടിക്കറ്റിന് പ്രേക്ഷകരില്‍ നിന്നും വാങ്ങുന്ന ചാര്‍ജ് കുറയ്ക്കം, കമ്പ്യൂട്ടറസൈഡ് ടിക്കറ്റിങ് ഏര്‍പ്പെടുത്തണം എന്നിവയായിരുന്നു പ്രൊഡ്യൂസേഴസ് കൗണ്‍സിലിന്റെ ഭാഗത്തു നിന്നുണ്ടായ ആവശ്യം. ഇനി മുതല്‍ ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ തന്നെ മിതമായ തുകയ്ക്ക് ടിക്കറ്റുകള്‍ ഓണ്‍ലൈനായി നല്‍കും. ജൂണ്‍ മുതല്‍ ഇ ടിക്കറ്റിംഗ് നിലവിലുള്ള നിരക്കിന്റെ 50 ശതമാനമായി കുറയും. കൂടാതെ ബോക്സോഫീസ് കളക്ഷനുകളില്‍ സുതാര്യത കൈവരുത്താനും തീരുമാനമായി.

സമരം തുടങ്ങിയതോടെ പല സിനിമകളും റിലീസ് ചെയ്യാതെ പെട്ടിയിലായിരുന്നു. കഴിഞ്ഞ ദിവസം പ്രഭുദേവയുടെ മെര്‍ക്കുറി തമിഴ്നാട്ടിലൊഴികെ മറ്റെല്ലാ ഭാഗങ്ങളിലും റിലീസ് ചെയ്തിരുന്നു. രജനികാന്ത് നായകനായ കാല ജൂണില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ