ഇന്ത്യന്‍ സംഗീതത്തിന്റെ ഇതിഹാസങ്ങളായ കെ.ജെ.യേശുദാസും എസ്‌പി.ബാലസുബ്രഹ്മണ്യവും ഒന്നിക്കുകയാണ് നീണ്ട 27 വര്‍ഷങ്ങള്‍ക്കു ശേഷം. ദ്വിഭാഷ ചിത്രമായ കിണറിനുവേണ്ടി ‘അയ്യാ സാമി’ എന്ന ഗാനമാണ് ഇരുവരും ചേര്‍ന്നു പാടുന്നത്.

1991ല്‍ മണിരത്‌നം സംവിധാനം ചെയ്ത ദളപതി എന്ന ചിത്രത്തിലെ ‘കാട്ടുക്കുയില് മനസുക്കുള്ളെ’ എന്ന ഗാനമാണ് ഇരുവരും ചേര്‍ന്ന് അവസാനമായി ആലപിച്ചത്. ആ ഗാനത്തിന് സംഗീതം നിര്‍വ്വഹിച്ചത് ഇളയരാജയായിരുന്നു. രജനീകാന്തും മമ്മൂട്ടിയും ചേര്‍ന്നാണ് ഗാനരംഗത്തില്‍ അഭിനയിച്ചത്. മമ്മൂട്ടിക്കുവേണ്ടി യേശുദാസും രജനീകാന്തിന് വേണ്ടി എസ്‌പിബിയും ശബ്ദമായി.

ബി.കെ.ഹരിനാരായണനും പളനി ഭാരതിയുമാണ് കിണറിലെ പാട്ടുകള്‍ക്ക് വരികളെഴുതിയിരിക്കുന്നത്. മലയാളത്തിലും തമിഴിലും ചിത്രം പുറത്തിറങ്ങും. മലയാളത്തില്‍ കിണറും, തമിഴില്‍ കെണിയുമാണ്. പാട്ടിന്റെ മലയാളം വരികള്‍ യേശുദാസും തമിഴ് വരികള്‍ എസ്‌പിബിയും ആലപിക്കും.

രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യങ്ങള്‍ ചിത്രീകരിക്കുന്ന പാട്ടിന് സംഗീതം പകര്‍ന്നിരിക്കുന്നത് എം.ജയചന്ദ്രനാണ്. ചിത്രത്തില്‍ ജയപ്രദ, രേവതി, പശുപതി, പാര്‍ഥിപന്‍, അര്‍ച്ചന, നാസര്‍, പാര്‍വ്വതി നമ്പ്യാര്‍, ഇന്ദ്രന്‍സ്, രണ്‍ജി പണിക്കര്‍, ജോയ് മാത്യു, അനു ഹസന്‍ എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എം.എ.നിഷാദാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. തമിഴ്‌നാട്-കേരള അതിര്‍ത്തിയിലെ ജലക്ഷാമപ്രശ്‌നമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ