കൊച്ചി: കൊറോണ വ്യാപനവും ലോക്ക്ഡൗണും മൂലം ജോർദാനിൽ കുടുങ്ങിയ പൃഥ്വിരാജും ‘ആടുജീവിതം’ ടീമും കൊച്ചിയിലെത്തി. 8.59 ന് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലാണ് എത്തിയത്. എയർ ഇന്ത്യ ഫ്ളെെറ്റ് നമ്പർ: 1902 ൽ ആണ് പൃഥ്വിരാജും സംഘവും എത്തിയത്. ഡൽഹിയിൽ നിന്ന് രാവിലെ 7.15 നാണ് എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ കൊച്ചിയിലേക്ക് പുറപ്പെട്ടത്. അമാനിൽ നിന്ന് ഡൽഹിയിലെത്തിയ ശേഷമാണ് കൊച്ചിയിലേക്ക് പുറപ്പെട്ടത്. ജോർദാനിൽ നിന്ന് കൊച്ചിയിലെത്തിയ പൃഥ്വിരാജ് അടക്കമുള്ള യാത്രക്കാർ ആരോഗ്യവകുപ്പിന്റെ നിർദേശം അനുസരിച്ച് ക്വാറന്റെെനിൽ കഴിയണം.
Read More: ഇനി ഹോം ക്വാറന്റൈൻ; പരിചരണത്തിന് നന്ദി പറഞ്ഞ് പൃഥ്വിരാജ്
എയർ പോർട്ടിൽ നിന്ന് ഫോർട്ട് കൊച്ചിയിലെ പെയ്ഡ് ക്വാറന്റൈനിലേക്കാണ് സംഘം നേരെ പോയത്. പൃഥ്വിരാജ് തന്റെ കാറിൽ സ്വയം ഡ്രൈവ് ചെയ്താണ് ഫോർട്ട് കൊച്ചിയിൽ എത്തിയത്. ഓൾഡ് ഹാർബർ ഹോട്ടലിലാണ് അദ്ദേഹം താമസിക്കുക.
സിനിമ താരങ്ങളുടെ സ്ഥിരം കേന്ദ്രം കൂടിയാണ് ഓൾഡ് ഹാർബർ ഹോട്ടൽ. ബോളിവിഡ് ചിത്രങ്ങളായ ഷെഫ്, മദ്രാസ് കഫെ എന്നിവ ഇവിടെയാണ് ചിത്രീകരിച്ചിട്ടുള്ളത്.
പൃഥ്വിരാജും :ആടുജീവിതം’ ടീമും സഞ്ചരിച്ച ഒമാനിൽ നിന്നുള്ള ഫ്ലൈറ്റ് കൊച്ചിയിലെത്തി #Prithviraj #aadujeevitham pic.twitter.com/alNHKc7vRk
— IE Malayalam (@IeMalayalam) May 22, 2020
Read Also: തൃശൂരിൽ കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ സംസ്കാരം ഇന്ന്; അതീവ ജാഗ്രത
ജോർദാനിൽ നിന്നുള്ള പ്രവാസികളുമായി ഇന്നലെയാണ് എയർ ഇന്ത്യ വിമാനം ഡൽഹിയിലേക്ക് പുറപ്പെട്ടത്. ഇതിൽ പൃഥ്വിരാജും സംഘവും ഉൾപ്പെടുന്നതായും അവർ നാട്ടിലേക്ക് തിരിച്ചതായും ജോർദാനിലെ ഇന്ത്യൻ എംബസി അറിയിച്ചിരുന്നു. 187 പേരാണ് വിമാനത്തിൽ ഇന്ത്യയിലേക്ക് തിരിച്ചത്. ‘ആടുജീവിതം’ സിനിമയുടെ 58 അംഗ സംഘവും ഇതിലുൾപ്പെട്ടിരുന്നു.
രണ്ടു മാസത്തിലേറെയായി ജോർദാനിലയിരുന്നു പൃഥ്വിരാജ്. വലിയ കാന്‍വാസിലുള്ള ‘ആടുജീവിത’മെന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി നായകന് പൃഥ്വിരാജ് ഉള്‍പ്പടെയുള്ളവര്‍ ജോര്‍ദാനില്‍ എത്തിയപ്പോഴാണ് ലോകം മുഴുവന്‍ അടച്ചിടാനുള്ള തീരുമാനം ഉണ്ടായത്. തുടര്‍ന്നു സിനിമയുടെ ചിത്രീകരണം നിന്ന് പോവുകയും ചെയ്തിരുന്നു. ഇവരെ എങ്ങനെയെങ്കിലും നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവെങ്കിലും ഫലം കണ്ടില്ല. കുറച്ചു ദിവസം ഷൂട്ടിങ് മുടങ്ങിയെങ്കിലും സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കുകയായിരുന്നു അണിയറപ്രവര്‍ത്തകര്‍. ജോർദാനിൽ കർഫ്യൂ ഇളവ് നൽകിയതോടെയാണ് ഷൂട്ടിങ്ങ് തീർക്കാൻ കഴിഞ്ഞത്. ബെന്യാമിന്റെ കഥയെ ആസ്പദമാക്കിയുള്ള സിനിമയാണ് ബ്ലസിയുടെ ‘ആടുജീവിതം’. ബെന്യാമിൻ രചിച്ച ‘ആടുജീവിതം’ പുസ്തകം ഏറെ വിറ്റഴിക്കപ്പെട്ട ഒന്നാണ്.
‘ആടുജീവിതത്തിന്റെ ജോര്‍ദാന്‍ ഷെഡ്യൂള്‍ പാക്കപ്പ് ആയതായി നായകന് പൃഥ്വിരാജ് തന്നെ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. മകൻ തിരിച്ചു വരുന്നതിൽ പൃഥ്വിയുടെ മാതാവും അഭിനേത്രിയുമായി മല്ലിക സുകുമാരൻ സന്തോഷം അറിയിച്ചിരുന്നു. “നാളെ മോനെത്തും. മടങ്ങി വരുന്ന കാര്യം തീരുമാനിച്ചപ്പോഴും ഫ്ളൈറ്റിൽ കയറിട്ട് പറയാം അമ്മേ, ഇങ്ങനെയൊരു അവസ്ഥയല്ലേ, ഒന്നും പറയാൻ പറ്റില്ലെന്നാണ് അവനാദ്യം പറഞ്ഞത്. പോയ കാര്യമെല്ലാം ഭംഗിയായി പൂർത്തിയാക്കി അവൻ എത്തുന്നതിന്റെ സന്തോഷത്തിലാണ്,” മല്ലിക സുകുമാരൻ കഴിഞ്ഞദിവസം ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞിരുന്നു.
“അവിടെ കർഫ്യൂ ഇളവ് ചെയ്തതോടെ അവർക്ക് സിനിമയുടെ ഷൂട്ടിംഗ് തീർക്കാൻ പറ്റി, അതൊരു ഭാഗ്യമായി. അവിടെ കൂടുതൽ കൊറോണ കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്തതു കൊണ്ടായിരിക്കും ചിലപ്പോൾ അങ്ങനെയൊരു ഇളവ് സർക്കാർ നൽകിയത്. അതെന്തായാലും നന്നായി. ഷൂട്ടിംഗ് ഇടയ്ക്ക് വെച്ച് നിർത്തി വരേണ്ടി വരുമോ എന്ന ടെൻഷനായിരുന്നു രാജുവിന്. അല്ലാതെ വരാനുള്ള ധൃതിയൊന്നുമില്ലായിരുന്നു. വർക്ക് തീർക്കാൻ പറ്റണേ, അമ്മ അതിനായി പ്രാർത്ഥിക്കണേ എന്നൊക്കെ വിളിക്കുമ്പോൾ പറയും.” ആടുജീവിത’ത്തിലെ കഥാപാത്രമായി മാറാനായി ശരീരഭാരം കുറച്ച പൃഥ്വിരാജിന്റെ ഡെഡിക്കേഷനെ എല്ലാവരും അഭിനന്ദിക്കുമ്പോഴും ഒരു അമ്മ എന്ന രീതിയിൽ പലപ്പോഴും സങ്കടം തോന്നിയിട്ടുണ്ടെന്നും മല്ലിക സുകുമാരൻ പറഞ്ഞിരുന്നു.
“ഇരുപത് കിലോയോളം കുറച്ചു, താടിയാണെങ്കിൽ വളർന്ന് നെഞ്ചത്തെത്തി. എല്ലാം കൂടെ കാണുമ്പോൾ നമുക്കൊരു പ്രയാസമാണ്. അധികം ഭക്ഷണമൊന്നും കഴിക്കുന്നില്ലല്ലോ, ജ്യൂസ് മാത്രം കുടിച്ച് ജീവിക്കുന്നത് കാണുമ്പോൾ വിഷമം തോന്നും. ഞാൻ ഇടയ്ക്ക് ഭക്ഷണം കഴിക്കൂ എന്നു പറയുമ്പോൾ പൃഥ്വി തമാശയ്ക്ക് പറയും, ‘ഡെഡിക്കേറ്റഡ് ആയിരിക്കണം, ജോലിയോട് കമ്മിറ്റ്മെന്റെ വേണമെന്നൊക്കെ അമ്മ തന്നെ പറയും. അതേ സമയം തന്നെ, ഭക്ഷണം കഴിക്കൂ, കഴിക്കൂ എന്നു ഉപദേശിക്കുകയും ചെയ്യും. രണ്ടും കൂടെ എങ്ങനെയാ പറ്റുന്നത് അമ്മേ?’ എന്ന്. ഞാനൊരു അമ്മയല്ലേ, ഒക്കെ ഓരോ ആധിയ്ക്ക് പറയുന്നതാണ്.”
ചിത്രങ്ങൾ: പിആർഡി