സിനിമയിലെ സെന്‍സര്‍ഷിപ് നിരോധിക്കമെന്നും വാണിജ്യ സിനിമകൾക്കു വേണ്ടിയാണ് സെൻസർഷിപ്പ് നിലനിൽക്കുന്നതെന്നും തുറന്നടിക്കുകയാണ് അടൂർ ഗോപാലകൃഷ്ണൻ. സെൻസർഷിപ്പ് എന്ന പേരിൽ ഇപ്പോൾ നടക്കുന്നത് ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുരിശുംമൂട് സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷനില്‍ ജോണ്‍ ശങ്കരമംഗലം സ്മാരക പ്രഭാഷണം നിര്‍വഹിക്കുന്നതിനിടയിലായിരുന്നു അടൂരിന്റെ ഈ അഭിപ്രായപ്രകടനം.

“ഏതെങ്കിലും സീനില്‍ പൂച്ചയെ കാണിക്കുന്നതിനു പോലും വിശദീകരണം ചോദിക്കുന്നവര്‍ ‘പുലിമുരുകന്‍’ എന്ന പുലിയെ കൊല്ലുന്ന ചിത്രത്തിനു സെന്‍സര്‍ നല്‍കിയത് എങ്ങനെയാണെന്നു മനസിലാകുന്നില്ലെന്നും ഇതില്‍ സാമ്പത്തിക തിരിമറി നടന്നിട്ടുണ്ടാകാം,” അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞതായി മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.

താൻ സെൻസർഷിപ്പിന് എതിരാണെന്ന് മുൻപും അടൂർ വ്യക്തമാക്കിയിരുന്നു. “ജനാധിപത്യത്തിൽ സെൻസറിംഗ് ഇല്ല. ഞാൻ സെൻസർഷിപ്പിന് എതിരാണ്. എനിക്ക് ഒരു സെൻസർഷിപ്പും ആവശ്യമില്ല. എന്തു ചെയ്യണമെന്ന്, എപ്പോൾ ചെയ്യണമെന്ന് പറഞ്ഞു കേൾക്കാൻ ഞാനാഗ്രഹിക്കുന്നില്ല. ജനാധിപത്യത്തിൽ സെൻസർഷിപ്പ് എന്നത് ബാലിശമാണ്. ഒരു സ്വേച്ഛാധിപത്യത്തിനു കീഴെ മാത്രമാണ് നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള സെൻസർഷിപ്പ് ആവശ്യമായി വരുന്നത്. സെൻസറിംഗ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്. ഇതൊരു അഭിപ്രായമാണ്. വിവിധ അഭിപ്രായങ്ങളിലാണ് ജനാധിപത്യം നിലകൊള്ളുന്നതും പ്രവർത്തിക്കുന്നതും. ഒരു അഭിപ്രായത്തെ സ്വീകരിക്കുന്നതോ ആക്രമിക്കുന്നതോ ജനാധിപത്യ സിസ്റ്റത്തിന്റെ പ്രവർത്തനത്തിൽ അവിഭാജ്യമായ കാര്യമാണ്. അതെന്തായാലും സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. വിമർശനങ്ങളോട് അസ്വസ്ഥത കാണിക്കുന്നതിൽ അർത്ഥമില്ല,” എന്നാണ് മുൻപൊരിക്കൽ ഇന്ത്യൻ എക്സ്‌പ്രസിന് നൽകിയ അഭിമുഖത്തിൽ അടൂർ ഗോപാലകൃഷ്ണൻ പ്രതികരിച്ചത്.

Read More: It’s silly to have censorship in a democracy: Adoor Gopalakrishnan

സെൻസറിംഗിനെ മാത്രമല്ല കോടികൾ ചെലവഴിക്കുന്ന സിനിമാവ്യവസായത്തെയും അടൂർ വിമർശിച്ചു. ആയിരം കോടിയുടെ സിനിമകള്‍ ആവശ്യമില്ലെന്നും അത്തരം സിനിമകള്‍ നിരോധിക്കുകയാണ് വേണ്ടതെന്നും അടൂർ​ അഭിപ്രായപ്പെടുന്നു. ‘സിനിമ എത്രമാത്രം യാഥാര്‍ഥ്യത്തില്‍ നിന്ന് അകന്നിരിക്കുമോ അത്രയും സാമ്പത്തിക വിജയം നേടുമെന്നതാണ് ഇന്നത്തെ സ്ഥിതി. ചിലവാകുന്ന തുകയും പടത്തിന്റെ മേന്മയും തമ്മില്‍ ഒരു ബന്ധവുമില്ല എന്നതാണ് യാഥാര്‍ഥ്യം,” അടൂർ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook