കോട്ടയം കെ ആര് നാരായണന് ഫിലിം ഇന്സ്റ്റിറ്റ്യൂട്ടിലെ ശുചീകരണ തൊഴിലാളികളെ അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിച്ച അടൂർ ഗോപാലകൃഷ്ണനെതിരെ വലിയ വിമർശനങ്ങളാണ് സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും ഉയരുന്നത്. ‘വനിതാ ജീവനക്കാർ ഉടുത്തൊരുങ്ങി പരാതി പറഞ്ഞ് സ്റ്റാറായി,ഡബ്ല്യുസിസി അംഗങ്ങളെ പോലെ’ എന്നാണ് ന്യൂസ് 18ന് നൽകിയ അഭിമുഖത്തിനിടെ അടൂർ പറഞ്ഞത്.
“നാലഞ്ച് പെണ്ണുങ്ങളുണ്ടവിടെ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്യുന്നത്. അവർ കാമറയുടെ മുന്പിൽ വന്ന് പറയുന്നത് ഞങ്ങളെല്ലാം വിധവമാരാണെന്നാണ്. രണ്ട് പേർക്കേ ഭർത്താക്കൻമാർ മരിച്ചിട്ടുള്ളൂ. ബാക്കി നാല് പേർക്ക് ഭർത്താക്കൻമാരുണ്ട്. പച്ചക്കള്ളമാണവർ പറയുന്നത്, പഠിപ്പിച്ച് വിട്ടിരിക്കുകയാണ്.അവരിപ്പോ സ്റ്റാർസ് ആണ്. നന്നായി ഉടുത്തൊരുങ്ങി വന്നു മാധ്യമങ്ങളെ കാണുന്നു. ഡബ്ല്യുസിസിയില്ലേ അതിലെ പോലെ ഉടുത്തൊരുങ്ങിയാ വരുന്നത്. അങ്ങനെയാണ് അവരെ കണ്ടാൽ തോന്നുക. അവരിപ്പോ നിരന്തരം അഭിമുഖം കൊടുക്കുകയാണ്. അവരെ പഠിപ്പിച്ച് കഴിഞ്ഞു. അവർ സ്റ്റാർസ് ആയി. നേരത്തേ അവർക്ക് ഇതൊന്നും അറിഞ്ഞ് കൂടായിരുന്നു. ഇപ്പോൾ അവർക്ക് പരിശീലനം കൊടുത്ത് കഴിഞ്ഞു…” ഇങ്ങനെ പോവുന്നു അടൂരിന്റെ വാക്കുകൾ.
വനിതാ ജീവനക്കാർ ഉടുത്തൊരുങ്ങിയാൽ അടൂരിനെന്താണ്? ആരൊക്കെ അണിഞ്ഞൊരുങ്ങണം, ആരൊക്കെ അണിഞ്ഞൊരുങ്ങരുത് എന്നൊക്കെയുണ്ടോ? മനുഷ്യർക്കിടയിൽ ജാതിവെറിയുടെയും സ്ത്രീവിരുദ്ധതയുടെയും ‘എലിപ്പത്തായ’ങ്ങൾ ഉണ്ടാക്കുകയാണോ അടൂർ?
അടൂരിന്റെ വിവാദപരാമർശത്തെ കുറിച്ച് എഴുത്തുകാരികളായ തനൂജ ഭട്ടതിരി, സിഎസ് ചന്ദ്രിക, ആക്ടിവിസ്റ്റും നടിയുമായ ജോളി ചിറയത്ത് എന്നിവർ സംസാരിക്കുന്നു.
അടൂരിന് അദ്ദേഹത്തിന്റെതായ സ്റ്റൈലിൽ അണിഞ്ഞൊരുങ്ങാമെങ്കിൽ എന്തു കൊണ്ട് ആ സ്ത്രീകൾക്ക് ആയികൂടാ?: തനൂജ ഭട്ടതിരി
മലയാള സിനിമയുടെ ചരിത്രം പറയുമ്പോൾ അഭിമാനത്തോടെ പറയുന്ന ഒരു പേരു തന്നെയാണ് അടൂർ ഗോപാലകൃഷ്ണൻ. അദ്ദേഹത്തിന്റെ ചിത്രങ്ങൾ കണ്ട് നമ്മൾ ആരാധിച്ചിട്ടുണ്ട്, അദ്ദേഹത്തെ കുറിച്ച് വായിക്കുകയും പഠിക്കുകയും ചെയ്തിട്ടുണ്ട്. ആ ബഹുമാനമൊക്കെ വച്ചുതന്നെയാണ് ഈ പ്രശ്നത്തെ കുറിച്ച് ഞാനാദ്യം കേട്ടത്. എന്നാൽ കൂടുതൽ മനസ്സിലാക്കിയപ്പോൾ ഉള്ളിലുണ്ടായിരുന്ന ഒരുപാട് കാര്യങ്ങൾ കൊഴിഞ്ഞുപോവുന്നതുപോലെ തോന്നി. ഇത് അദ്ദേഹത്തിന്റെ മാത്രം വാക്കല്ല, തലമുറ തലമുറകളായി സ്ത്രീകളെ നോക്കി പുരുഷൻമാർ പറഞ്ഞുകൊണ്ടിരുന്ന ഒന്നാണത്. ഉടുത്തൊരുങ്ങൽ ഇല്ലാതിരുന്ന കാലത്തു കൂടി സ്ത്രീകളെ മോശമാക്കാനായി പറഞ്ഞ് പഴകിയ വാക്ക്. ഒന്നു നന്നായി കുളിച്ച് വൃത്തിയായി നടന്നാൽ പോലും സ്ത്രീകളെ കുറ്റം പറയാൻ ശ്രമിച്ചൊരു സമൂഹം ഇവിടെ ഉണ്ടായിരുന്നു. ആരെ കാണിക്കാനാണ് നീ കുളിച്ചൊരുങ്ങുന്നത്? ആരെ കാണിക്കാനാണ് നീ നന്നായി വസ്ത്രം ധരിക്കുന്നത് എന്നൊക്കെയാണ് അവൾക്കു നേരെ എന്നും ഉയരുന്ന ചോദ്യം. അത് പുരുഷ കേന്ദ്രീകൃതമായ, സ്ത്രീകളെ അടിച്ചമർത്താൻ ആഗ്രഹിക്കുന്ന മനുഷ്യരുടെ ശബ്ദമാണ്. അത്തരം വ്യവസ്ഥാപിത താൽപ്പര്യമുള്ള ഒരു വിഭാഗം മനുഷ്യരുടെ പ്രതിനിധിയെന്ന പോലെയാണ് ഇവിടെ അടൂർ സംസാരിച്ചിരിക്കുന്നത്. അത് തെറ്റ് തന്നെയാണ്.
നമ്മൾ പ്രതീക്ഷയോടെ നോക്കുന്ന ചിലയിടങ്ങളുണ്ട്. സമൂഹത്തെ ഉയർത്തി കൊണ്ടുവരാനായി എവിടെയൊക്കെയോ മനോഹരമായ തൊങ്ങലുകൾ പോലെ ചില മനുഷ്യരുണ്ട് എന്ന വിശ്വാസം. അതുപോലെയായിരുന്നു അടൂരിനെയും കണ്ടത്. വ്യക്തിപരമായി എനിക്കദ്ദേഹത്തെ അറിയില്ല, ആ സിനിമകളാണ് നമ്മളോട് സംസാരിച്ചത്. അതിൽ ജാതിയും മതവുമൊക്കെ പറയുന്നുണ്ടെങ്കിലും അതിനെയൊന്നും മഹത്വവത്കരിച്ചിരുന്നില്ല, മനുഷ്യരുടെ സ്ഥായിഭാവങ്ങളെയാണ് കാണിച്ചു തന്നത്. പ്രതീക്ഷകളായിരുന്നു അതെല്ലാം. എന്നാൽ, ഇത്തരം പരാമർശങ്ങൾ വളരെ വേദനിപ്പിക്കുന്നതും ദൗർഭാഗ്യകരവുമാണ്. ഒരുപാട് കഷ്ടപ്പെട്ട് ജീവിക്കുന്ന ആളുകളാണ് അടിസ്ഥാനവർഗ തൊഴിലാളികൾ എന്നു നമ്മൾ പറയുന്ന ഈ ക്ലീനിംഗ് ജോലിക്കാർ. അത്തരത്തിലുള്ള ഒരുപാട് പേരുടെ ജീവിതം അടുത്തുനിന്ന് കണ്ടിട്ടുണ്ട്. കഷ്ടപ്പെട്ട് ജീവിതം മുന്നോട്ടുകൊണ്ടുപോവാൻ ശ്രമിക്കുന്ന അവരെയൊക്കെ ഈ രീതിയിൽ പരിഹസിക്കുന്നത് തെറ്റ് തന്നെയാണ്. ‘ഡബ്ല്യൂസിസി അംഗങ്ങളെ പോലെ’ എന്നൊക്കെയുള്ള പരാമർശം അതിലും കടുത്തുപോയി. സമഭാവനയോടെയും സമചിത്തതയോടെയും ഒരു ഔദ്യോഗിക പദവിയിലിരിക്കുന്ന മനുഷ്യൻ പറയേണ്ട വാക്കുകളല്ല അതൊന്നും.
അല്ലെങ്കിലും മറ്റൊരാൾ അണിഞ്ഞൊരുങ്ങുന്നതിൽ അസഹിഷ്ണുതയെന്തിനാണ്? എല്ലാ പുരുഷന്മാരും ഡ്രസ്സ് ചെയ്യുന്ന രീതിയിൽ അല്ല അടൂർ ഡ്രസ്സ് ചെയ്യുന്നത്. കാലാകാലങ്ങളായി ബോധപൂർവ്വം ഉണ്ടാക്കിയിട്ടുള്ള ഒരു സ്റ്റൈൽ അടൂരിനുണ്ട്. അടൂർ എന്ന വ്യക്തിയ്ക്ക് അതിന് അവകാശമുണ്ടെങ്കിൽ, ഇഷ്ടമുള്ള രീതിയിൽ അണിഞ്ഞൊരുങ്ങാനുള്ള അവകാശം സമൂഹത്തിലെ എല്ലാ മനുഷ്യർക്കുമില്ലേ? എല്ലാ സ്ത്രീകൾക്കും അവരുടെ ഇഷ്ടത്തിന് അനുസരിച്ച് വസ്ത്രം ധരിക്കാൻ അവകാശമുണ്ട്. അത് തീർത്തും വ്യക്തിപരമായ കാര്യമാണ്. അതിൽ മറ്റൊരു ഏജൻസികളും അഭിപ്രായം പറയേണ്ട കാര്യമില്ല. സ്ത്രീകളുടെ വസ്ത്രം നോക്കി ആരുമവരെ ജഡ്ജ് ചെയ്യേണ്ട കാര്യവുമില്ല. ഇനി പെട്ടെന്നു ആലോചിക്കാതെ പറഞ്ഞുപോയ ഒരു പ്രസ്താവനയാണെങ്കിൽ അദ്ദേഹത്തിന് ഇതിനകം മാപ്പു പറഞ്ഞ് തെറ്റ് തിരുത്താമായിരുന്നു.
സ്ത്രീവിരുദ്ധതയും ജാതിവിരുദ്ധതയും നിറഞ്ഞ വാക്കുകളാണത്: ജോളി ചിറയത്ത്
വളരെയധികം നിർഭാഗ്യകരമാണ് അടൂരിനെ പോലെയുള്ള ഒരാളിൽ നിന്നുള്ള ഈ കമന്റ്.ആ വാക്കുകളിൽ നിറഞ്ഞുനിൽക്കുന്നത് സ്ത്രീവിരുദ്ധതയും ജാതിവിരുദ്ധതയും തന്നെയാണ്. കെ ആര് നാരായണന് ഇന്സ്റ്റിറ്റ്യൂട്ടിലെ കുട്ടികൾ എന്ത് പ്രശ്നമാണോ ഉന്നയിക്കുന്നത് അതിന് ഇനി പ്രത്യേകിച്ച് തെളിവെടുപ്പിന്റെ ആവശ്യമില്ല! ആ ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതി വെറിയും ഇത്തരത്തിലുള്ള സ്ത്രീവിരുദ്ധതയും ഉണ്ടെന്നുള്ളതിന് മറ്റൊരു തെളിവെടുപ്പിന്റെയും ആവശ്യമില്ലാത്ത രീതിയിൽ ചെയർ പേഴ്സൺ തെളിയിച്ചുകഴിഞ്ഞല്ലോ. ഇത്ര പരസ്യമായി ഇങ്ങനെയൊക്കെ സംസാരിക്കാവുന്ന സാഹചര്യം അടൂരിനു മുന്നിലുണ്ടെങ്കിൽ, അവരൊക്കെ നടത്തുന്ന ഒരു സ്ഥാപനത്തിലെ അവസ്ഥ എത്രത്തോളം ഭീകരമാവാമെന്ന് പൊതുജനങ്ങൾക്ക് ഏതാണ്ടൊരു ധാരണ കിട്ടുമല്ലോ.
അടൂരിനെ പോലെ ‘ഇന്റർനാഷണൽ ഐക്കണാ’യി നിൽക്കുന്നൊരാൾ മിനിമം കാണിക്കേണ്ട ജനാധിപത്യപരമായ ഒരു ഔചിത്യമുണ്ട്. അതുപോലും മറന്നുകൊണ്ടാണ് അകത്തെ മാടമ്പിത്തരവും ജാതിവെറിയും സ്ത്രീകളെ കുറിച്ചുള്ള കാഴ്ചപ്പാടുമൊക്കെ വെളിപ്പെടുന്നത്. കീഴ് ജാതിയിൽ നിൽക്കുന്ന സ്ത്രീകളാണ് ഇത്തരം ജോലികൾ ചെയ്യേണ്ടതെന്ന പതിഞ്ഞുപോയൊരു ബോധവും ആ വാക്കുകളിൽ തികട്ടി വരുന്നുണ്ട്. അത്തരം ജോലികൾ ചെയ്യുന്ന ആളുകൾ വൃത്തിക്കും വെടിപ്പിനും നടക്കുന്നതിൽ പോലും അവർക്കൊരു അഭംഗി തോന്നുന്നുണ്ട് എന്നുള്ളതാണ്. ഏതു ജോലി ചെയ്യുന്ന ആളുകളാണെങ്കിലും അണിഞ്ഞൊരുങ്ങുന്നതിൽ എന്താണ് തെറ്റ്? ജോലിയുടെ അടിസ്ഥാനത്തിലാണ് ഈകാലത്തും ഇതുപോലുള്ള ഫിലിംമേക്കേഴ്സ് സോഷ്യൽ സ്ട്രക്ച്ചർ വിഭാവനം ചെയ്യുന്നത് എന്നറിയുമ്പോൾ വേദനയുണ്ട്.
ആ സ്ത്രീകളെ പരിഹസിക്കുന്നതിനൊപ്പം ഡബ്ല്യുസിസിയേയും വെറുതെ വിടുന്നില്ല അടൂർ. ഡബ്ല്യുസിസിയാണ് സിനിമയ്ക്ക് അകത്തുള്ള തൊഴിൽ വിവേചനമൊക്കെ ചൂണ്ടി കാണിക്കാൻ മുന്നോട്ട് വന്നത്. അടൂരിന്റെ ഈ പ്രസ്താവന മറ്റൊരു അർത്ഥത്തിൽ ഡബ്ല്യുസിസിയുടെ പ്രവർത്തനങ്ങളെ ‘അക്നോളജ്’ ചെയ്യുന്നുണ്ട്. കാരണം, എന്തിനു വേണ്ടിയാണോ ഡബ്ല്യുസിസി നിലകൊള്ളുന്നത്, അവരുടെ പ്രവർത്തനങ്ങൾ എന്തായിരുന്നുവോ അതൊക്കെ ശരിക്കും ഇവരെയൊക്കെ എവിടെയോ hurt ചെയ്തിട്ടുണ്ട്. സിനിമയെന്ന തൊഴിലിടത്തിനെ മെച്ചപ്പെടുത്താനുള്ള ഡബ്ല്യുസിസിയുടെ ശ്രമങ്ങൾ ഇവർക്കൊന്നും അത്ര പിടിച്ചിട്ടില്ല എന്നുകൂടിയാണല്ലോ ഇത്തരം പ്രതികരണങ്ങൾ പറഞ്ഞുവയ്ക്കുന്നത്. സത്യം പറഞ്ഞാൽ, ഇത്തരം പ്രതികരണങ്ങൾ സ്വയം പിടികൊടുക്കുന്ന രീതിയിലേക്ക് ചുരുങ്ങിപ്പോയി എന്നതാണ് ഇതിലെ പരിതാപകരമായ അവസ്ഥ. ഇത്രയും പ്രായവും തഴക്കവുമൊക്കെ വന്നൊരാൾക്കു പോലും സമൂഹത്തിൽ ആഴത്തിൽ വേരൂന്നി കിടക്കുന്ന സ്ത്രീവിരുദ്ധ ചിന്തകളെയും ജാതിവെറിയേയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെങ്കിൽ, കൾച്ചറൽ സ്പേസിൽ നിൽക്കുന്ന ഒരു ഫിലിം മേക്കറുടെ ചിന്താഗതി പോലുമിതാണെങ്കിൽ, ഒരു സമൂഹമെന്ന രീതിയിൽ നമ്മൾ ഭയക്കേണ്ടിയിരിക്കുന്നു. അതത്ര നല്ല ലക്ഷണമല്ല.
കാലാകാലങ്ങളായി മലയാളസിനിമ ഉണ്ടാക്കി വച്ച ചില ബോധങ്ങളുണ്ട്. ആരോഗ്യം നോക്കുന്ന, ഡാൻസ് കളിക്കാൻ ഇഷ്ടപ്പെടുന്ന, ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കുന്ന, ലിപ്സ്റ്റിക്കിടുന്ന, കൂളിംഗ് ഗ്ലാസ് വയ്ക്കുന്ന ഒരു സ്ത്രീയാണ് മലയാളസിനിമയ്ക്ക് സൊസൈറ്റി ലേഡി. അങ്ങനെ നടക്കുന്ന സ്ത്രീകൾ എല്ലാം മോശക്കാരാണെന്ന രീതിയിലാണ് ഒരുകാലത്ത് മലയാളസിനിമ സ്ത്രീകഥാപാത്രങ്ങളെ പലപ്പോഴും ചിത്രീകരിച്ചത്. അവരെന്തോ സാമൂഹിക വിരുദ്ധത കാണിച്ചുകൂട്ടുന്നു എന്ന രീതിയിലാണ് ആ സ്ത്രീ കഥാപാത്രങ്ങളെ പോർട്രൈ ചെയ്തത്. ആ മനോഭാവങ്ങളിൽ നിന്നും അടൂരിനെ പോലുള്ളവർ ഇനിയും മാറിയിട്ടില്ല എന്നുകൂടിയാണ് മനസ്സിലാക്കേണ്ടത്. മലയാളസിനിമയെ അങ്ങനെ വക്രീകരിക്കുന്നതിൽ ഇവരുടെയെല്ലാം മനോഭാവത്തിനും ഉത്തരവാദിത്വമുണ്ട്.
അണിഞ്ഞൊരുങ്ങുക എന്ന് പറയുമ്പോൾ അതൊരു ക്ലാസിന് മാത്രമേ അനുവദിക്കാൻ പാടുള്ളൂ എന്നു ധ്വനി കൂടിയുണ്ട് ആ വാക്കുകളിൽ. ഇതിലൊക്കെ കൃത്യമായ ജാതീയവിവേചനം കാണാം. ‘നിങ്ങളീ അടിച്ചുവാരി നടക്കുന്ന പെണ്ണുങ്ങൾക്ക് അണിഞ്ഞൊരുങ്ങി അഭിപ്രായം പറയാനുള്ള അവകാശമില്ല എന്നുകൂടിയാണ് ആ വാക്കുകൾ സൂചിപ്പിക്കുന്നത്’. അണിഞ്ഞൊരുങ്ങൽ മാത്രമല്ല അടൂരിന്റെ പ്രശ്നം, ആരാണ് അണിഞ്ഞൊരുങ്ങുന്നത് എന്നതാണ് പ്രശ്നം. വർത്തമാനം പറയുന്ന സ്ത്രീകൾ അണിഞ്ഞൊരുങ്ങുന്നതിൽ അദ്ദേഹത്തിന് ഒട്ടും താൽപ്പര്യവുമില്ല, അതുകൊണ്ടാണ് ഡബ്ല്യൂസിസിയെ കൂടി കൂട്ടുപിടിച്ചത്. വേറെ നടിമാരും അണിഞ്ഞൊരുങ്ങിയല്ലേ നടക്കുന്നത്, അതിൽ പ്രശ്നമില്ല. ഡബ്ല്യൂസിസിയിലെ വർത്തമാനം പറയുന്ന, ചോദ്യം ചെയ്യുന്ന സ്ത്രീകൾ അണിഞ്ഞൊരുങ്ങുന്നതു കൂടിയാണ് അദ്ദേഹത്തിന്റെ പ്രശ്നമെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.
മാപ്പ് പറയേണ്ടിടത്ത് മാപ്പു തന്നെ പറയണം: സിഎസ് ചന്ദ്രിക
തീർച്ചയായും പ്രതിഷേധാർഹമാണ് അടൂരിന്റെ വാക്കുകൾ. സമൂഹത്തിൽ നിലനിൽക്കുന്ന പാട്രിയാർക്കിയുടെ ധാരണകൾ വച്ചിട്ടുള്ള ഒരു പരാമർശമാണ് അടൂരിൽ നിന്നും വന്നിട്ടുള്ളത്. അദ്ദേഹം വലിയൊരു ഫിലിം മേക്കറാണ്, മലയാള സിനിമയുടെ ചരിത്രത്തിൽ വലിയൊരു പങ്കുള്ള വ്യക്തിയാണ്… അത്തരം യാഥാർത്ഥ്യങ്ങൾ നിലനിൽക്കുമ്പോൾ തന്നെ ചില കാര്യങ്ങൾ പറയാതെ വയ്യ. മുൻകാലങ്ങളിൽെ സംസാരിച്ചു വന്നതുപോലെ, പറഞ്ഞുവന്നതുപോലെ നമ്മുടെ മനസ്സിൽ തോന്നുന്നതെന്തും അതുപോലെ പറയാൻ പറ്റുന്നൊരു കാലമല്ല ഇത്.നമ്മൾ വെളിപ്പെടുന്ന രീതിയിൽ ലോകം എല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്. സ്ത്രീ, ജാതി, ദളിത്, ആദിവാസി, ശരീരം, നിറം എന്നിങ്ങനെയുള്ള വിഷയങ്ങളെ കുറിച്ചെല്ലാം ജനാധിപത്യവിരുദ്ധമായ നിരവധി സങ്കൽപ്പങ്ങൾ മനസ്സിൽ കൊണ്ടുനടക്കുന്ന വലിയൊരു വിഭാഗം ആളുകൾ ഈ സമൂഹത്തിലുണ്ട്. അതിനെ കുറിച്ച് എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരുമൊക്കെ നിരന്തരം എഴുതുകയും സംസാരിക്കുകയും പ്രസംഗിക്കുകയുമൊക്കെ ചെയ്തതു കൊണ്ട് ലോകമാകെയും, കേരളത്തിലുമെല്ലാം പുതിയൊരു അവബോധം ഉണ്ടായി വന്നിട്ടുണ്ട്.
ദീർഘകാലമായി തുടർന്നുവരുന്ന ഫെമിനിസ്റ്റ് മൂവ്മെന്റിന്റെയും എഴുത്തുകാരികളുടെയും ആക്ടിവിസ്റ്റുകളുടെയുമെല്ലാം നിരന്തരമായ ഇടപെടലുകളിലൂടെ ഉണ്ടായി വന്നിട്ടുള്ള ഒരു ജാഗ്രതയാണത്. ഭാഷയിലും അതുണ്ട്, ‘പൊളിറ്റിക്കലി കറക്റ്റായി സംസാരിക്കണം’ എന്നു പറയുന്ന ഒരു ഉത്തരവാദിത്വം രാഷ്ട്രീയ പ്രവർത്തകർക്കും സാംസ്കാരിക നേതാക്കൾക്കും എഴുത്തുകാർക്കുമെല്ലാം ഉണ്ടായിവന്നിട്ടുണ്ട്. സ്ത്രീവിരുദ്ധമായി സംസാരിച്ചിട്ട് അങ്ങനെ എളുപ്പത്തിൽ ആർക്കുമങ്ങനെ രക്ഷപ്പെട്ടു പോവാൻ സാധിക്കില്ല. കടുത്ത വിമർശനം നേരിടേണ്ടി വരും. ഈ വിമർശനങ്ങളെ ഉൾകൊള്ളുകയും സ്വയം തിരുത്തുകയും ചെയ്യുക എന്നതാണ് മുതിർന്നവർ ചെയ്യേണ്ടത്. അല്ലാതെ അതുവരെയും പിന്തുടർന്ന, ധരിച്ചുവച്ച അതേ മൂല്യബോധത്തോടെ ഈ സമൂഹത്തിൽ അവർക്ക് അധികകാലം അങ്ങനെ തുടരാൻ പറ്റില്ല. ഒന്നുകിൽ സമൂഹം അവരെ ആ തരത്തിൽ മാറ്റിനിർത്തും, അല്ലെങ്കിൽ മാറാനായി അവരെ നിശിതമായി വിമർശിച്ചുകൊണ്ടിരിക്കും.
കെ ആര് നാരായണന് ഇന്സ്റ്റിറ്റ്യൂട്ടിൽ വളരെ ദളിത് വിരുദ്ധമായ കാര്യങ്ങൾ നടക്കുന്നു എന്നു വിദ്യാർത്ഥികൾ തുറന്നു പറഞ്ഞ സാഹചര്യത്തിൽ ആ പ്രശ്നത്തെ വളരെ ഗൗരവത്തോടെ നോക്കി കാണാൻ ഉത്തരവാദിത്വമുള്ള ഒരാളാണ് അടൂർ. അതു ചെയ്യാതെ പരാതി പറയാൻ വന്ന സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നത് തീർച്ചയായും അംഗീകരിക്കാൻ പറ്റുന്ന കാര്യമല്ല. ശക്തമായി എതിർക്കപ്പെടേണ്ട നിലപാടാണത്. ആ പരാമർശം തിരുത്തേണ്ടതുണ്ട്. അടുത്തിടെ, ബോഡി ഷേമിങ്ങിന്റെ പരിധിയിൽ വരുന്ന ഡയലോഗ് പറഞ്ഞെന്ന് വിമർശനം വന്നപ്പോൾ മമ്മൂട്ടി അതിനു മാപ്പു പറഞ്ഞത് ശ്രദ്ധേയമാണ്. മാപ്പു പറയുക എന്നത് ഒരാളുടെ വലിപ്പമാണ് കാണിക്കുന്നത്. അവിടെ നമ്മൾ ചെറുതാവുകയല്ല. തെറ്റ് പറ്റിയെന്ന് മറ്റുള്ളവർ പറയുമ്പോൾ അതിനെ പുനഃപരിശോധിക്കാനും തിരുത്താനും തയ്യാറാവണം. അതു മനസ്സിലാക്കി മാപ്പ് പറഞ്ഞാൽ അടൂരിനെ സമൂഹം കൂടുതൽ സ്നേഹിക്കുകയേ ഉള്ളൂ, അല്ലെങ്കിൽ അടൂർ കൂടുതൽ വെറുക്കപ്പെട്ടവനായി മാറുന്ന ദുരന്തം നേരിടേണ്ടി വരും. ഈ പ്രായത്തിൽ അങ്ങനെയൊരു അവസ്ഥയൊക്കെ സങ്കടകരമായ കാര്യമാണ്.
അടൂരിന് അതറിയില്ലെങ്കിൽ അറിവുള്ളവർ പറഞ്ഞു കൊടുക്കുക: സജിത മഠത്തിൽ
“സിനിമയുമായി ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തിക്കുന്ന അവരെ wcc അംഗങ്ങൾ എന്നു പറയുന്നത് ഞങ്ങൾക്ക് അഭിമാനമാണു സാർ. അവർ വൃത്തിയായി വസ്ത്രം ധരിക്കുകയും തങ്ങൾക്ക് പറയാനുള്ളത് ലോകത്തോടു തുറന്നു പറയുകയും ചെയ്യും. ഞങ്ങൾ അവർക്കൊപ്പം നിൽക്കുകയും ചെയ്യും. അതൊരു ആക്ഷേപ ഭാഷയിൽ പറയേണ്ട കാര്യമല്ലെന്ന് അദ്ദേഹത്തിന് അറിയില്ലെങ്കിൽ അറിവുള്ളവർ പറഞ്ഞു കൊടുക്കുക,” എന്നാണ് അടൂരിന്റെ പരാമർശത്തോട് പ്രതികരിച്ചുകൊണ്ട് നടിയും ഡബ്ല്യുസിസി അംഗവുമായ സജിത മഠത്തിൽ കുറിച്ചത്.