സോനു നിഗത്തിന് ശേഷം ഗായകനും സംഗീതസംവിധായകനുമായ അദ്നാൻ സമി ഇന്ത്യൻ സംഗീത മേഖലയിലെ ‘മാഫിയ’ക്കെതിരെ രംഗത്തെത്തി. സർഗാത്മകതയെ കുറിച്ച് യാതൊരു അറിവുമില്ലാത്തവർ, ഗായകർ, സംഗീതസംവിധായകർ, സംഗീത നിർമ്മാതാക്കൾ എന്നിവരെ നിയന്ത്രിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്നുവെന്ന് അദ്നൻ സമി പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
Read More: സംഗീത ലോകം ഭരിക്കുന്നത് രണ്ടുപേർ; ആരുപാടണമെന്ന് അവർ തീരുമാനിക്കും: സോനു നിഗം
ഒന്നും അറിയാത്തവർ സ്വയം ദൈവമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയാണെന്നും ഇന്ത്യൻ സംഗീത ലോകത്തിനും സിനിമാ ലോകത്തിനും സാരമായ മാറ്റങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
“സ്വയം പ്രഖ്യാപിത ദൈവങ്ങൾ, സ്വയം ദൈവം എന്ന് അഹങ്കാരത്തോടെ അവകാശപ്പെടുന്ന സിനിമ സംഗീത ‘മാഫിയ’ ചരിത്രത്തിൽ നിന്ന് ഒന്നും പഠിച്ചിട്ടില്ലേ, നിങ്ങൾക്ക് കലയെയും സർഗ്ഗാത്മകതയുടെ ആവാസവ്യവസ്ഥയെയും നിയന്ത്രിക്കാൻ കഴിയില്ല. മതി!! മാറുക !! “മാറ്റം” ഇവിടെയുണ്ട്, അത് നിങ്ങളുടെ വാതിലിൽ മുട്ടുന്നു !! തയ്യാറാണെങ്കിലും അല്ലെങ്കിലും, അത് സംഭവിക്കും! ധൈര്യത്തോടെ ഇരിക്കുക!”
“നിങ്ങൾക്ക് ചില ആളുകളെ കുറച്ച് കാലം വിഡ്ഢികളാക്കാം. പക്ഷെ, എല്ലാവരേയും എല്ലാക്കാലവും വിഡ്ഢികളാക്കാൻ സാധിക്കില്ല,” എന്ന എബ്രഹാം ലിങ്കണിന്റെ വാക്കുകളോടെയാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.
രണ്ട് വൻകിട കമ്പനികൾ രാജ്യത്തെ സംഗീത രംഗത്തെ എങ്ങനെ നിയന്ത്രിക്കുന്നുവെന്ന് കഴിഞ്ഞ ആഴ്ച സോനു നിഗം വെളിപ്പെടുത്തിയിരുന്നു. “ഇപ്പോൾ പുതിയ കുട്ടികൾക്ക് ബുദ്ധിമുട്ടുള്ള ഒരു സാഹചര്യമാണ്” എന്നതിനാൽ പുതുമുഖങ്ങളോട് അനുകമ്പ കാണിക്കാൻ അദ്ദേഹം സംഗീത കമ്പനികളോട് അഭ്യർത്ഥിച്ചു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook