Sufiyum Sujatayum actor Aditi Rao Hydari: ആമസോൺ പ്രൈം വീഡിയോയിൽ ഇന്ന് റിലീസ് ചെയ്ത  ‘സൂഫിയും സുജാതയും’ എന്ന മലയാള ചിത്രത്തിലെ നായിക അതിഥി റാവു ഹൈദരിയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രജാപതി എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ ഈ നര്‍ത്തകി വലിയ ഒരു ഇടവേളയ്ക്ക് ശേഷമാണ് മലയാളത്തിലേക്ക് മടങ്ങിയെത്തുന്നത്. വളരെ വ്യത്യസ്തമായൊരു അനുഭവമായിരുന്നു ‘സൂഫിയും സുജാതയും’ സമ്മാനിച്ചതെന്ന് അതിഥി പറയുന്നു.

“ആശയവിനിമയം നടത്താൻ ഒരു ഭാഷ ഇല്ലാത്തത് ഞാൻ ശരിക്കും ആസ്വദിച്ചു. ഒരു ഭാഷയെന്ന നിലയിൽ മലയാളം പഠിക്കുക വളരെ ബുദ്ധിമുട്ടാണ്. ഭാഷയ്ക്ക് പിറകിൽ നമ്മൾ മറഞ്ഞിരിക്കുന്നു എന്നാണെനിക്ക് തോന്നുന്നത്, നമ്മൾ സംസാരിക്കുമ്പോൾ‌ ആളുകളെ നോക്കില്ല. പക്ഷേ, നിങ്ങൾക്ക് ഒരു ഭാഷയില്ലാതാവുമ്പോൾ, നിങ്ങൾ വ്യക്തികളുടെ കണ്ണിലേക്ക് നോക്കണം. നിങ്ങൾ യഥാർത്ഥത്തിൽ എന്താണ് ചിന്തിക്കുന്നത്, എന്താണ് മനസ്സിൽ എന്നൊക്കെ ആ വ്യക്തി കൃത്യമായി കാണും. സത്യസന്ധത വളരെ മനോഹരമായ ഒന്നാണെന്ന് ഞാൻ കരുതുന്നു. യഥാർത്ഥ സ്നേഹത്തിന്റെ, നിഷ്കളങ്കതയുടെ ആൾരൂപമാണ് എനിക്ക് സുജാത,” ഇന്ത്യൻ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അതിഥി പറഞ്ഞു.

Read Here: Sufiyum Sujathayum Review: മതത്തിന് മുന്നിൽ പ്രണയം വീണ്ടും തോല്‍ക്കുമ്പോള്‍; ‘സൂഫിയും സുജാതയും’ റിവ്യൂ

നാരണപ്പുഴ ഷാനവാസ്‌ സംവിധാനം ചെയ്ത ചിത്രത്തില്‍ ജയസൂര്യ, പുതുമുഖം ദേവ് എന്നിവര്‍ക്കൊപ്പമാണ് അതിഥി എത്തുന്നത്.  സംഗീതസാന്ദ്രമായ ഈ പ്രണയചിത്രത്തിൽ സംസാരശേഷിയില്ലാത്ത ഒരു പെൺകുട്ടിയായാണ് അതിഥി അവതരിപ്പിക്കുന്നത്.

“സംഭാഷണങ്ങൾ വരുമ്പോൾ അത് പെർഫോമൻസിനെ ബാധിക്കുമെന്നല്ല ഞാൻ പറഞ്ഞുവരുന്നത്. സംഭാഷണങ്ങൾ പലപ്പോഴും മനോഹരമാണ്, അവയ്ക്ക് അർത്ഥതലങ്ങളുമുണ്ട്. അതു കൊണ്ടാണല്ലോ ചില ഡയലോഗുകൾ പ്രശസ്തമാവുന്നത്. പക്ഷേ, ഒരു വാക്കു പോലും പറയാതെ പരസ്പരം ബന്ധിപ്പിക്കപ്പെടുന്ന അനുഭവം അതിലും മനോഹരമാണ്. അതിൽ പരിമിതികളും ദൗർബല്യവുമുണ്ടെങ്കിലും, ഒപ്പം തന്നെ നിർഭയത്വവുമുണ്ട്. മറ്റൊരാളുടെ കണ്ണിലേക്ക് നോക്കുമ്പോൾ നമുക്കവരുടെ ഉള്ളുവായിക്കാൻ കഴിയും. നിങ്ങളുടെ കണ്ണുകളിലേക്കും ആത്മാവിലേക്കും നോക്കാൻ നിങ്ങൾ ആരെയെങ്കിലും അനുവദിക്കുകയാണെങ്കിൽ, നിങ്ങൾ ധൈര്യമുള്ള വ്യക്തിയാണെന്നാണ് അർത്ഥം.”

ഡോ. ലീലാ സാംസണ്‍ ഉള്‍പ്പടെയുള്ളവരുടെ ശിഷ്യത്വത്തില്‍ ഏറെക്കാലമായി ശാസ്ത്രീയ നൃത്തം അഭ്യസിച്ചു വരികയാണ് അതിഥി റാവു.  ബോളിവുഡില്‍ സജീവ്മായ അവര്‍ തെന്നിന്ത്യയില്‍ മണിരത്നത്തിന്റെ ‘കാട്ട്രു വെളിയിടൈ’ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.  നര്‍ത്തകിയായ ഒരു കഥാപാത്രം ചെയ്യാന്‍ സാധിച്ചതിലുള്ള സന്തോഷവും അവര്‍ മറച്ചു വച്ചില്ല.

“സുജാത ഒരു നർത്തകിയാണ്. ഒരു നർത്തകിയെ അനായാസമായി അവതരിപ്പിക്കുക എളുപ്പമല്ല. ചിത്രത്തിനായി ആംഗ്യഭാഷ പഠിക്കേണ്ടി വന്നു. എന്നെ പഠിപ്പിക്കാൻ മുംബൈയിൽ നിന്നും ഒരു അധ്യാപകനെ അയച്ചിരുന്നു. പത്തു ദിവസത്തോളം ഞാനതിനായി മാറ്റിവെച്ചു. പത്തു ദിവസം കൊണ്ട് ആംഗ്യഭാഷ പഠിക്കാൻ പറ്റില്ല. എന്നെ സഹായിക്കാൻ സെറ്റിലും ആ മാസ്റ്റർ ഉണ്ടായിരുന്നു. ” അതിഥി പറയുന്നു.

Read Here: Sufiyum Sujathayum Full Movie Leaked Online: റിലീസ് ദിനം തന്നെ പൈറസിയ്ക്കിരയായി ‘സൂഫിയും സുജാതയും’

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook