ദുൽഖർ സൽമാനും അദിതി റാവു ഹൈദരിയും ഒന്നിച്ചെത്തിയ റൊമാന്റിക് കോമഡി ചിത്രം ‘ഹേ സിനാമിക’ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ‘ഹേ സിനാമിക’ ലൊക്കേഷനിലെ രസകരമായ ചില അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് അദിതി.
“ഹേ സിനാമിക തിരഞ്ഞെടുക്കാൻ ആദ്യകാരണം ബൃന്ദ മാസ്റ്റർ ആണ്, ഞാൻ വളരെയധികം ആരാധിക്കുന്ന വ്യക്തിയാണവർ. മണിരത്നംസാറിന്റെ സിനിമകളിൽ ഞാൻ ബ്രിന്ദ മാസ്റ്റർക്കൊപ്പം വർക്ക് ചെയ്തിട്ടുണ്ട്. രണ്ടാമത്തെ കാരണം, ദുൽഖർ സൽമാനാണ്. ഞാൻ കാത്തിരിക്കുകയായിരുന്നു, ദുൽഖറിനൊപ്പം വർക്ക് ചെയ്യാൻ. ഞങ്ങൾ സുഹൃത്തുക്കളാണ്, എപ്പോഴാണ് ഒന്നിച്ചൊരു സിനിമ എന്ന് ഞങ്ങൾ രണ്ടുപേരും ചിന്തിക്കാറുണ്ട്. എന്നാൽ ഞങ്ങൾ ആരോടും പരസ്പരം പേരുകൾ നിർദ്ദേശിച്ചിട്ടില്ല, ഇത് വളരെ ജൈവികമായി സംഭവിക്കുകയായിരുന്നു,” ഹേ സിനാമികയിലേക്ക് എത്തിയതിനെ കുറിച്ച് അദിതി ഇന്ത്യാ ടുഡേയോട് പറഞ്ഞതിങ്ങനെ.
വളരെ രസകരമായിരുന്നു ദുൽഖറിനൊപ്പമുള്ള ഷൂട്ടിംഗ് അനുഭവമെന്നും അദിതി പറയുന്നു. ” ദുൽഖറെന്നെ വിസ്മയിപ്പിക്കുന്ന ഒരാളാണ്. കഥാപാത്രങ്ങളായി മാറാൻ ഞങ്ങളൊരുമിച്ച് പ്രവർത്തിച്ചു, ബ്രിന്ദ മാസ്റ്റർ അതിനുള്ള സമയവും സാവകാശവും ഞങ്ങൾക്ക് തന്നു. എന്നാൽ സീൻ കഴിഞ്ഞ് കട്ട് വിളിച്ചാൽ പിന്നെ ഞാനവനെ ബുദ്ധിമുട്ടിച്ചു തുടങ്ങും, ഫോൺ ഒളിപ്പിച്ചുവയ്ക്കുക പോലുള്ള കുസൃതികൾ. ഞങ്ങൾ ഓഫ് സ്ക്രീനിൽ ടോം ആൻഡ് ജെറിയാണ്. നടനെന്ന രീതിയിലും വ്യക്തിയെന്ന രീതിയിലും ഞാനവനെ ഒരുപാട് ബഹുമാനിക്കുന്നു. ദുൽഖറിനൊപ്പമുള്ള ഷൂട്ടിംഗ് ഞാൻ ശരിക്കും ആസ്വദിച്ചു, ഭാവിയിലും ഒന്നിച്ച് പ്രവർത്തിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു.”
Read more: Hey Sinamika Review: ലോജിക്ക് മാറ്റി നിര്ത്തിയാല് കണ്ടിരിക്കാവുന്ന ചിത്രം; ‘ഹേയ് സിനാമിക’ റിവ്യൂ
മൗന എന്ന കഥാപാത്രത്തെയാണ് ‘ഹേ സിനാമിക’യിൽ അദിതി അവതരിപ്പിക്കുന്നത്. യാസൻ എന്നാണ് ദുൽഖർ കഥാപാത്രത്തിന്റെ പേര്. കോളിവുഡ് കൊറിയോഗ്രാഫറായ ബ്രിന്ദ ഗോപാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘ഹേ സിനാമിക’. വാരണം ആയിരം, മാൻ കരാട്ടെ, കടൽ, തെരി തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്കൊപ്പം ബ്രിന്ദ പ്രവർത്തിച്ചിട്ടുണ്ട്. കാജൽ അഗർവാൾ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം.