/indian-express-malayalam/media/media_files/uploads/2017/12/Athithi-Balan-Interview-Featured.jpg)
അതിഥി ഇപ്പോഴും അത്ഭുത ലോകത്താണ്. അപ്രതീക്ഷിതമായി സിനിമയില്‍ അഭിനയിക്കുന്നു, ആദ്യ സിനിമ തന്നെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നു, തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ഉള്‍പ്പെടെയുള്ളവര്‍ അതിഥിയാണ് താരമെന്ന് അംഗീകരിക്കുന്നു.
'എക്‌സൈറ്റഡ്, അപ്രതീക്ഷിതം എന്നൊക്കെ ആണ് ഇപ്പോഴത്തെ അവസ്ഥയെ വിശേഷിക്കാന്‍ പറ്റിയ വാക്കുകള്‍. ഞാന്‍ ജനിച്ചതും വളര്‍ന്നതുമൊക്കെ ചെന്നൈയിലാണ്. ബാംഗ്ലൂരാണ് എല്‍എല്‍ബി ചെയ്തത്. ഇടക്കാലത്ത് ചെന്നൈയിലെ ഒരു നാടക ഗ്രൂപ്പിനൊപ്പം ചേര്‍ന്ന് രണ്ടു നാടകങ്ങളൊക്കെ ചെയ്തു. അപ്പോളാണ് ഒരു സുഹൃത്ത് 'അരുവി'യുടെ ഓഡീഷന്‍ പോസ്റ്ററുമായി വന്നതും ഒന്നു ശ്രമിച്ചു നോക്കാന്‍ പറഞ്ഞതും. അതായിരുന്നു തുടക്കം. പിന്നെ ഓഡീഷനു പോയി. കാര്യമായി അവരൊന്നും ചെയ്യിപ്പിച്ചില്ല. എന്നെക്കുറിച്ചു ചോദിച്ചു. പ്രൊഫഷണല്‍ കാര്യങ്ങള്‍ സംസാരിച്ചു. അടുത്ത ദിവസം ഒരു വീഡിയോ ഷൂട്ട് നടന്നു. അങ്ങനെയാണ് ഞാന്‍ ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.'
അരുവിയുടെ ചിത്രീകരണം തുടങ്ങുന്നതിനു മുമ്പേ മൂന്നു മാസത്തെ റിഹേഴ്‌സലുണ്ടായിരുന്നുവെന്ന് അതിഥി. പരിശീലന കാലഘട്ടം തനിക്ക് വല്ലാത്തൊരു അനുഭവമായിരുന്നെന്നും ഈ യുവനടി പറയുന്നു.
'ചിത്രീകരണത്തിനു മുമ്പായുള്ള മൂന്നു മാസം നീണ്ടു നിന്ന റിഹേഴ്‌സല്‍ സമയത്ത് ഞാനൊരുപാട് ആളുകളെ കണ്ട് സംസാരിച്ചിരുന്നു. ഡോക്ടര്‍മാര്‍, ട്രാന്‍സ്‌ജെന്‍ഡറുകള്‍ അങ്ങനെ പല വിഭാഗത്തില്‍ നിന്നുള്ളവര്‍. പിന്നെ സിനിമുയുടെ മുഴുവന്‍ അംഗങ്ങളും ആ മൂന്നു മാസവും ഒരുമിച്ചായിരുന്നു. ഞങ്ങള്‍ ഓരോരുത്തരും കൈയ്യില്‍ ഒരു പുസ്തകം സൂക്ഷിച്ചിരുന്നു. അന്നന്നു ചെയ്യുന്ന കാര്യങ്ങള്‍, ഞങ്ങള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍, മറ്റ് ഇന്‍പുട്ടുകള്‍ തുടങ്ങിയവ കുറിച്ചു വയ്ക്കാനായിരുന്നു അത്. ഒരു കുടുംബം പോലെയായിരുന്നു എല്ലാവരും. ചിത്രത്തിലെ 80 ശതമാനത്തോളം ആളുകളും പുതുമുഖങ്ങള്‍. ക്യാമറയെ അഭിമുഖീകരിക്കാനുള്ള പേടിയൊക്കെ മാറ്റാന്‍ ആ റിഹേഴ്‌സല്‍ ഒരുപാട് സഹായിച്ചു. കൂടുതല്‍ പേരും സ്വന്തം ശബ്ദത്തിലാണ് ഡബ് ചെയ്തതും.'
അരുവിക്കായി അതിഥിയുടെ നടത്തിയ തയ്യാറെടുപ്പുകള്‍ അത്ര നിസ്സാരമായിരുന്നില്ല. ഭക്ഷണത്തിലുള്‍പ്പെടെ കര്‍ശന നിയന്ത്രണമായിരുന്നു.
'ഈ ചിത്രത്തില്‍ അഭിനയിക്കാനായി പത്തു കിലോയോളം ഞാന്‍ ഭാരം കുറച്ചു. 45 ദിവസം കൃത്യമായി ഡയറ്റൊക്കെ ഉണ്ടായിരുന്നു. കഞ്ഞി മാത്രമാണ് അന്ന് കഴിച്ചിരുന്നത്. പിന്നെ പച്ചക്കറിയും. ആരോഗ്യത്തിന്‍റെ കാര്യത്തില്‍ കുറച്ചു പേടിയുണ്ടായിരുന്നതുകൊണ്ട് കുറച്ചേറെ നാള്‍ ആശുപത്രിയില്‍ തന്നെ താമസിക്കുകയായിരുന്നു. ചെന്നൈയില്‍ ഞങ്ങള്‍ സ്ഥിരമായി ചികിത്സ തേടുന്ന ആയുര്‍വേദ ആശുപത്രിയിലായിരുന്നു. 10-15 ദിവസം ആരുമായും അധികം സംസാരിക്കാതെയൊക്കെയാണ് ഇരുന്നത്. അതും അഭിനയത്തില്‍ എന്നെ കുറേ സഹായിച്ചിട്ടുണ്ട്. പിന്നെ സുഹൃത്തുക്കളുടേയും കുടുംബത്തിന്‍റെയും പിന്തുണയാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. '
കൂടുതല്‍ വായിക്കാം: 'അരുവി' സിനിമാ റിവ്യൂ
ആദ്യമായി സ്വന്തം മുഖം ബിഗ്‌സ്‌ക്രീനില്‍ കണ്ടത് ചെന്നൈയിലെ ഉദയം തിയേറ്ററില്‍ വച്ച്. ആ അനുഭവത്തെക്കുറിച്ച് അതിഥി പറയുന്നതിങ്ങനെ:
'ആദ്യത്തെ ദിവസം ആദ്യത്തെ ഷോ കാണാനായി തിയേറ്ററിലെത്തിയപ്പോള്‍ ആരെങ്കിലും എന്നെ തിരിച്ചറിയുമെന്നൊന്നും സ്വപ്‌നത്തില്‍ പോലും വിചാരിച്ചില്ല. പക്ഷെ സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങി.'
ചിത്രം ഇതിനോടകം നിരവധി അന്താരാഷ്ട ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു. അതിഥിയെക്കൂടാതെ ലക്ഷ്മി ഗോപാലസ്വാമിയും വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്.
'വളരെ ഫ്രണ്ട്‌ലി ആയിരുന്നു ലക്ഷ്മി മാഡം. ഒരുപാട് പിന്തുണ തന്നിട്ടുണ്ട്. വളരെ ദൈര്‍ഘ്യമേറിയ സംഭാഷണരംഗത്തിന്‍റെ ചിത്രീകരണം കഴിഞ്ഞതിനു ശേഷം ലക്ഷ്മി മാം വന്ന് എന്നെ അഭിനന്ദിച്ചു. വല്ലാതെ സന്തോഷം തോന്നി അപ്പോളൊക്കെ. സത്യത്തില്‍ റിഹേഴ്‌സല്‍ സമയത്ത് പരിശീലിച്ചു തുടങ്ങിയത് അത്തരം പ്രയാസമുള്ള ഡയലോഗുകള്‍ ആയിരുന്നു.'
സിനിമ കണ്ട് സിനിമാപ്രവര്‍ത്തകരും സിനിമയിലെ മുതിര്‍ന്നവരുമെല്ലാം വിളിച്ചതൊക്കെ ഇപ്പോളും വിശ്വസിക്കാനാകുന്നില്ലെന്ന് അതിഥി.
'സിനിമ കണ്ട് ആദ്യം വിളിച്ചത് സംവിധായകന്‍ രാജു മുരുഗന്‍ സാറായിരുന്നു. പിന്നെ ശിവ്കുമാര്‍ സാര്‍. ഒരു മകളോടു സംസാരിക്കുന്നതു പോലെയാണ് അദ്ദേഹം എന്നോടു സംസാരിച്ചത്. നല്ല സിനിമകള്‍ തിരഞ്ഞെടുത്തു ചെയ്യണം, ആകെ 10 സിനിമകളേ ചെയ്യാന്‍ കഴിയൂ എങ്കില്‍ ആ പത്തും മികച്ചതാകണം എന്നദ്ദേഹം പറഞ്ഞു. പിന്നീടാണ് രജനികാന്ത് സാര്‍ വിളിച്ചത്. സ്വപ്‌നം പോലെയായിരുന്നു ആ വിളി. അദ്ദേഹം ഞങ്ങളെ വീട്ടിലേക്ക് ക്ഷണിച്ചു. ഞങ്ങള്‍ക്ക് സമ്മാനമായി ഒരു സ്വര്‍ണ മാല നല്‍കി. '
/indian-express-malayalam/media/media_files/uploads/2017/12/aruvi-film-.jpg)
അതിഥിക്ക് ഒരു കേരള പശ്ചാത്തലം കൂടിയുണ്ട്. അമ്മ മലയാളിയാണ്. മലയാളം കുറച്ചൊക്കെ അറിയാം. ഇടയ്ക്ക് കേരളത്തില്‍ വരാറുമുണ്ട്.
'മാവേലിക്കരയില്‍ ഇടക്ക് ഞങ്ങള്‍ വരാറുണ്ട്. അത്ര നന്നായി അറിയില്ലെങ്കിലും തമിഴ് കലര്‍ന്ന മലയാളത്തില്‍ സംസാരിക്കാന്‍ പറ്റും. കോളേജിലൊക്കെ മലയാളി സുഹൃത്തുക്കള്‍ ഉണ്ട്.'
സിനിമ പശ്ചാത്തലമുള്ള ഒരു കുടുംബത്തില്‍ നിന്നല്ല അതിഥി ബാലന്‍ എന്ന അഭിനേത്രി വരുന്നത്. അച്ഛന്‍ ഒരു വ്യവസായി. അമ്മ വീട്ടമ്മയാണ്. സഹോദരന്‍ മുംബൈയില്‍ ജോലി ചെയ്യുന്നു.
'അരുവി'യ്ക്ക് ശേഷം പുതിയ സിനിമകളൊന്നും ഇതുവരെ കമ്മിറ്റ് ചെയ്തിട്ടില്ലെങ്കിലും ഒരു നല്ല സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് അതിഥി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.