/indian-express-malayalam/media/media_files/uploads/2023/06/Adipurush-writer-Manoj-Muntashir.jpg)
ആദിപുരുഷ് എഴുത്തുകാരൻ മുൻതാസിറിനെ സംബന്ധിച്ച് വിവാദങ്ങൾ പുത്തരിയല്ല
വിമർശനങ്ങളും ട്രോളുകളുമൊക്കെ ഏറ്റുവാങ്ങി ആദിപുരുഷ് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുമ്പോൾ ഒപ്പം ഉയർന്നു കേൾക്കുന്ന പേരുകളിൽ ഒന്നാണ് മനോജ് മുൻതാഷിർ എന്നത്. ആദിപുരുഷിന്റെ തിരക്കഥാകൃത്താണ് മനോജ് മുൻതാഷിർ.
ആരാണ് മനോജ് മുൻതാഷിർ?
മനോജ് ശുക്ല എന്നാണ് മുൻതാഷിറിന്റെ യഥാർത്ഥ പേര്. മുംബൈയിൽ എത്തിച്ചേരും മുൻപ് മനോജ് പ്രയാഗ് രാജിലെ ആകാശവാണി നിലയിൽ ജോലി ചെയ്യുകയായിരുന്നു. സിനിമയിലേക്ക് എത്തും മുൻപ് ഏറെ കഷ്ടപ്പാടുകളിലൂടെ മനോജ് കടന്നുപോയിട്ടുണ്ട്. എന്നാൽ കഠിനാധ്വാനം മനോജിനെ പ്രശസ്തിയിലേക്ക് ഉയർത്തുകയായിരുന്നു. 'തേരി ഗലിയാൻ', 'തേരെ സാങ് യാരാ', 'കൗൻ തുജെ', 'ദിൽ മേരി നാ സുനെ', 'ഫിർ വി തുംകോ ചാഹുംഗ', 'തേരി മിട്ടി' തുടങ്ങി ബോളിവുഡിലെ പ്രശസ്തമായ നിരവധി ഗാനങ്ങൾ മനോജ് രചിച്ചതാണ്. കഠിനാധ്വാനത്തിലൂടെ പ്രശസ്തിക്കൊപ്പം സമ്പത്തും മനോജ് വാരിക്കൂട്ടിയിരിക്കുന്നു. വിക്കിപീഡിയ, ഫോർബ്സ്, ഐഎംഡിബി തുടങ്ങിയവയുടെ കണക്കുകൾ പ്രകാരം മനോജിന്റെ ആസ്തി 62 മില്യൺ ഡോളറാണ്. ആഢംബര കാറുകളുടെ പ്രത്യേക ശേഖരവും മനോജിനുണ്ട്. 88 ലക്ഷം രൂപ വിലയുള്ള ഓഡി ക്യു7നും മനോജിന്റെ പക്കലുണ്ട്.
/indian-express-malayalam/media/media_files/uploads/2023/06/Manoj-Muntashir.jpg)
മുൻതാഷിർ എന്ന പേരിനു പിന്നിൽ
ഉറുദുവിൽ 'ചിതറിയ ആത്മാവ്' എന്നർത്ഥം വരുന്ന മുൻതാഷിർ എന്നത് മനോജിന്റെ തൂലികാനാമമാണ്. ഉത്തർപ്രദേശിലെ അമേത്തിയിലാണ് മനോജ് ശുക്ല ജനിച്ചത്. ഒരു റേഡിയോ അഭിമുഖത്തിൽ, ശുക്ല എന്ന പേരിന് ഒരെടുപ്പ് ഇല്ലാത്തതിനാലാണ് താൻ മുൻതാഷിർ എന്ന പേര് സ്വീകരിച്ചതെന്ന് മനോജ് പറഞ്ഞിരുന്നു. "ഞാൻ കവിത എഴുതാൻ തുടങ്ങിയിരുന്നു, എനിക്ക് ഒരു തൂലികാനാമം ആവശ്യമായിരുന്നു, പക്ഷേ ശുക്ലയ്ക്ക് അത്ര എടുപ്പില്ലെന്നു എനിക്കു തോന്നി."
തേരി മിട്ടി, ഗലിയാൻ, തേരെ സാംഗ് യാരാ, കൗൻ തുജെ, ദിൽ മേരി നാ സുനെ, കൈസേ ഹുവാ, ഫിർ ഭി തുംകോ ചാഹുംഗ തുടങ്ങിയ ഗാനങ്ങളുടെ രചയിതാവ് എന്ന നിലയിൽ മുൻതാഷിർ ഏറെ പ്രശസ്തനായി. മാർവലിന്റെ ബ്ലാക്ക് പാന്തർ, ബാഹുബലി: ദി ബിഗിനിംഗ്, ബാഹുബലി 2: ദി കൺക്ലൂഷൻ എന്നീ ചിത്രങ്ങൾക്കു ഹിന്ദി സംഭാഷണങ്ങൾ ഒരുക്കിയതും മനോജ് ആയിരുന്നു.
മനോജിനെ കണ്ടെത്തിയതും കോൻ ബനേഗ ക്രോർപതി എന്ന ഗെയിം ഷോയ്ക്ക് തിരക്കഥയെഴുതാൻ അവസരം നൽകിയതും അമിതാഭ് ബച്ചനാണ്. "കെബിസി എഴുതാൻ എന്നെ ബച്ചൻ സാർ തിരഞ്ഞെടുത്തു. യാത്രകളെ കുറിച്ച് താൻ ചെയ്ത യാത്ര എന്ന ഷോ അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. അങ്ങനെയാണ് അദ്ദേഹം കെബിസിയുടെ ഭാഗമാകാൻ എന്നെ ക്ഷണിച്ചത്." ഇന്ത്യ ഗോട്ട് ടാലന്റ്, ഇന്ത്യൻ ഐഡൽ ജൂനിയർ എന്നീ ഷോകൾക്ക് മനോജ് തിരക്കഥയൊരുക്കി.
എഴുത്തിൽ തന്നെ ഏറെ സ്വാധീനിച്ച വ്യക്തിയാണ് സലിം ജാവേദ് എന്ന് സ്ക്രോളിന് നൽകിയ അഭിമുഖത്തിൽ മുൻതാഷിർ പറഞ്ഞിരുന്നു. "ഇരുണ്ട തിയേറ്ററിൽ 300 രൂപ മുടക്കി സിനിമ കാണുന്ന പ്രേക്ഷകരുടെ പൾസ് സലിം-ജാവേദ് മനസ്സിലാക്കിയ രീതി അതിശയകരമാണ്.സലിം ജാവേദിന്റെ എഴുത്തിലെ ലാളിത്യം എന്റെ എഴുത്തിലും കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്."
മുൻതാഷിറും വിവാദങ്ങളും
ആദിപുരുഷിലെ സംഭാഷണങ്ങളിലൂടെയും മറ്റും ഒരു വിഭാഗം പ്രേക്ഷകരെ രോക്ഷാകുലരാക്കിയ മനോജിനെ സംബന്ധിച്ച് ഈ വിവാദങ്ങളൊന്നും പുതുമയുള്ളതല്ല.
'തേരി മിട്ടി' വിവാദം
ഇന്ത്യൻ സിനിമാലോകത്ത് പ്രവർത്തിക്കുന്ന പല പ്രമുഖ എഴുത്തുകാരെയും പോലെ മുൻതാഷിറും കോപ്പിയടി ആരോപണങ്ങൾ നേരിട്ടുണ്ട്. കേസരി എന്ന ചിത്രത്തിലെ മുൻതാഷിറിന്റെ 'തേരി മിട്ടി' എന്ന ഗാനം കൈഫി ആസ്മി എഴുതിയ ഹഖീഖത്തിന്റെ 'കർ ചലേ ഹം ഫിദാ' എന്ന ഗാനത്തിന് സമാനമാണെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. അതുപോലെ, മുൻതാഷിറിന്റെ 'മേരി ഫിത്രത് ഹേ മസ്താന' എന്ന പുസ്തകത്തിലെ 'മുജെ കോൾ കർണ' എന്ന കവിതയുമായി ബന്ധപ്പെട്ടും കോപ്പിയടി ആരോപണം ഉയർന്നിരുന്നു. 2007ൽ റോബർട്ട് ലാവറി എഴുതിയ കവിത മുൻതാഷിർ കോപ്പിയടിച്ചതാണെന്നാണ് ചിലർ അവകാശപ്പെട്ടത്.
ഫിലിംഫെയർ അവാർഡ് ബഹിഷ്കരണം
'തെരി മിട്ടി'യ്ക്ക് ഫിലിംഫെയർ അവാർഡ് ലഭിക്കാതെ പോയപ്പോൾ മുൻതാഷിർ പങ്കുവച്ച ട്വീറ്റും വിവാദമായിരുന്നു. " പ്രിയപ്പെട്ട അവാർഡുകളെ... ഞാൻ എന്റെ ജീവിതകാലം മുഴുവൻ ശ്രമിച്ചാലും 'തൂ കഹ്തീ തേരാ ചാന്ദ് ഹൂൻ മെയ്ൻ ഔർ ചാന്ദ് ഹുമേഷാ രഹ്താ ഹേ' എന്നതിനേക്കാൾ മികച്ച ഒരു വരി എനിക്ക് എഴുതാൻ കഴിയില്ല. ആ വാക്കുകളെ മാനിക്കുന്നതിൽ നിങ്ങൾ പരാജയപ്പെട്ടു. ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ അവരുടെ മാതൃരാജ്യത്തിനായി കരയുകയും പരിപാലിക്കുകയും ചെയ്യുന്നു. ഞാൻ ഇപ്പോഴും നിങ്ങളെ പരിപാലിക്കുന്നത് തുടരുകയാണെങ്കിൽ അതെന്റെ കലയോട് കാണിക്കുന്ന വലിയ അനാദരവായിരിക്കും. അതിനാൽ ഞാൻ നിങ്ങളോട് വിട പറയുന്നു. ഇനിയൊരിക്കലും, അവസാനശ്വാസം വരെ, ഒരു അവാർഡ് ഷോയിലും പങ്കെടുക്കില്ല. വിട,” എന്നായിരുന്നു മുൻതാഷിറിന്റെ ട്വീറ്റ്.
'മുഗളന്മാർ കൊള്ളക്കാരാണ്' വിവാദം
“ആരാണ് നിങ്ങളുടെ പൂർവികർ?” എന്ന തലക്കെട്ടിൽ ട്വിറ്ററിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തപ്പോൾ 2021-ൽ മുൻതാഷിർ വീണ്ടും വിവാദത്തിൽ പെട്ടു. വീഡിയോയിൽ, മുൻതാഷിർ മുഗൾ ചക്രവർത്തിമാരെ കൊള്ളക്കാർ എന്ന് വിളിച്ചു. മുസ്ലീം ന്യൂനപക്ഷത്തോട് വിദ്വേഷം വളർത്താൻ ശ്രമിച്ച മുൻതാഷിറിനെ എതിർത്ത് നടൻ റിച്ച ഛദ്ദ, സംവിധായകൻ നീരജ് ഗയ്‌വാൻ തുടങ്ങി നിരവധി പേർ രംഗത്തുവന്നു.
/indian-express-malayalam/media/media_files/uploads/2023/06/Adipurush-2.jpg)
ആദിപുരുഷും വിവാദങ്ങളും
ആദിപുരുഷ് തിയേറ്ററുകളിൽ റിലീസ് ചെയ്തതിന് ശേഷം മുൻതാഷിർ എഴുതിയ സംഭാഷണങ്ങൾ വിമർശിക്കപ്പെട്ടു. എന്നാൽ തന്റെ സൃഷ്ടിപരമായ തിരഞ്ഞെടുപ്പാണ് അതെന്നാണ് മുൻതാഷിർ വാദിച്ചത്. ഹനുമാനായി സംഭാഷണങ്ങൾ എഴുതിയത് വളരെ സൂക്ഷ്മമായി ചിന്തിച്ചാണെന്നും ലാളിത്യം കൊണ്ടുവരാൻ ശ്രമിച്ചതാണെന്നുമായിരുന്നു മുൻതാഷിറിന്റെ വിശദീകരണം.
തന്റെ എഴുത്തിനെ ന്യായീകരിച്ചതിനു തൊട്ടു പിന്നാലെ ആദിപുരുഷ് രാമായണത്തിന്റെ അനുകരണമല്ലെന്ന വാദവുമായി മുൻതാഷിർ വീണ്ടും രംഗത്തെത്തി. രാമായണത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ട സൃഷ്ടിയാണ് ആദിപുരുഷ് എന്നായിരുന്നു ഇത്തവണ മുൻതാഷിറിന്റെ അവകാശവാദം.
“ആദിപുരുഷ് എന്നാണ് ചിത്രത്തിന്റെ പേര്. രണ്ട് കാര്യങ്ങൾ ഞാൻ വ്യക്തമാക്കാം, ഞങ്ങൾ രാമായണം ഉണ്ടാക്കിയിട്ടില്ല, അതിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുക മാത്രമാണ് ചെയ്തത്. മാർക്കറ്റിംഗ് തന്ത്രങ്ങൾ മനസ്സിൽ വെച്ചുകൊണ്ട് സിനിമയ്ക്ക് രാമായണം എന്ന് പേരിടാൻ ഞങ്ങൾക്ക് എളുപ്പമായിരുന്നു. എന്നാൽ രാമായണത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുക മാത്രമാണ് ചെയ്തത്, അല്ലാതെ ഞങ്ങൾ രാമായണം നിർമ്മിക്കുകയല്ലെന്ന് ആദ്യം മുതൽ തന്നെ ഞങ്ങൾക്കറിയാമായിരുന്നു. രാമായണത്തിൽ നടന്ന യുദ്ധത്തിന്റെ ഒരു ചെറിയ ഭാഗം ഞങ്ങൾ ഉണ്ടാക്കി.” മുൻതാഷിറിന്റെ ഈ വാക്കുകൾ ആദിപുരുഷ് ടീം അതുവരെ പറഞ്ഞുകൊണ്ടിരുന്ന എല്ലാ പ്രസ്താവനകൾക്കും നേർ വിരുദ്ധമായിരുന്നു.
നിലപാടുകളിൽ തിരുത്തുമായി വീണ്ടും മുൻതാഷിർ ട്വീറ്റ് ചെയ്തു. "എന്റെ ഡയലോഗുകൾക്ക് അനുകൂലമായി എനിക്ക് എണ്ണമറ്റ വാദങ്ങൾ നൽകാൻ കഴിയും, പക്ഷേ ഇത് നിങ്ങളുടെ വേദന കുറയ്ക്കില്ല. നിങ്ങളെ വേദനിപ്പിക്കുന്ന ചില ഡയലോഗുകൾ ഞങ്ങൾ പുനഃപരിശോധിക്കാമെന്ന് ഞാനും സിനിമയുടെ നിർമ്മാതാവും സംവിധായകനും തീരുമാനിച്ചു. അവ ഈ ആഴ്‌ച സിനിമയിൽ ചേർക്കും. ശ്രീരാമൻ നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ. ”
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.