ഇന്ത്യന്‍ ഇതിഹാസം പ്രമേയമായി ഒരുങ്ങുന്ന പ്രഭാസിന്റെ ത്രിഡി ചിത്രം ‘ആദിപുരുഷി’ന്റെ പോസ്റ്ററിന് മികച്ച പ്രതികരണം. പ്രഭാസ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തിറക്കിയ പോസ്റ്റര്‍ 24 മണിക്കൂറിനകം കണ്ടത് 13 ലക്ഷത്തോളം ആളുകളാണ്. ഇന്ത്യന്‍ ഇതിഹാസം പ്രമേയമാകുന്ന ചിത്രം ത്രിഡി രൂപത്തിലാണ് ഒരുക്കിയിരിക്കുന്നത്. ‘തന്‍ഹാജി’യുടെ സംവിധായകനും റെട്രോഫൈല്‍ പ്രോഡക്ഷന്‍ കമ്പനി സ്ഥാപകനുമായ ഓം റൗട്ടാണ് ചിത്രം ഒരുക്കുന്നത്. ഇതാദ്യമായാണ് ഇരുവരും ഒന്നിക്കുന്നത്.

ഇന്ത്യന്‍ ഇതിഹാസകഥ പ്രമേയമാക്കിയുള്ള ചിത്രമാണ് ഇതെന്ന് പ്രഖ്യാപിച്ചെങ്കിലും ചിത്രത്തിന്റെ കൂടുതൽ വിശദാംശങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. എന്നാൽ ‘ആദിപുരുഷ്’ പറയുന്നത് രാമായണകഥയാണ് എന്ന രീതിയിൽ അഭ്യൂഹങ്ങളുണ്ട്. പ്രഭാസിന് ആശംസകൾ നേർന്നുകൊണ്ട് ‘മഹാനടി’ സംവിധായകൻ നാഗ് അശ്വിൻ പങ്കുവച്ച ട്വീറ്റും അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്നുണ്ട്. ‘പ്രഭാസിനെ രാമനായി കാണാൻ ആവേശത്തോടെ കാത്തിരിക്കുന്നു,’ എന്നാണ് നാഗ് അശ്വിൻ കുറിക്കുന്നത്.

“ഓരോ റോളും ഓരോ കഥാപാത്രവും അതിന്റേതായ വെല്ലുവിളികളുമായാണ് വരുന്നത്, എന്നാൽ ഇത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വളരെയധികം ഉത്തരവാദിത്തം നിറഞ്ഞതും അഭിമാനകരവുമായ കാര്യമാണ്. ഈ ഇതിഹാസകഥാപാത്രത്തെ അവതരിപ്പിക്കാനായി ആവേശപൂർവ്വം കാത്തിരിക്കുകയാണ് ഞാൻ,” എന്നാണ് കഥാപാത്രത്തെ കുറിച്ച് പത്രക്കുറിപ്പിൽ പ്രഭാസ് പറയുന്നത്.

ടി- സീരിയസ് എന്ന റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. തിന്മയ്‌ക്കെതിരെ നന്മയുടെ വിജയത്തെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യന്‍ ഇതിഹാസത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ‘സാഹോ’യ്ക്കും ‘രാധേശ്യാമി’നും ശേഷം നിര്‍മ്മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ‘ആദിപുരുഷ്’ എന്ന ത്രിഡി ചിത്രം.

ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഏറെ ജനപ്രീതിയുള്ള ഒരു അദ്ധ്യായത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ഹിന്ദിയിലും തെലുങ്കിലുമാണ് ചിത്രീകരിക്കുക എന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. കൂടാതെ, തമിഴ്, മലയാളം, മറ്റു വിദേശഭാഷകളിലേക്കും ചിത്രം ഡബ് ചെയ്ത് പ്രദര്‍ശനത്തിനെത്തിക്കും. 2022 ല്‍ ചിത്രം തിയറ്ററുകളിലെത്തിക്കും.

Read more: രണ്ടാമതൊന്ന് ആലോചിക്കാനില്ല, അത് പ്രഭാസ് തന്നെ; അല്ലു അർജുൻ പറയുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook