/indian-express-malayalam/media/media_files/uploads/2023/06/Adipurush.jpg)
Photo: Entertainment Desk/ IE Malayalam
Adipurush Advance Booking: ഇന്ത്യന്‍ ഇതിഹാസമായ രാമായണം പ്രമേയമായി ഒരുങ്ങുന്ന പ്രഭാസിന്റെ ത്രിഡി ചിത്രമായ 'ആദിപുരുഷ്' നാളെ തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഇതിനകം തന്നെ നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങിയാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയപ്പോൾ ഹനുമാനെയും രാവണനെയുമൊക്കെ മോശമായി ചിത്രീകരിച്ചു എന്ന വിമർശനം ഉയർന്നിരുന്നു. തൊട്ടുപിന്നാലെ, ആദിപുരുഷ് റിലീസ് ചെയ്യുമ്പോൾ എല്ലാ തിയേറ്ററിലും ഒരു സീറ്റ് ഒഴിച്ചിടണം, കാരണം ഹനുമാൻ ചിത്രം കാണാനെത്തുമെന്ന പ്രചരണവും വിമർശനങ്ങൾ ഏറ്റുവാങ്ങി.
വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമൊടുവിൽ, സമീപകാലത്ത് ഏറ്റവുമധികം പ്രി റിലീസ് പബ്ലിസിറ്റിയുമായെത്തിയ 'ആദിപുരുഷ്' തിയേറ്ററുകളിലേക്ക് എത്തുമ്പോൾ നോർത്ത് സംസ്ഥാനങ്ങളിലെല്ലാം അഡ്വാൻസ് ബുക്കിംഗിൽ മികച്ചു നിൽക്കുകയാണ് ചിത്രം. എന്നാൽ കേരളത്തിലെ തിയേറ്ററുകളെ സംബന്ധിച്ച് നിരാശയുണർത്തുന്നതാണ് ചിത്രത്തിന്റെ കേരളത്തിലെ ബുക്കിംഗ് സ്റ്റാറ്റസ്. പല തിയേറ്ററുകളിലും ചിത്രത്തിന് 3 മുതൽ 4 ഷോ വരെ ആദ്യദിനത്തിൽ സ്ലോട്ട് നൽകിയിട്ടുണ്ട്. എന്നാൽ, ആവറേജിലും താഴെയാണ് ഇതുവരെ ബുക്കിംഗ് നടന്നിരിക്കുന്നതെന്നാണ് തിയേറ്റർ ഉടമകൾ പറയുന്നത്. കേരളത്തിലെ തിയേറ്ററുകൾ പൊതുവെ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണോ ഇതെന്ന് വ്യക്തമല്ല.
"കോഴിക്കോട്, മലപ്പുറം, പെരിന്തൽമണ്ണ തിയേറ്ററുകളിലെല്ലാം തന്നെ നിരാശാജനകമാണ് ആദിപുരുഷ് അഡ്വാൻസ് ബുക്കിംഗിന്റെ അവസ്ഥ," അഭിലാഷ് തിയേറ്റർ ഉടമ കെ ഒ ജോസഫ് ഇന്ത്യൻ എക്സ്‌പ്രസ്സ് മലയാളത്തോട് പറഞ്ഞു.
/indian-express-malayalam/media/media_files/uploads/2023/06/Adipurush-Booking.jpg)
എറണാകുളത്തും സ്ഥിതി വ്യത്യാസമല്ല, വിരലിൽ എണ്ണാവുന്ന ആളുകൾ മാത്രമാണ് ആദ്യദിനത്തിലേക്കായി ടിക്കറ്റുകൾ ബുക്ക് ചെയ്തിരിക്കുന്നത് എന്നാണ് എറണാകുളം വനിത- വിനീത തിയേറ്ററുകളുടെ ടെക്നിക്കൽ മാനേജരായ ഷൈൻ പറയുന്നത്. ഇടപ്പള്ളി ലുലുവിലെ പിവിആർ തിയേറ്ററിലും ചിത്രത്തിന് ആവറേജ് ബുക്കിംഗ് മാത്രമാണ് ഉള്ളത്.
തിരുവനന്തപുരത്തെ തിയേറ്ററുകളിലും പ്രതീക്ഷിച്ച രീതിയിലുള്ള അഡ്വാൻസ് ബുക്കിംഗ് സംഭവിച്ചിട്ടില്ലെന്നാണ് തിയേറ്റർ ഉടമകൾ പറയുന്നത്. പൊതുവെ പാൻ ഇന്ത്യൻ സിനിമകൾക്കു ആദ്യ ദിനത്തിൽ ഉണ്ടാവാറുള്ള തള്ളിക്കയറ്റം ആദിപുരുഷനില്ലെന്നും എട്ടോളം ഷോകൾ ആദ്യദിനത്തിൽ ചാർട്ട് ചെയ്തിട്ടുണ്ടെങ്കിലും മലയാളം പരിഭാഷയ്ക്ക് മാത്രമാണ് ബുക്കിംഗ് ഉള്ളത്, അതും ആവറേജിലും താഴെയാണെന്ന് തിരുവനന്തപുരം ഏരീസ് പ്ലസിലെ ജോയ് പറയുന്നു.
അതേസമയം, നോർത്തിന്ത്യയിലെ പല നഗരങ്ങളിലെയും തിയേറ്ററുകളിൽ ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ്. 2000 രൂപ വരെ നൽകി ബ്ലാക്കിൽ ടിക്കറ്റുകൾ വാങ്ങാൻ ആളുകൾ തയ്യാറാവുന്നു എന്നാണ് നോർത്തിന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന റിപ്പോർട്ട്.
'തന്‍ഹാജി'യുടെ സംവിധായകനും റെട്രോഫൈല്‍ പ്രോഡക്ഷന്‍ കമ്പനി സ്ഥാപകനുമായ ഓം റൗട്ടാണ് ആദിപുരുഷ് ഒരുക്കുന്നത്. തിന്മയ്‌ക്കെതിരെ നന്മയുടെ വിജയത്തെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യന്‍ ഇതിഹാസത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. 'സാഹോ'യ്ക്കും 'രാധേശ്യാമി'നും ശേഷം നിര്‍മ്മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് 'ആദിപുരുഷ്' എന്ന ത്രിഡി ചിത്രം. ചിത്രത്തിൽ രാമനായാണ് പ്രഭാസ് എത്തുന്നത്, സെയ്ഫ് അലി ഖാനാണ് രാവണ വേഷം ചെയ്യുന്നത്. ഒരേ സമയം ഹിന്ദിയിലും തെലുങ്കിലുമാണ് ആദിപുരുഷ് ചിത്രീകരിച്ചിരിക്കുന്നത്. തമിഴ്, കന്നഡ, മലയാളം ഭാഷകളിലേക്ക് ചിത്രം മൊഴിമാറ്റം ചെയ്തിട്ടുണ്ട്. പ്രേക്ഷകർക്ക് 2ഡി, 3ഡി സ്‌ക്രീനുകളിൽ ചിത്രം കാണാനാവും. മൂന്ന് മണിക്കൂറിനു അടുത്താണ് ചിത്രത്തിന്റെ ദൈർഘ്യം.
ആദിപുരുഷിന്റെ ഹിന്ദി പതിപ്പ് ആദ്യ ദിനം തന്നെ 30 കോടിയിലധികം കളക്ഷൻ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. 1.13 ലക്ഷം ടിക്കറ്റുകൾ ഹിന്ദി പതിപ്പിനായി വിറ്റുപോയെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയിൽ 6200-ലധികം സ്‌ക്രീനുകളിലാണ് ആദിപുരുഷ് റിലീസ് ചെയ്യുന്നതെന്ന് സാക്‌നിൽക് റിപ്പോർട്ട് ചെയ്യുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.