സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ച ‘അണ്‍ഫ്രീഡം’ എന്ന ചിത്രം നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യയില്‍ റിലീസ് ചെയ്തു. 2014ല്‍ ഒരുക്കിയ ഈ ചിത്രം 2015ല്‍ വടക്കേ അമേരിക്കയില്‍ റിലീസ് ചെയ്തിരുന്നു. ഫയീസ് അഹമ്മദ് ഫയീസിന്റെ ‘യേ ദഗ് ഉജല’ എന്ന കവിതയെ ആസ്പദമാക്കി രാജ് അമിത് കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് അണ്‍ഫ്രീഡം.

ഈ ചിത്രം ഇന്ത്യയില്‍ സ്വവര്‍ഗാനുരാഗം, ബലാത്സംഗം, വര്‍ഗീയ കലാപം എന്നിവയ്ക്ക് പ്രചോദനമാകും എന്നു പറഞ്ഞാണ് സെന്‍സര്‍ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചത്.

സ്വവര്‍ഗാനുരാഗവും മുസ്ലീങ്ങള്‍ അഭിമുഖീകരിക്കുന്ന പീഡനങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. കഹാനി ഘര്‍ ഘര്‍ കി എന്ന സീരിയലിലൂടെ ശ്രദ്ധേയയായ പ്രീതി ഗുപ്തയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

വ്യത്യസ്ത സാഹചര്യത്തിലെ രണ്ട് തട്ടിക്കൊണ്ട് പോകല്‍ സംഭവങ്ങളാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. ന്യൂയോര്‍ക്കില്‍ ഒരു മുസ്ലീം തീവ്രവാദി ജനാധിപത്യവാദിയായ ഒരു മുസ്ലീം പണ്ഡിതനെ തട്ടിക്കൊണ്ട് പോകുന്നു, അതേസമയം തന്നെ ദില്ലിയില്‍ സ്വവര്‍ഗാനുരാഗിയായി സ്ത്രീ മറ്റൊരു യുവതിയേയും തട്ടിക്കൊണ്ട് പോകുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഹരി നായരാണ് ഛായഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. വിക്ടര്‍ ബാനര്‍ജി, ആദില്‍ ഹുസൈന്‍, ഭാനു ഉദയ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ