Biju Menon Starrer Adhyarathri Movie Review: ബിജു മേനോന്റെ കോമഡി ടൈമിംഗിനെ നല്ല രീതിയിൽ ഉപയോഗപ്പെടുത്തിയ ചിത്രമായിരുന്നു ‘വെള്ളിമൂങ്ങ’. പൊളിറ്റിക്കൽ സറ്റയറിന്റെ പരിവേഷം കൂടിയായപ്പോൾ ‘വെള്ളിമൂങ്ങ’ ഹിറ്റായി. ‘ആദ്യരാത്രി’ അനൗൺസ് ചെയ്യപ്പെട്ടതു മുതൽ ചിത്രത്തിന്റെ പ്രധാന ആകർഷണം ‘വെള്ളിമൂങ്ങ’ ടീം (ബിജു മേനോൻ- ജിബു ജേക്കബ് ടീം) വീണ്ടും ഒന്നിക്കുന്നു എന്നതായിരുന്നു. ചിത്രം ഇന്ന് തിയേറ്ററുകളില്‍ എത്തുമ്പോള്‍ ബിജു മേനോന്റെ കോമഡി ടൈമിംഗ് തന്നെയാണ് ‘ആദ്യരാത്രി’യിലൂടെ ഈ ടീം വീണ്ടും വിജയകരമായി ഉപയോഗപ്പെടുത്തിയിരിക്കുനന്നത് എന്ന് മനസ്സിലാകും.

Adhyarathri Movie Plot: ‘ആദ്യരാത്രി’യുടെ കഥ

ഇരുപത്തിരണ്ടു വർഷങ്ങൾക്കു മുൻപ് നടക്കുന്ന ഒരു ഫ്ളാഷ് ബാക്ക് കഥയിൽ നിന്നാണ് ‘ആദ്യരാത്രി’ ആരംഭിക്കുന്നത്. ആലപ്പുഴയിലെ കായലോര ഗ്രാമമായ മുല്ലക്കരയിലെ മനോഹരന്റെ (ബിജു മേനോൻ) വീട് സഹോദരിയുടെ കല്യാണാഘോഷങ്ങൾക്ക് ഒരുങ്ങുകയാണ്. സ്ഥലത്തെ പ്രധാന കല്യാണദല്ലാളായ ത്രേസ്യാമ്മ (പോളി വിത്സൺ) കൊണ്ടു വന്ന വിവാഹമാണ് ഇതും. എന്നാൽ ആ ആഘോഷരാത്രിയിൽ വീട്ടുകാരുടെയെല്ലാം സന്തോഷം കെടുത്തികൊണ്ട് കല്യാണപെണ്ണ് ഒളിച്ചോടി പോവുന്നു. അമ്മയില്ലാത്ത മൂന്നു മക്കളെ ലാളിച്ചു വളർത്തിയ മനോഹരന്റെ അച്ഛൻ ദുഖം താങ്ങാൻ കഴിയാതെ മരിക്കുന്നു.

അപ്രതീക്ഷമായ ആ ദുരന്തം മനോഹരന്റെ ജീവിതക്കാഴ്ചപ്പാടുകളെ തന്നെ മാറ്റി മറിക്കുകയായിരുന്നു. പ്രണയത്തെയും ഒളിച്ചോട്ടത്തേയുമെല്ലാം വെറുക്കുകയും നഖശിഖാന്തം എതിർക്കുകയും ചെയ്യുന്ന ഒരാളായി മനോഹരൻ മാറുന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ അയാളൊരു കല്യാണ ദല്ലാളായി മാറുകയാണ്. ഇന്ന് മുല്ലക്കരകാർക്ക് കല്യാണം എന്ന വാക്കിന്റെ പര്യായമാണ് മനോഹരൻ.

പ്രണയം എന്നു കേൾക്കുമ്പോൾ ഹാലിളകുന്ന, പ്രണയവിവാഹങ്ങളെ അടിമുടി എതിർക്കുന്ന, നാട്ടിലെ ചെറുപ്പക്കാരും ചെറുപ്പക്കാരികളും സ്വന്തം വീട്ടുകാരെക്കാളും പേടിക്കുന്ന, നാട്ടുകാരുടെയെല്ലാം സർവ്വസമ്മതനായ മനോഹരന്റെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടു പോവുന്നത്. എന്നാൽ അയാൾ നടത്താമെന്ന് ഏൽക്കുന്ന ഒരു വിവാഹം അൽപ്പം സങ്കീർണ്ണമായ പ്രശ്നങ്ങളിലേക്ക് അയാളെ കൊണ്ടു പോവുകയാണ്.

Adhyarathri Movie Review: ‘ബിജു മേനോന്‍ ഷോ’

സാമർത്ഥ്യവും ഏറ്റെടുത്ത പണികൾ നടത്താനുള്ള മിടുക്കുമെല്ലാമുള്ള മനോഹരനെ അക്ഷരാർത്ഥത്തിൽ മനോഹരമാക്കുന്നുണ്ട് ബിജു മേനോൻ. ‘ആദ്യരാത്രി’യെ ഒരു കംപ്ലീറ്റ് ബിജു മേനോൻ ഷോ എന്നു വിശേഷിപ്പിച്ചാലും തെറ്റില്ല. തമാശകളും കൗണ്ടർ ഡയലോഗുകളും നർമ്മ മുഹൂർത്തങ്ങളിലെ പെർഫോമൻസും എല്ലാമായി തിയേറ്ററിൽ ചിരിയുണർത്തുന്നുണ്ട് താരം. ബിജു മേനോൻ തന്നെ പലയാവർത്തി പരീക്ഷിച്ച് ഹിറ്റായ കോമഡി നമ്പറുകളൊക്കെ തന്നെയാണ് ‘ആദ്യരാത്രി’യിലും കാണാനാവുക. മനോഹരന്റെ എർത്തായി എപ്പോഴും കൂടെയുള്ള സഹായിയാണ് കുഞ്ഞാറ്റ (മനോജ് ഗിന്നസ്). ഇരുവരും ഒന്നിച്ചുള്ള നർമ്മ മുഹൂർത്തങ്ങളും രസകരമാണ്.

‘ഉദാഹരണം സുജാത’, ‘തണ്ണീർമത്തൻ ദിനങ്ങള്‍’ എന്നീ ചിത്രങ്ങളിലൂടെ സുപരിചിതയായ അനശ്വര രാജനാണ് ചിത്രത്തിലെ നായിക. കോളേജ് കുമാരിയുടെ വേഷം നന്നായി തന്നെ അനശ്വര കൈകാര്യം ചെയ്തിട്ടുണ്ട്. അജു വർഗ്ഗീസ്, ശ്രീലക്ഷ്മി, വിജയരാഘവൻ, ബിജു സോപാനം, വീണ നായര്‍ തുടങ്ങിയവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തുന്നു. മനോഹരനെന്ന പുതിയ കല്യാണ ദല്ലാളിന്റെ പിറവിയോടെ ഫീൽഡ് ഔട്ട് ആയി മാറിയ ത്രേസ്യാമ്മയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച പോളി വിത്സനാണ് ചിത്രത്തിലെ എടുത്തു പറയേണ്ട ഒരു സാന്നിധ്യം.

Adhyarathri Movie Review: കോമഡി എന്റര്‍റൈന്‍നര്‍

ഒരു കോമഡി എന്റർടെയിനർ ട്രാക്കിലാണ് ‘ആദ്യരാത്രി’യുടെ സഞ്ചാരം. തമാശകൾ ചിലയിടത്തൊക്കെ പരാജയപ്പെട്ടു പോവുന്നുണ്ടെങ്കിലും വലിയ ബോറടികളില്ലാതെ കണ്ടിരിക്കാവുന്ന രീതിയിൽ ചിത്രം ഒരുക്കാൻ ജിബു ജേക്കബിനു സാധിച്ചിട്ടുണ്ട്. ഒരു നാട്ടിലെ കല്യാണ ബ്രോക്കറുടെ ജീവിതത്തിലെ ചില അനുഭവങ്ങളെ ഒരു രസച്ചരടിൽ കോർത്ത് അവതരിപ്പിക്കുകയാണ് സംവിധായകൻ.

ഷാരിസ്, ജെബിൻ എന്നിവരാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. കഥയിൽ വലിയ പുതുമകളൊന്നുമില്ല എന്നതാണ് ചിത്രത്തിന്റെ ഒരു പോരായ്മയായി തോന്നിയത്. മലയാള സിനിമ പലപ്പോഴും കഥകൾക്കിടയിൽ പറഞ്ഞു പോയ കല്യാണ/ ദല്ലാൾ കഥകളെ കുറച്ചുകൂടി ഫോക്കസ് ചെയ്ത് വലിയൊരു ക്യാൻവാസിലേക്ക് കൊണ്ടു വരുന്നു എന്നത് ചിത്രത്തിന്റെ പ്രത്യേകതയായും പറയാം. ആവേശം സമ്മാനിക്കുന്ന വലിയ ട്വിസ്റ്റുകളൊന്നുമില്ലാതെ, ഊഹിച്ചെടുക്കാവുന്ന രീതിയിൽ പുരോഗമിക്കുന്ന കഥയുടെ സഞ്ചാരം മൊത്തത്തിലുള്ള ആസ്വാദനത്തെ ബാധിക്കുന്നുണ്ട്.

ചിത്രത്തിന്റെ ഛായാഗ്രഹണവും സന്തോഷ് വര്‍മ്മയും ബിജിബാലും ചേര്‍ന്നൊരുക്കിയ ഗാനങ്ങളും മികവു പുലർത്തുന്നു. ‘ബാഹുബലി’യിലെ ‘ഒരേ ഒരു രാജ’ എന്ന ഗാനത്തിന്‍റെ സ്പൂഫ് ആയി ഒരുക്കിയ ഗാനരംഗം ചിരിയുണർത്തുന്നതാണെങ്കിലും ചിത്രത്തിന്റെ മൊത്തത്തിലുള്ള മൂഡിനോട് ചേരാത്തതായി തോന്നി. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ആണ് ചിത്രത്തിന്റെ നിർമാതാക്കൾ.

ഒരു ഫൺ മൂഡിൽ ഒറ്റ തവണ കണ്ടിരിക്കാവുന്ന, അത്യാവശ്യം തമാശയും നർമ്മ മുഹൂർത്തങ്ങളുമെല്ലാമുള്ള ഒരു ചിത്രമാണ് ‘ആദ്യരാത്രി’. മഞ്ജു വാര്യര്‍ നായികയാകുന്ന ഒരു തമിഴ് ചിത്രം ഉള്‍പ്പടെ അഞ്ചു ചിത്രങ്ങൾ തിയേറ്ററുകളിലെത്തിയ ഈ ആഴ്ചയിൽ  ‘ആദ്യരാത്രി’ എങ്ങനെ സ്വീകരിക്കപ്പെടും, ‘വെള്ളിമൂങ്ങ’ കൊണ്ടു വന്ന ഭാഗ്യം ‘ആദ്യരാത്രി’യ്ക്കും ആവർത്തിക്കാനാവുമോ എന്നതൊക്കെ വരും ദിവസങ്ങളിൽ കണ്ടറിയേണ്ടതുണ്ട്.

Read Here: Vikrithi Movie Review: ഈ ‘വികൃതി’ നല്ലതാണ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook