സംഗീതത്തിന്റെ ഓസ്കര്‍ ആണ് ഗ്രാമി അവാര്‍ഡുകള്‍. ഈ വര്‍ഷം വിതരണം ചെയ്യുന്ന 59ആമത് ആനുവല്‍ ഗ്രാമി അവാര്‍ഡുകള്‍ ലോകം മുഴുവന്‍ ഉറ്റുനോക്കുകയാണ്. എന്നാല്‍ അപ്രതീക്ഷിതമായി ചില അവിസ്മരണീയ കാഴ്ചകള്‍ക്കാണ് കാണികള്‍ സാക്ഷിയായത്.
മികച്ച ആല്‍ബത്തിന് പുരസ്കാരം ലഭിച്ചപ്പോള്‍ ലോകപ്രശസ്ത സംഗീതജ്ഞ ആഡിലിന്റെ പ്രവൃത്തിയാണ് കാഴ്ച്ചക്കാരെ അമ്പരിപ്പിച്ചത്. ഈ പുരസ്കാരത്തിന് തന്നേക്കാള്‍ അര്‍ഹയാവുന്നത് കൂട്ടുകാരിയും മികച്ച ഗായികയുമായ ബിയോണ്‍സേ ആണെന്ന് ആഡില്‍ പറഞ്ഞു. തുടര്‍ന്ന് തനിക്ക് ലഭിച്ച ട്രോഫി രണ്ടായി ഒടിച്ച് ആഡില്‍ ബിയോണ്‍സേയ്ക്ക് നല്‍കി.
കരഘോഷത്തോടെയാണ് ആഡിലിന്റെ ഈ പ്രവൃത്തിയെ കാണികള്‍ വരവേറ്റത്. വികാരാധീനയായി വേദിയില്‍ നിന്ന ആഡിലിനെ റെയ്ഹാന അടക്കമുള്ളവരില്‍ നിന്നും കൈയ്യടിയിലൂടെ പ്രചോദിപ്പിക്കുന്ന കാഴ്ചയും കാണികള്‍ക്ക് ദൃശ്യവിരുന്നേകി.
59ആമത് ഗ്രാമി അവാര്‍ഡുകളില്‍ ഈ വര്‍ഷത്തെ മികച്ച ആല്‍ബത്തിനടക്കം അഞ്ച് അവാര്‍ഡുകളാണ് ആഡിലിനെതേടി എത്തിയത്. ഇതോടെ 15 അവാര്‍ഡുകളാണ് ഇവര്‍ വാരിക്കൂട്ടിയിരിക്കുന്നത്. ആകാംഷകള്‍കൊണ്ട് മുള്‍മുനയില്‍ നിര്‍ത്തുന്ന പ്രകടനങ്ങളാണ് പുരസ്‌കാര വേദിയില്‍ മിന്നിമാഞ്ഞത്.