“മോനെ, നിന്റെ മുന്നിൽ ഞാൻ തോറ്റിരിക്കുന്നു,” അഭിമാനത്തോടെ മകനു മുന്നിൽ തലകുനിക്കുകയാണ് അഭിനേത്രി സീനത്ത്. സീനത്തിന്റെ മകൻ നിതിൻ സംവിധാനം ചെയ്ത കന്നി മറാത്തി ചിത്രം ‘എ തിങ് ഓഫ് മാജിക്’ മുംബൈ ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കുകപ്പെട്ടിരിക്കുകയാണ്. മകന്റെ നേട്ടത്തിലുളള അഭിമാനം പങ്കുവയ്ക്കുന്നതിനൊപ്പം, സിനിമയിലേക്കുള്ള അവന്റെ യാത്രയിൽ നിരുത്സാഹപ്പെടുത്തിയതിലുള്ള കുറ്റബോധവും തുറന്നു പറയുകയാണ് സീനത്ത്. സീനത്തിന്റെ ഹൃദയസ്പർശിയായ ഫെയ്സ്ബുക്ക് കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
‘മോനെ, നിന്റെ മുന്നിൽ ഞാൻ തോറ്റിരിക്കുന്നു,’ എന്ന വാക്കുകളോടെയാണ് സീനത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. “എന്റെ മകൻ നിതിന്റെ കന്നി ചിത്രമായ ‘എ തിങ് ഓഫ് മാജിക്’ എന്ന മറാത്തി സിനിമ ഇപ്പോൾ നടക്കുന്ന മുംബൈ ചലച്ചിത്രമേളയിൽ (MAMI) വിജയം കൈവരിച്ചു എന്നറിഞ്ഞപ്പോൾ സന്തോഷം മാത്രമല്ല എനിക്ക് അത്ഭുതം കൂടി ഉണ്ടായി. കൂട്ടത്തിൽ ചെറിയ ഒരു കുറ്റബോധവും. ഞാൻ ഒരിക്കലും കരുതിയില്ല ഇത്രയും വിജയിക്കും എന്ന്. അവനും സുഹൃത്തുക്കളും ഒരു ക്യാമറയും തൂക്കി മഹാരാഷ്ട്രയിലേക്കു വണ്ടി കയറുന്നു സിനിമ എടുക്കാനായി. അതും ചെറിയ ഒരു അമൗണ്ടുമായി. ഞാൻ അവനെ ശെരിക്കും നിരുത്സാഹപ്പെടുത്തി.”
“ഇതൊന്നും നടക്കാത്ത കാര്യമാണ്. നീ വിചാരിക്കുന്നപോലെ അത്ര എളുപ്പമല്ല സിനിമ എടുക്കൽ. പെട്ടെന്ന് വല്ല ജോലിയിലും കയറാൻ നോക്ക്. അല്ലെങ്കിൽ തുടർന്നു പഠിക്കു. സിനിമ തലയ്ക്കു പിടിച്ചാൽ ശരിയാവില്ല; ആൺകുട്ടികൾക്കു ജോലി വേണം. എന്നൊക്കെ പറഞ്ഞു അവനെ നിരന്തരം ശല്യപ്പെടുത്തികൊണ്ടിരുന്നു ഞാൻ. അവസാനം അവൻ എനിക്ക് വാക്ക് തന്നു, മമ്മാ ഞാൻ ഈ ഒരു സിനിമ ചെയ്യട്ടെ അത് കഴിഞ്ഞു എന്താന്നു വച്ചാൽ ചെയ്യാം. അതുവരെ എനിക്ക് സമയം തരണം. അപ്പോഴും ഞാൻ വിട്ടില്ല. ശരി എത്ര സമയം എടുക്കും? ഉത്തരം പെട്ടെന്ന് വന്നു. ഒരു ആറുമാസം. സിനിമ വിജയിച്ചില്ലെകിൽ? തുടർന്നു പഠിക്കാനോ ജോലിക്കോ.. എന്താന്നു വച്ചാൽ ചെയ്യാം. പക്ഷെ അതുവരെ എന്നെ ഫ്രീ ആക്കി വിടണം,” സീനത്ത് കുറിക്കുന്നു.
“മനസ്സില്ലാ മനസ്സോടെ ഞാൻ സമ്മതം മൂളി. എന്റെ അടുത്ത ചോദ്യം, അതിന് പൈസ ആര് തരും.
അവന്റ പപ്പാ കൊടുക്കുന്ന പോക്കറ്റ് മണി മാത്രമാണ് ബാങ്കിൽ ഉള്ളത്.
അതൊക്കെ ഞാൻ ഉണ്ടാക്കും.
നീയോ? ഞാൻ ചിരിച്ചു.
മമ്മയെക്കൊണ്ട് ഇതൊക്കെ ഞാൻ മാറ്റി പറയിക്കും നോക്കിക്കോ.”
മകന്റെ ആ വാക്കുകൾ സത്യമായതിന്റെ സന്തോഷത്തിലാണ് സീനത്ത് ഇപ്പോൾ. ” ഇപ്പോൾ ഇതാ കുട്ടികൾ എടുത്ത സിനിമ മുംബൈ ചലച്ചിത്രമേളയിൽ സ്ഥാനം പിടിച്ചിരിക്കുന്നു. മോനെ നീ പറഞ്ഞപ്പോലെനിന്റെ മുന്നിൽ ഞാൻ തോറ്റിരിക്കുന്നു. സിനിമയോടുള്ള നിന്റെ സമീപനം കണ്ടു ഞാൻ അഭിമാനിക്കുന്നു. എന്റെ മോൻ ഒരുപാട് ഉയരത്തിൽ എത്തട്ടെ. എത്ര ഉയരത്തിൽ എത്തിയാലും നിന്റെ കാഴ്ചപ്പാടും പെരുമാറ്റ രീതികളും മാറാതെ, മാറ്റാതിരിക്കണം. എവിടെയും എപ്പോഴും ഏതു സാഹചര്യത്തിലും നീ നീയായി മാത്രം ഇരിക്കണം . അതുമാത്രം മതി,” സീനത്ത് കുറിക്കുന്നു.
“ഒരു മാസം ഞാനും അഞ്ജുവും കൂടി മഹാരാഷ്ട്രയിലെ പല ഗ്രാമങ്ങൾ സന്ദർശിച്ചു. ആ കാലയളവിൽ അവിടത്തെ ആളുകളും അവരുടെ സംസ്കാരവും ജീവിതശൈലിയുമായെല്ലാം കൂടുതൽ മനസിലാക്കാൻ സാധിച്ചു. അതേ പോലെ എന്റെ കഥയുടെ രൂപവും മാറി മാറി വന്നു. മാജിക്കൽ റിയലിസം കൊണ്ട് വരാനായി കഥയിൽ മാറ്റങ്ങൾ വരുത്തി. ഒരു ഗ്രാമത്തിന്റെ തൊട്ടടുത്ത് ത്രിഡി സിനിമ വരുന്നു എന്നുള്ളതായി കഥ. ആ സിനിമ ഒരാൾ കാണുന്നു, കണ്ടിട്ട് ത്രിഡി കണ്ണട കുട്ടികൾക്ക് സമ്മാനിക്കുന്നു, അതിൽ അത്ഭുതം ഉണ്ടെന്നു പറയുന്നു. കുട്ടികൾ അതിന്റെ അത്ഭുതം എന്താണെന്നു അന്വേഷിക്കുന്നു, ഈ കഥയെ ചുറ്റിപ്പറ്റി ഗ്രാമത്തിലെ മറ്റു രഹസ്യങ്ങൾ ചുരുളഴിയുന്നു. ആ ഒരു മാസം കൊണ്ട് ആനെഗുണ്ടയിൽ ജനിച്ച ആശയം വളരെയധികം രൂപാന്തരപ്പെട്ടു,” ‘എ തിങ് ഓഫ് മാജിക്കി’ലേക്കുള്ള യാത്രയെ കുറിച്ച് നിതിൻ ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് പറഞ്ഞതിങ്ങനെ.
Read more: മലയാളത്തില്‍ നിന്നൊരു മറാത്തി ചിത്രം: നിതിന്‍ അനിലിന്റെ ‘എ തിങ് ഓഫ് മാജിക്’