കൊല്‍ക്കത്ത: ബംഗാളി നടി കാഞ്ചന മോയിത്രയെ റോഡില്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കാന്‍ ശ്രമം. ചൊവ്വാഴ്ച്ച രാത്രി കൊല്‍ക്കത്തയിലെ ശ്രീതി മോരെയില്‍ വെച്ചാണ് സംഭവം നടന്നത്. ടോളിഗഞ്ചില്‍ സിനിമയുടെ ചിത്രീകരണത്തിന് ശേഷം ബെഹലയില്‍ സ്വവസതിയിലേക്ക് മടങ്ങവെയാണ് സംഭവം.

കാര്‍ ഒരു കല്ലില്‍ തട്ടിയതിനെ തുടര്‍ന്ന് ഡ്രെവര്‍ പുറത്തിറങ്ങി പരിശോധിക്കുമ്പോഴാണ് സംഭവം നടന്നത്. മദ്യപിച്ചിട്ടുണ്ടായിരുന്ന 20 വയസ് പ്രായമുളള രണ്ട് പേരാണ് വഴി തടഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചത്. രണ്ട് പേരില്‍ ഒരാളെ വാഹനം ഇടിച്ചിട്ടെന്ന് ആരോപിച്ചാണ് ഇവര്‍ ബഹളം വെച്ചത്. പിന്നാലെ മൂന്നാമതൊരാള്‍ കൂടി സംഘത്തില്‍ ചേര്‍ന്ന് കാഞ്ചനയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞപ്പോള്‍ ഒരാള്‍ വണ്ടിയുടെ താക്കോല്‍ വിന്‍ഡോ വഴി കൈയിട്ട് തട്ടിയെടുത്തു.

തുടര്‍ന്ന് ഭയപ്പെട്ട് പോയ 37കാരിയായ നടിയും ഡ്രൈവറും യുവാക്കളോട് താക്കോല്‍ തിരിച്ച് തരണമെന്ന് അപേക്ഷിച്ചു. എന്നാല്‍ ഡ്രൈവറെ ആക്രമിച്ച യുവാക്കള്‍ നടിയെ പിടിച്ചു തളളുകയും ചെയ്തു. നടിയും ഡ്രൈവറും പരസ്പരം 10 തവണ മുഖത്ത് അടിക്കണമെന്നും ഇല്ലെങ്കില്‍ വെറുതെ വിടില്ലെന്നും യുവാക്കള്‍ ഭീഷണിപ്പെടുത്തി. കൂടാതെ 40 തവണ റോഡില്‍ ഏത്തമിടണമെന്നും പറഞ്ഞതായും നടി പരാതിയില്‍ വ്യക്തമാക്കി.

നടിയുടെ പരാതിയിൽ ആക്രമിക്കാൻ ശ്രമിച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ആക്രമികളിൽ ഉണ്ടായിരുന്ന മൂന്നാമത്തെ പ്രതിയെ അന്വേഷിക്കുകയാണെന്നും എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യുമെന്നും ബെഹല ഡെപ്യൂട്ടി കമ്മീഷണർ മിറാസ് ഖാലിദ് പറഞ്ഞു. അറസ്റ്റ് ചെയ്ത രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ