വിൻസി അലോഷ്യസ് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം ‘രേഖ’ തിയേറ്ററുകളിലെത്തി. കാർത്തിക് സുബ്ബരാജ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത് ജിതിൻ തോമസാണ്. ഉണ്ണി ലാലു, പ്രേമലത തയിനേരി, രാജേഷ് അഴിക്കോടൻ, രഞ്ജി കൺകോൽ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഫെബ്രവരി 11 ന് റിലീസിനെത്തിയ ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടുന്നത്.ചിത്രത്തിനു വേണ്ടത്ര പ്രചരണം ലഭിക്കുന്നില്ലെന്ന് കാണിച്ച് നായിക വിൻസി കുറിപ്പ് പങ്കുവച്ചിരുന്നു. രേഖയുടെ പ്രമോഷൻ സമയത്ത് വിൻസി പ്രണയ സങ്കൽപ്പത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
“എന്റെ പ്രണയങ്ങളെല്ലാം വലിയ പരാജയമായിരുന്നു. ഇഷ്ടം തോന്നിയാൽ ഞാൻ അപ്പോൾ തന്നെ പോയി പറയും. കൂടുതൽ ചിന്തിക്കാനൊന്നും നിൽക്കില്ല. എടുത്തു ചാട്ടം കൂടുതലാണ്. സിനിമകളും, പാട്ടും, കൂട്ടുക്കാരുടെ പ്രണയവുമൊക്കെ എന്നെ സ്വാധീനിച്ചിട്ടുണ്ട്. പക്ഷെ ഇപ്പോൾ ഈ ചിന്താഗതിയ്ക്ക് നല്ല മാറ്റമുണ്ട്” വിൻസി പറഞ്ഞു.
വിവാഹത്തെക്കുറിച്ചും വിൻസി പറയുകയുണ്ടായി.”എനിക്ക് ഇപ്പോൾ 27 വയസ്സുണ്ട്. പക്ഷെ കല്യാണം കഴിക്കണമെന്ന് എനിക്ക് തോന്നിയിട്ടില്ല. ആ തിരുമാനത്തെ വീട്ടുകാരും അംഗീകരിച്ചു. ഒരു പക്ഷെ ഞാൻ സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ 25 വയസ്സാകുമ്പോഴേക്കും വിവാഹം കഴിയുമായിരുന്നു” വിൻസി കൂട്ടിച്ചേർത്തു.
2019ൽ പുറത്തിറങ്ങിയ ‘വികൃതി’ എന്ന ചിത്രത്തിലൂടെയാണ് വിൻസി സിനിമാലോകത്തെത്തുന്നത്. ‘കനകം കാമിനി കലഹം’, ‘ഭീമന്റെ വഴി’, ‘ജന ഗണ മന’ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രം ചെയ്‌തു.