വിൻസി അലോഷ്യസ് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം ‘രേഖ’ തിയേറ്ററുകളിലെത്തി. കാർത്തിക് സുബ്ബരാജ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത് ജിതിൻ തോമസാണ്. ഉണ്ണി ലാലു, പ്രേമലത തയിനേരി, രാജേഷ് അഴിക്കോടൻ, രഞ്ജി കൺകോൽ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഫെബ്രവരി 11 ന് റിലീസിനെത്തിയ ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. എന്നാൽ സോഷ്യൽ മീഡിയയിലൂടെ ചിത്രത്തിലെ നായിക വിൻസി പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.
ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായങ്ങൾ കേൾക്കുന്നുണ്ടെങ്കിലും അധികം തിയേറ്ററുകളിൽ ചിത്രം എത്തിയില്ലെന്ന വിഷമമാണ് വിൻസി പങ്കുവച്ചത്. “ഞങ്ങളുടെ സിനിമ രേഖ വലിയ തിയേറ്ററുകളോ ഷോസോ ഒന്നുമില്ല, ഒരുപാട് കഷ്ടപ്പെട്ട് ചെയ്‌ത സിനിമ, ആളുകൾ ചോദിക്കുന്നു എന്താ ഷോകൾ കുറവാണല്ലോ, ഞങ്ങളുടെ നാട്ടിൽ ഇല്ലല്ലോ എന്നൊക്കെ, സത്യം പറഞ്ഞാൽ നല്ല വിഷമമുണ്ട് ഇങ്ങനെയാവും എന്ന് വിചാരിച്ചില്ല ആകെ ഉള്ളത് ഞങ്ങളുടെ സിനിമയുടെ വിശ്വാസം മാത്രം ഉള്ളൂ, വലിയ സ്റ്റാർ കാസ്റ്റൊന്നും ഇല്ലാത്തതു കൊണ്ട് ഞങ്ങൾക്ക് ഇത്രയൊക്കെ കാര്യങ്ങൾ കിട്ടുകയുള്ളൂ. ഇനി നിങ്ങളുടെ കയ്യിലാണ്.ഉള്ള തിയേറ്ററിൽ ഉള്ള ഷോ അത് കാണാൻ ശ്രമിക്കണം ഇല്ലെങ്കിൽ നാളെ ഞങ്ങളുടെ സിനിമ അവിടെ കാണില്ല. നല്ല അഭിപ്രായങ്ങൾ വരുന്നുണ്ട്. ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്നു” വിൻസി സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഒരു പോസ്റ്റർ പോലും തങ്ങളുടെ ചിത്രത്തിനില്ലെന്നും ഇത് വളരെ വിഷമകരമായ അവസ്ഥയാണെന്നും താരം പറയുന്നു. ‘കഴിയുമെങ്കിൽ തങ്ങൾ ഇന്നു തന്നെ കാണും’ എന്ന കമന്റുകളാണ് പോസ്റ്റിനു താഴെ നിറയുന്നത്. ചിത്രത്തിലെ വിൻസിയുടെ പ്രകടനത്തിനും അഭിനന്ദനങ്ങൾ ഉയർന്നു കേൾക്കുന്നുണ്ട്.
2019ൽ പുറത്തിറങ്ങിയ ‘വികൃതി’ എന്ന ചിത്രത്തിലൂടെയാണ് വിൻസി സിനിമാലോകത്തെത്തുന്നത്. ‘കനകം കാമിനി കലഹം’, ‘ഭീമന്റെ വഴി’, ‘ജന ഗണ മന’ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രം ചെയ്‌തു.