മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ഉര്‍വശി. ഹാസ്യ കഥാപാത്രങ്ങളും ഇമോഷണല്‍ രംഗങ്ങളുമെല്ലാം ഒരേപോലെ ചെയ്ത് ഫലിപ്പിക്കാന്‍ സാധിക്കുന്ന അപൂര്‍വ്വം ചില അഭിനേതാക്കളില്‍ ഒരാള്‍. നന്നായി തിരുവനന്തപുരം ഭാഷ സംസാരിക്കുന്ന നടി എന്ന നിലയിലും ഉർവശി ശ്രദ്ധനേടിയിട്ടുണ്ട്.
ഇപ്പോഴിതാ, കോമഡി സ്റ്റാർസ് വേദിയിൽ തിരുവനന്തപുരം ഭാഷ സംസാരിക്കുന്ന ഉർവശിയുടെ വീഡിയോയാണ് ശ്രദ്ധനേടുന്നത്. സൂരജ് വെഞ്ഞാറമൂടിനെ അരികെ നിർത്തിക്കൊണ്ടാണ് ഉർവശി തിരുവനന്തപുരം സ്ലാങ്ങിൽ കസറുന്നത്.
തിരുവനന്തപുരത്തിന്റെ നാട്ടിൽപുറങ്ങളിൽ സംസാരിക്കുന്ന സ്ലാങ്ങാണ് ഉർവശി സംസാരിക്കുന്നത്. മുട്ടിന് നീരു വന്നെന്നും ആയുർവേദമാണ് ഉപയോഗിക്കുന്നത് എന്നുമെല്ലാം പണ്ടത്തെ അമ്മച്ചിമാർ എങ്ങനെയാണ് പറഞ്ഞിരുന്നത് എന്ന് ഉദാഹരണസഹിതം പറയുകയാണ് ഉർവശി. ഓരോ വാക്കുകളുടെ അർത്ഥവും ഉപയോഗവും. തമിഴ് നാട്ടിലും ശ്രീലങ്കയിലും പോയപ്പോൾ അവിടുത്തെ ഭാഷയ്ക്ക് തിരുവനന്തപുരം സ്ലാങ്ങിനോട് തോന്നിയ സാമ്യത്തെ കുറിച്ചും ഉർവശി സംസാരിക്കുന്നുണ്ട്.
പതിനാലാം വയസിൽ ആദ്യമായി നായികായായി അഭിനയിച്ച വിശേഷങ്ങളും ഷൂട്ടിങ് ലൊക്കേഷനിൽ ഉണ്ടായിട്ടുള്ള രസകരമായ സംഭവങ്ങളുമെല്ലാം ഉർവശി സംസാരിക്കുന്നുണ്ട്.
Also Read: എന്നിലെ കുട്ടിയെ നിലനിർത്താൻ ആഗ്രഹിക്കുന്നു; നദിയ മൊയ്തു അഭിമുഖം
നാടക നടനായ ചാവറ വി പി നായരുടെയും നടി വിജയലക്ഷ്മിയുടെയും മകളായി ജനിച്ച ഉർവശി ബാലതാരമായാണ് തന്റെ അഭിനയജീവിതം ആരംഭിച്ചത്. എട്ടാം വയസ്സിൽ വിടരുന്ന മൊട്ടുകൾ’ എന്ന ചിത്രത്തിൽ ബാലതാരമായാണ് ഉർവശി ആദ്യം അഭിനയിക്കുന്നത്. ഉർവശിയുടെ ചേച്ചിയും നടിയുമായ കൽപ്പനയുടെ ആദ്യ ചിത്രവും ഇതു തന്നെയായിരുന്നു. പിന്നീട് 1979ൽ പുറത്തിറങ്ങിയ ‘കതിർമണ്ഡപം’ എന്ന ചിത്രത്തിൽ ജയഭാരതിയുടെ മകളായും ഉർവശി വേഷമിട്ടു. കുറച്ചേറെ ചിത്രങ്ങളിൽ കൂടി ബാലതാരമായി അഭിനയിച്ച ഉർവശി ആദ്യമായി നായികയാവുന്നത് തന്റെ പതിനാലാം വയസ്സിലാണ്. ‘തൊടരും ഉറവ്’ (1983) ആയിരുന്നു ഉർവശി ആദ്യമായി നായികയായ ചിത്രം, എന്നാൽ ഈ ചിത്രം മൂന്നു വർഷങ്ങൾക്കു ശേഷം 1986ലാണ് തിയേറ്ററുകളിലെത്തിയത്.
ഉർവശി നായികയായി ആദ്യം തിയേറ്ററുകളിലെത്തിയത്, ‘മുന്താണി മുടിച്ചു’ എന്ന തമിഴ് ചിത്രമായിരുന്നു. പിന്നീട് അങ്ങോട്ട് മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലായി 500 ലേറെ സിനിമകളിലാണ് ഉർവശി വേഷമിട്ടത്. അടുത്തിടെ റിലീസിനെത്തിയ’പുത്തം പുതു കാലൈ’, ‘സൂരറൈ പോട്ര്,’ ‘മൂക്കുത്തി അമ്മന്‍’ തുടങ്ങിയ ചിത്രങ്ങളിലൂടെ തുടരുകയാണ് ഉർവശിയെന്ന അഭിനേതാവിന്റെ കലായാത്ര. സിനിമയിൽ നിന്നും ഇടയ്ക്കിടെ ഇടവേളകൾ എടുത്തും തിരിച്ചുവരവിൽ മിന്നും പ്രകടനം കൊണ്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയും വിസ്മയമാകുകയാണ് ഉർവശി.