/indian-express-malayalam/media/media_files/uploads/2022/08/twinkle-khanna.jpg)
ബോളിവുഡിൽ റെക്കോർഡ് പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളാണ് അക്ഷയ് കുമാർ. അടുത്തിടെ ഒരു ചിത്രത്തിനു വേണ്ടി 120 കോടി രൂപയാണ് അക്ഷയ് കുമാർ പ്രതിഫലം വാങ്ങിയതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഏതാണ്ട് 2304 കോടി രൂപയോളമാണ് അക്ഷയ് കുമാറിന്റെ ആസ്തിയെന്നാണ് കണക്ക്.
ബോളിവുഡ് താരവും എഴുത്തുകാരിയും അക്ഷയ് കുമാറിന്റെ ഭാര്യയുമായ ട്വിങ്കിൾ ഖന്ന പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അക്ഷയ് കുമാർ ബോളിവുഡിലെ കോടികൾ വിലയുള്ള താരമായിരിക്കുമ്പോഴും മക്കളായ നിതാരയുടെയും ആരവിന്റെയും വിദ്യഭ്യാസചെലവ് വഹിക്കുന്നത് താനാണെന്നാണ് ട്വിങ്കിൾ പറയുന്നത്. മാത്രമല്ല, ഭർത്താവ് അക്ഷയ് കുമാറുമായി ഒരു ജോയിന്റ് ബാങ്ക് അക്കൗണ്ട് പോലും താൻ പങ്കിടുന്നില്ലെന്നും ട്വിങ്കിൾ ഖന്ന വ്യക്തമാക്കി.
ട്വീക്ക് എന്ന സ്വന്തം ഷോയിൽ, സ്ത്രീകൾ സാമ്പത്തികമായി സുരക്ഷിതമാവേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് ട്വിങ്കിൾ ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.
"എന്റെ ആദ്യ ശമ്പളം 17-ാം വയസ്സിലായിരുന്നു, വളരെ ചെറിയ തുകയായിരുന്നു അത്. ലഡു വാങ്ങാൻ മാത്രമേ അതു തികയുമായിരുന്നുള്ളൂ. എന്നാൽ പിന്നീട് എനിക്ക് ലഭിച്ച ആദ്യത്തെ ചെക്ക്, ഒരു സിൽവർ ഓപൽ കാർ വാങ്ങാനായി ഞാൻ മാറ്റിവച്ചു. ആ കമ്പനി നിർമാണം നിർത്തി, ഇനിയവർ ആ കാർ ഉണ്ടാക്കുമോ എന്ന് പോലും എനിക്കറിയില്ല. എന്നാൽ അക്കാലത്ത് ഒപെൽ അസ്ട്രാസ് വലിയ സംഭവമായിരുന്നു. അതിന്റെ ബാക്കി തുക അടയ്ക്കാൻ അന്നെനിക്ക് ഇഎംഐ വേണ്ടിവന്നു," ട്വിങ്കിൾ പറയുന്നു.
“മക്കളുടെ വിദ്യാഭ്യാസത്തിന് പണം നൽകുന്നത് ഞാനാണെന്ന് ഞാൻ എപ്പോഴും ഉറപ്പാക്കാറുണ്ട്. അമ്മ ആലു പറാത്ത ഉണ്ടാക്കി തന്നുവെന്നു മാത്രമല്ല, വിദ്യാഭ്യാസത്തിനുള്ള പണം തരുന്നതും അമ്മയാണെന്ന് അവർ പറയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു," സംഭാഷണത്തിനിടയിൽ,ഈ വർഷം ഒരു പുതിയ മാസ്റ്റേഴ്സ് കോഴ്സിൽ ചേരാൻ ആവശ്യമായ പണം താൻ സ്വരൂപിച്ചതായും ട്വിങ്കിൾ വെളിപ്പെടുത്തി.
/indian-express-malayalam/media/post_attachments/x77sfadf41qbKTYeyirU.jpg)
തന്റെ വരുമാനത്തിന് അനുസരിച്ചുള്ള ലൈഫ്സ്റ്റൈലാണ് താൻ പിൻതുടരുന്നതെന്നും ട്വിങ്കിൾ കൂട്ടിച്ചേർത്തു. “ഞാൻ ഒന്നിനും അധിക പണം ചെലവഴിക്കാറില്ല. ഒന്നിനും ചെലവഴിക്കാനല്ലെങ്കിൽ ഞാനെന്തിനാണ് ജോലി ചെയ്യുന്നതെന്ന് എന്റെ കുടുംബം എന്നെ കളിയാക്കുമായിരുന്നു. എന്നാൽ ട്വീക്ക് ആരംഭിച്ചപ്പോൾ എന്റെ സേവിംഗ്സ് പൊട്ടിക്കേണ്ടി വന്നു, സ്റ്റാർട്ടപ്പിന് എനിക്ക് പണം ആവശ്യമായിരുന്നു, എനിക്ക് സ്വയം നിക്ഷേപിക്കേണ്ടിവന്നു. മറ്റാരുടെയും നിക്ഷേപം ഞാൻ സ്വീകരിച്ചില്ല."
വിവാഹശേഷം ഇതുവരെ ഭർത്താവിനൊപ്പം ഒരു ജോയിന്റ് ബാങ്ക് അക്കൗണ്ട് പോലും പങ്കിടുന്നില്ലെന്നും ട്വിങ്കിൾ പറഞ്ഞു. “ഞാൻ വിവാഹം കഴിച്ച നാൾ മുതൽ ഇപ്പോൾ വരെ എനിക്ക് ജോയിന്റ് ബാങ്ക് അക്കൗണ്ട് ഇല്ല. അത് എല്ലായ്പ്പോഴും വേറിട്ടുനിൽക്കുന്നു.”
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.