ബോളിവുഡിന്റെ എവർഗ്രീൻ നായികയാണ് തബു, പ്രശസ്തിയിൽ നിന്നും അകന്നു നിന്നൊരു കാലം തബുവിന് ഉണ്ടായിട്ടില്ല. ഇപ്പോൾ 50 വയസ്സുള്ള, തബുവിന്റെ കരിയർ മൂന്ന് പതിറ്റാണ്ടിലേറെയായി സജീവമാണ്. അസാധാരണമാംവിധം കഴിവുള്ള ഒരു അഭിനേത്രിയെന്ന നിലയിൽ മാത്രമല്ല, പ്രായത്തെ തോൽപ്പിക്കുന്ന തബുവിന്റെ ലുക്കും ഗ്ലാമറും ആരാധകർക്കിടയിൽ ചർച്ചയാവാറുണ്ട്.
ഈ റിവേഴ്സ് ഏജിംഗിന് എന്താണ് ചെയ്യുന്നതെന്ന ചോദ്യത്തിന് തബു നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “ഒരു രഹസ്യവുമില്ല). എന്റെ മേക്കപ്പ് ആർട്ടിസ്റ്റായ മിതാലി എന്നോട് പറയുകയായിരുന്നു, ‘മാഡം, ചർമ്മം നന്നായി കാണപ്പെടുന്നു, നിങ്ങൾ എന്തെങ്കിലും പൊടികൈകൾ ചെയ്യുന്നുണ്ടോ?’ ചില ദിവസങ്ങളിൽ, ഞാൻ അവളോട് പറയും, ഞാൻ കുറച്ച് കാപ്പി പൊടിയിടും, ചില പച്ചിലകളും. അവൾ പറയും, ‘നിങ്ങളങ്ങനെ ചെയ്യരുത്, നിങ്ങൾ ഈ ക്രീം ഉപയോഗിക്കണം’, അവൾ 50,000 രൂപയുടെ ക്രീം നിർദ്ദേശിക്കും. ഒരിക്കൽ ഞാൻ വാങ്ങി, പക്ഷേ ഇനിയൊരിക്കലും വാങ്ങില്ല,” ചിരിയോടെ തബു പറയുന്നു.
സന്തോഷമാണോ ഈ ലുക്കിനു പിന്നിലെ രഹസ്യമെന്ന ചോദ്യത്തിന്, അതിൽ ചിലത് ജീനുകൾ കാരണമാകുമെന്ന് തബു പറയുന്നു. “എന്റെ മുഖത്തിനോ ശരീരത്തിനോ വേണ്ടി ഞാൻ ബോധപൂർവ്വം ഒന്നും ചെയ്യുന്നില്ല, പക്ഷേ തീർച്ചയായും, ഞാൻ ബോധവതിയാണ്. ഞാൻ ഒരു പ്രത്യേക വഴി നോക്കുന്നതാണ് നല്ലത്. യാതൊന്നും ഞാൻ മനഃപൂർവം നശിപ്പിക്കുന്നില്ല. എല്ലാവരും മനോഹരമായി കാണാനും നന്നായി പ്രസന്റ് ചെയ്യപ്പെടാനും ഫിറ്റായിരിക്കാനും ആരോഗ്യവും സന്തോഷവും നിലനിർത്താനും ആഗ്രഹിക്കുന്നു. ഞാനും അതിനായി എന്റെ പരമാവധി ശ്രമിക്കുന്നു,” തബു പറയുന്നു.
മഖ്ബൂൽ, ദി നെയിംസേക്ക് തുടങ്ങിയ ചിത്രങ്ങളിൽ അടുത്തിടെ മികച്ച പ്രകടനമാണ് തബു കാഴ്ച വച്ചത്. ഏറ്റവും ഒടുവിലെത്തിയ ഭൂൽ ഭുലയ്യ 2വും തബുവിന്റെ വലിയ ഹിറ്റുകളിലൊന്നാണ്. നെറ്റ്ഫ്ലിക്സ് ചിത്രമായ ഖുഫിയയിൽ സംവിധായകൻ വിശാൽ ഭരദ്വാജുമായി വീണ്ടും ഒന്നിക്കുകയാണ് തബു.