കൊച്ചി: സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ആഭ്യന്തര പരാതിപരിഹാര സമിതിയിൽനിന്ന് ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിവച്ചു. ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്നും തിങ്കളാഴ്ച മാല പാർവതിയും രാജിവച്ചിരുന്നു. ലൈംഗിക പീഡന പരാതിയിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് മൂവരുടെയും രാജി. വിജയ് ബാബുവിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ശ്വേത മേനോൻ ചെയർപേഴ്സണായ അഞ്ചംഗ സമിതി റിപ്പോർട്ട് നൽകിയിരുന്നു.
എന്നാൽ ഞായറാഴ്ട ചേർന്ന ‘അമ്മ’ എക്സിക്യൂട്ടീവ് യോഗം ആഭ്യന്തര പരാതിപരിഹാര സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചില്ല. പകരം മാറി നിൽക്കാൻ സന്നദ്ധനാണെന്ന വിജയ് ബാബുവിന്റെ കത്ത് അംഗീകരിക്കുകയാണ് ചെയ്തത്. ഈ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് ഇപ്പോൾ ആഭ്യന്തര പരാതിപരിഹാര സമിതിയിൽനിന്ന് ചെയർപേഴ്സൺ ശ്വേത മേനോൻ ഉൾപ്പെടെയുള്ളവരുടെ കൂട്ടരാജി.
നിരപരാധിത്വം തെളിയിക്കുന്നതുവരെ മാറിനില്‍ക്കാമെന്നാണ് വിജയ് ബാബു അമ്മയ്ക്ക് നൽകിയ കത്തിൽ അറിയിച്ചത്. തന്റെ പേരില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങൾ സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കാന്‍ ആഗ്രഹിക്കാത്തതിനാലാണ് മാറിനില്‍ക്കുന്നതെന്നും വിജയ് ബാബു സംഘടനയെ അറിയിച്ചു. ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ് വിജയ് ബാബു.
യുവനടിയുടെ പരാതിയിൽ പൊലീസ് വിജയ് ബാബുവിനെതിരെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് വിദേശത്തേക്ക് കടന്ന നടൻ ഫെയ്സ്ബുക്ക് ലൈവിലൂടെ നടിയുടെ പേര് വെളിപ്പെടുത്തിയത് വലിയ വിവാദമായിരുന്നു. നിലവിൽ വിദേശത്തുള്ള വിജയ് ബാബുവിനെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് പൊലീസ്. നടന്റെ പേരിൽ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതിനിടെ മറ്റൊരു യുവതിയും വിജയ് ബാബുവിനെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരുന്നു. മുൻകൂർ ജാമ്യാപേക്ഷയുമായി നടൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മേയ് 16ന് ഹർജി കോടതി പരിഗണിക്കും.
Also Read: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടു: മന്ത്രി പി. രാജീവ്