ചെറിയ വേഷങ്ങളിൽ തുടങ്ങി പിന്നീട് മലയാളത്തിലെ മുൻനിര നായികമാരുടെ കൂട്ടത്തിലേക്ക് എത്തിയ നടിയാണ് സുരഭി ലക്ഷ്മി. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാർഡും സുരഭിയെ തേടിയെത്തി.
തന്റെ സ്കൂൾകാലഘട്ടത്തിലെ ഒരു ഓർമചിത്രം ഷെയർ ചെയ്തിരിക്കുകയാണ് സുരഭി ഇപ്പോൾ. “പത്താംക്ലാസിലെ പത്തരമാറ്റുള്ളൊരു ഓർമ്മ,” എന്നാണ് ചിത്രത്തിന് സുരഭി നൽകിയ അടിക്കുറിപ്പ്.
കോഴിക്കോട് ജില്ലയിലെ നരിക്കുനി സ്വദേശിനിയാണ് സുരഭി. വടകര വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നാണു സുരഭി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അതിനു ശേഷം കാലടി ശ്രീശങ്കര സർവകലാശാലയിൽ നിന്നും ഭരതനാട്യത്തിൽ ഒന്നാം റാങ്കോടെ ബിരുദവും പിന്നീട് തിയേറ്റർ ആർട്സിൽ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദവും നേടി.
കഥയിലെ രാജകുമാരി എന്ന ടെലിവിഷൻ പരമ്പരയിലും ഏതാനും പരസ്യചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുള്ള സുരഭിയെ പ്രശസ്തയാക്കിയത് മീഡിയാ വൺ ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന എം80 മൂസ എന്ന ഹാസ്യപരമ്പരയാണ്. ഈ പരമ്പരയിലെ പാത്തു എന്ന കഥാപാത്രം മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ സുരഭിയ്ക്ക് വലിയ സ്വീകാര്യത നേടി കൊടുത്തു.
നാടകലോകത്തും സുരഭി തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. സുവർണ തിയേറ്റേഴ്സിന്റെ യക്ഷിക്കഥകളും നാട്ടുവർത്തമാനങ്ങളും എന്ന നാടകത്തിലെ അഭിനയത്തിനു 2010ലും കെ. വിനോദ് കുമാർ വളാഞ്ചേരി സംവിധാനം ചെയ്ത ബോംബെ ടെയ്ലേഴ്സ് എന്ന നാടകത്തിലെ അഭിനയത്തിനു 2016 ലും സുരഭിക്ക് മികച്ച നടിക്കുള്ള കേരള സംഗീതനാടക അക്കാദമി പുരസ്കാരം ലഭിച്ചു.
ബൈ ദി പീപ്പിൾ ആയിരുന്നു സുരഭിയുടെ അരങ്ങേറ്റ ചിത്രം. പിന്നീട് തിരക്കഥ, പകൽ നക്ഷത്രങ്ങൾ, ഗുൽമോഹർ, പുതിയമുഖം, തത്സമയം ഒരു പെൺകുട്ടി, ഏഴു സുന്ദരരാത്രികൾ, എന്നു നിന്റെ മൊയ്തീൻ, ഉട്ട്യോപയിലെ രാജാവ്, തീവണ്ടി, അതിരൻ, വികൃതി, കുറുപ്പ് എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. കള്ളൻ ഡിസൂസ, പത്മ എന്നിവയാണ് സുരഭി നായികയായി അടുത്തിടെ തിയേറ്ററുകളിൽ എത്തിയ ചിത്രങ്ങൾ.