തീർത്തും അപ്രതീക്ഷിതമായി സുബി സുരേഷിന്റെ മരണവാർത്ത തേടിയെത്തിയതിന്റെ നടുക്കത്തിലാണ് മലയാള സിനിമ-ടെലിവിഷൻ ലോകം. എപ്പോഴും ചിരിച്ചും ചിരിപ്പിച്ചും സൗഹൃദം പങ്കിട്ട ഒരു പ്രിയകൂട്ടുകാരിയെയാണ് പലർക്കും നഷ്ടമായിരിക്കുന്നത്. പൊതുവെ സ്ത്രീകൾ അധികം തിളങ്ങാത്ത മിമിക്രി-കോമഡി മേഖലയായിരുന്നു സുബി സുരേഷിന്റെ തട്ടകം. രണ്ടു പതിറ്റാണ്ടോളമായി കോമഡി സ്കിറ്റുകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും സിനിമകളിലൂടെയും മലയാളികളുടെ കാഴ്ചവട്ടത്ത് നിറഞ്ഞുനിന്ന സുബി ഇനിയില്ലെന്ന സത്യത്തെ ഉൾകൊള്ളാൻ പലർക്കും കഴിയുന്നില്ല.
സുബിയുമായുള്ള സൗഹൃദത്തെ കുറിച്ച് ഓർക്കുകയാണ് നടി സുരഭി ലക്ഷ്മി. “സുബി ചേച്ചി വിളിക്കുമ്പോൾ നമ്മൾ ഏത് മൂഡിലാണെങ്കിലും ഫോൺ വെയ്ക്കുമ്പോൾ നമ്മൾ ചിരിച്ച് മറിയും. “ഇല്ലത്തെന്തുണ്ട് സുഭദ്രേ വിശേഷം?” എന്ന് ചോദിച്ചാണ് വിളിക്കുക. പിന്നെ ഇല്ലത്തെ സംസാരമൊക്കെ കഴിഞ്ഞാണ് പറഞ്ഞു പിരിയുക. കഴിഞ്ഞ മാസം വിളിക്കുമ്പോഴും രോഗത്തിൻ്റെ കാര്യം പറയുകയോ ഒന്നും ചെയ്തില്ല. എനിക്ക് ദേശീയ അവാർഡ് കിട്ടിയപ്പോൾ “നമ്മൾ കോമഡി ചെയ്യുന്നവർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക്, നിനക്ക് കിട്ടിയ അവാർഡ് നമ്മൾക്ക് എല്ലാവർക്കും കിട്ടിയത് പോലെയാണ്” എന്ന് പറഞ്ഞു വിളിച്ചത് ഇപ്പോഴും ഓർക്കുന്നു.. പ്രിയപ്പെട്ട എന്റെ ചേച്ചിക്ക് ആദരാഞ്ജലികൾ.”
ചിരിയോടെ അല്ലാതെ അവളെ ഞാൻ കണ്ടിട്ടില്ല: രഞ്ജിനി ജോസ്
എപ്പോഴും ചിരിക്കുന്ന മുഖമായിരുന്നു സുബിയ്ക്ക് എന്നാണ് ഗായിക രഞ്ജിനി ജോസ് ഓർക്കുന്നത്. ” കോളേജ് കാലം മുതൽ അവളെ ചിരിയോടെയല്ലാതെ കണ്ടിട്ടില്ല. അവൾ വളരെ ശക്തയായിരുന്നു. ഒരു വ്യക്തിയെന്ന നിലയിലും കലാകാരിയെന്ന നിലയിലും അവളുടെ എല്ലാ ഗുണങ്ങളോടും എനിക്ക് ആദരവായിരുന്നു. ക്ഷമിക്കണം സുബീ, നീ കഷ്ടപ്പെടുന്നത് ഞാൻ അറിഞ്ഞിരുന്നില്ല,” രഞ്ജിനിയുടെ വാക്കുകളിങ്ങനെ.