സിനിമാതാരങ്ങൾ അതിവേഗത്തിൽ വണ്ടിയോടിച്ച് അപകടങ്ങൾ വരുത്തിയ വാർത്തകൾ നമ്മൾ മുൻപു കേട്ടിട്ടുണ്ട്. എന്നാൽ ഇവിടെ മനുഷ്യത്വം കൊണ്ട് മാതൃകയായിരിക്കുകയാണ് നടി സുരഭി ലക്ഷ്മി. നടുറോഡിൽ ആപത്തിൽ പെട്ടുകിടക്കുന്ന ഒരു മനുഷ്യന്റെ ജീവൻ രക്ഷിക്കാനായി അയാളെ എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു സുരഭി.
ഏപ്രിൽ 12ന് രാത്രി സുഹൃത്തിന്റെ വീട്ടിൽ ഇഫ്താർ പാർട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് തൊണ്ടയാട് ബൈപാസിനു അടുത്തു അസ്വഭാവികമായ രീതിയിൽ ഒരു ജീപ്പ് നിർത്തിയത് സുരഭി കണ്ടത്. അടുത്ത ബിൽഡിംഗിലെ സെക്യൂരിറ്റി ജീവനക്കാർ സഹായത്തിനായി സുരഭിയുടെ കാറിനു മുന്നിലും കൈനീട്ടി. സംഭവം അന്വേഷിച്ചപ്പോഴാണ്, നിർത്തിയിട്ടിരിക്കുന്ന ജീപ്പിന്റെ ഡ്രൈവർ സീറ്റിൽ കുഴഞ്ഞിരിക്കുന്ന യുവാവിനെ സുരഭി കണ്ടത്.
മാനസികാസ്വാസ്ഥ്യമുള്ള ഭാര്യയേയും കുഞ്ഞിനെയും അന്വേഷിച്ച് ഇറങ്ങിയതായിരുന്നു ആ യുവാവ്. രണ്ട് കൂട്ടുകാരെയും ഇളയ കുട്ടിയേയും കൂട്ടി യുവാവ് പൊലീസ് സ്റ്റേഷനിലേക്ക് പുറപ്പെട്ടു. യാത്രാ മധ്യേ യുവാവിന് നെഞ്ച് വേദന അനുഭവപ്പെട്ടു. കൂടെയുള്ള സുഹൃത്തുക്കൾക്ക് ഡ്രൈവിംഗ് അറിയാത്തതിനാൽ അവർ പുറത്തിറങ്ങി അതുവഴി പോയ വാഹനങ്ങൾക്ക് കൈകാണിച്ചെങ്കിലും ആരും സഹായിക്കാൻ മുതിർന്നില്ല. അതിനിടെയാണ് സുരഭി ആ വഴിയെത്തിയത്.
വണ്ടി നിർത്തി യുവാവിനെയും കൂട്ടുകാരെയും കുട്ടിയേയും കാറിൽ കയറ്റിയ സുരഭി ഉടനെ അവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. യുവാവിനെയും ഒരു സുഹൃത്തിനെയും ആശുപത്രിയിലാക്കിയ ശേഷം കുഞ്ഞിനേയും കൂടെയുണ്ടായിരുന്നു മറ്റൊരു സുഹൃത്തിനെയും പൊലീസ് സ്റ്റേഷനിലെത്തിക്കാനും സുരഭി മറന്നില്ല. എന്നാൽ, സമയോചിതമായി ഇടപെട്ടിട്ടും ആ യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല എന്ന സങ്കടത്തിലാണ് സുരഭി ഇപ്പോൾ.
“ഇഫ്താർ പാർട്ടി കഴിഞ്ഞുവരുമ്പോഴായിരുന്നു സംഭവം. തൊണ്ടയാട് ബൈപാസിനു താഴെ പണിനടന്നുകൊണ്ടിരിക്കുന്ന ഒരു ബിൽഡിംഗിന് അടുത്ത് റോഡിലേക്ക് കയറ്റി നിർത്തിയ നിലയിലായിരുന്നു ആ ജീപ്പ് കിടന്നത്. ആ ബിൽഡിംഗിലെ സെക്യൂരിറ്റി ചേട്ടന്മാരാണ് എന്റെ വണ്ടിയ്ക്ക് കൈനീട്ടി സഹായം ചോദിച്ചത്. ജീപ്പിന്റെ ഡ്രൈവിംഗ് സീറ്റിൽ ഒരാൾ കുഴഞ്ഞിരിപ്പുണ്ടായിരുന്നു. ആകെ വിയർത്തതു പോലെയായിരുന്നു ഇരുന്നത്, അറ്റാക്കോ സ്ട്രോക്കോ വന്നതാണെന്നാണ് ഞാൻ കരുതിയത്. നടക്കാൻ പോലും വയ്യാത്ത രീതിയിൽ ക്ഷീണിതനായിരുന്നു അയാൾ. കുഴഞ്ഞിരുന്ന അയാളെ അവരെല്ലാം കൂടി താങ്ങിയെടുത്താണ് വണ്ടിയിലേക്ക് കയറ്റിയത്.”
“ഞാനെന്റെ ജീവിതത്തിൽ ആദ്യമായാണ് അത്രയും വേഗത്തിൽ വണ്ടിയോടിച്ചത്. ഹോണിന്റെ മുകളിൽ നിന്നും കയ്യെടുത്തതേയില്ല. അയാളെ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കുകയെന്നു മാത്രമേ അപ്പോൾ ഉണ്ടായിരുന്നുള്ളൂ. അയാളെയും ഒരു കൂട്ടുകാരനെയും മെഡിക്കൽ കോളേജിൽ ഇറക്കിയതിനു ശേഷം കുട്ടിയേയും കൂടെയുണ്ടായിരുന്ന അയൽക്കാരനെയും പൊലീസ് സ്റ്റേഷനിലും എത്തിച്ചു. അത്രയൊക്കെ ചെയ്തിട്ടും അയാളുടെ ജീവൻ രക്ഷിക്കാനായില്ലല്ലോ എന്നതിൽ സങ്കടമുണ്ട്,” സുരഭി ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.
“ഒരു പൗരൻ എന്ന രീതിയിൽ ചെയ്യേണ്ട കാര്യം മാത്രമേ ഞാൻ ചെയ്തുള്ളൂ. ഞാൻ ഒറ്റയ്ക്കേ വണ്ടിയിൽ ഉണ്ടായിരുന്നുള്ളൂ, എനിക്കും കടന്നുപോവാമായിരുന്നു. പക്ഷേ എന്റെ മനസ്സു പറഞ്ഞ കാര്യമാണ് ഞാനപ്പോൾ ചെയ്തത്. ജീവിതത്തിൽ റീടേക്ക് ഇല്ലല്ലോ. നാളെ അയാളെ രക്ഷിക്കാൻ ശ്രമിച്ചില്ലല്ലോ എന്ന് കുറ്റബോധം തോന്നരുതല്ലോ. ഇത് വാർത്തയാവുമെന്നോർത്ത് ഒന്നും ചെയ്തല്ല. ആ സെക്യൂരിറ്റി ചേട്ടന്മാർ ഒരുപാട് വണ്ടികൾക്ക് കൈകാട്ടി, അവരാരും നിറുത്താതെ കടന്നുപോയി എന്നാണ് പറഞ്ഞത്. ആരെങ്കിലും കുറച്ചു സമയം മുൻപ് വണ്ടി നിർത്തി അയാളെ ഹോസ്പിറ്റലിൽ എത്തിക്കാൻ തയ്യാറായിരുന്നെങ്കിൽ അയാൾ രക്ഷപ്പെടുമായിരുന്നല്ലോ എന്നാണ് ഞാനിപ്പോൾ ഓർക്കുന്നത്. ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന കാര്യമല്ലേ ഇത്,” സുരഭി കൂട്ടിച്ചേർത്തു.
പാലക്കാട് പട്ടാമ്പി വിളയൂർ പഞ്ചായത്തിൽ വയലശേരി മുസ്തഫ ആണ് മരിച്ചത്.