സിനിമയിൽനിന്നും വിട്ടുനിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും സുചിത്ര എന്ന നടിയെ മലയാളികൾ മറന്നിട്ടില്ല. സുചിത്രയുടെ പിറന്നാൾദിനത്തിൽ ഫെയ്സ്ബുക്ക് പേജ് മുഴുവൻ ആശംസകൾ കൊണ്ട് നിറഞ്ഞതും ഇപ്പോഴും മലയാളികളുടെ മനസ്സിൽ സുചിത്ര നിറഞ്ഞുനിൽക്കുന്നതിന്റെ തെളിവാണ്. മറക്കാതെ തനിക്ക് പിറന്നാൾ സന്ദേശം അയച്ച പ്രേക്ഷകരുടെ സ്നേഹത്തിന് മറുപടി നൽകാതിരിക്കാൻ സുചിത്രയ്ക്കും കഴിഞ്ഞില്ല. ഒടുവിൽ സുചിത്ര തന്നെ ഫെയ്സ്ബുക്ക് വിഡിയോയിലൂടെ നേരിട്ട് നന്ദി പറയാനെത്തി.

”നിങ്ങളെല്ലാവരോടും ഒരുവാക്ക് നന്ദി പറയാനാണ് ഞാനിവിടെ എത്തിയിരിക്കുന്നത്. ഏപ്രിൽ 17ന് പിറന്നാളിന്റെ അന്ന് ലോകമെമ്പാടുമുള്ള വിവിധ ഭാഗങ്ങളിൽ നിന്നും പിറന്നാൾ സന്ദേശങ്ങളും വിഷസും അയച്ച പ്രേക്ഷകർക്ക് നന്ദി പറയുന്നു. ഒരു മെസേജ് പോലും തിരിച്ച് അയക്കുമെന്ന പ്രതീക്ഷയില്ലാതെയാണ് ഇവരെല്ലാം എനിക്ക് മെസേജ് അയച്ചത്. എല്ലാവരുടെയും സന്ദേശം ഞാൻ കണ്ടു. എന്റെ മനസ്സിൽ തൊട്ടു. ഒരു കലാകാരിയ്ക്ക് ഏറ്റവുമധികം സന്തോഷം നൽകുന്ന ഒന്നുകൂടിയാണിത്. പതിനഞ്ച് വർഷമായി സിനിമാരംഗത്തുനിന്നും വിട്ടുനില്‍ക്കുകയാണ് ഞാൻ. എന്നിട്ടും എന്നെ ഓർക്കുന്നു എന്നതിൽ വളരെ സന്തോഷം. എല്ലാവർക്കും ഈശ്വരൻ ആയുരാരോഗ്യവും സന്തോഷവും നൽകുന്നതിനു വേണ്ടി ഞാൻ പ്രാർഥിക്കുന്നു”- വിഡിയോയിലെ സുചിത്രയുടെ വാക്കുകൾ.

1978ൽ ആരവം എന്ന സിനിമയിലൂടെ ബാലതാരമായാണ് സുചിത്ര വെളളിത്തിരയിലെത്തിയത്. മലയാളം, തമിഴ് ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 2002 ല്‍ ഐവി ശശി സംവിധാനം ചെയ്ത ആഭരണചാര്‍ത്ത് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. വിവാഹത്തോടെ സിനിമാ ജീവിതത്തോട് വിട പറഞ്ഞു. അമേരിക്കയിലെ കാന്‍സാസ് സിറ്റിയിലെ സോഫ്റ്റ്‌വെയര്‍ എൻജിനിയർ മുരളീധരനാണ് ഭർത്താവ്. കുടുംബവുമൊത്ത് അമേരിക്കയിലാണ് സുചിത്രയുടെ താമസം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ